വേനലിനും മുൻപേ കുടിവെള്ളം കിട്ടാക്കനിയായിട്ടും ഉള്ള ജലസ്രോതസ്സുകകളുടെ സംരക്ഷണത്തിൽ ജനങ്ങളും അധികൃതരും  അലംഭാവം തുടരുകയാണ്. തടയണകളുടെ മാത്രം ബലത്തിൽ ചില ഭാഗങ്ങളിൽ മീനച്ചിലാറിനെ ഇപ്പോൾ കാണാം. മാലിന്യം കലർന്ന പ്ലാസ്റ്റിക്, ഡയപ്പർ, സാനിട്ടറി നാപ്കിൻ, പൊട്ടിയ പൈപ്പുകളിലൂടെയും തുറന്നിരിക്കുന്ന പൈപ്പുകൾ വഴിയും അരിച്ചിറങ്ങുന്ന ശുചിമുറി മാലിന്യം ഇങ്ങനെ കണ്ണുകൾ കൊണ്ട് കാണാവുന്നതും അല്ലാത്തതുമായ മലിന വസ്തുക്കളാണു ജില്ലയുടെ ഭൂരിഭാഗം മേഖലകളുടെയും ദാഹമകറ്റുന്ന മീനച്ചിലാറിനുള്ളത്. 

കലങ്ങി മറിഞ്ഞെത്തിയ പ്രളയത്തിരയിൽ മാലിന്യം കുറേയേറെ ഒഴുകിപ്പോയെങ്കിലും അതിവേഗം  മലിനമാവുകയാണു മീനച്ചിലാർ. വേനൽ കനക്കും മുൻപേ ഒഴുക്കു നിലച്ച് കെട്ടിക്കിടക്കുന്ന മലിനജലാശയമായി മീനച്ചിലാർ.

അരുത്, അത്   കുടിക്കരുത്

2017 മുതൽ 2019 ജനുവരി 15 വരെ നടത്തിയ കിണറുകളിലെ ജലത്തെപ്പറ്റി നടത്തിയ ദീർഘ പഠനത്തിലെ ഫലം നെഞ്ചിടിപ്പു കൂട്ടും. 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും 4 നഗരസഭാ പ്രദേശങ്ങളിലെയും മീനച്ചിൽ നദീതടങ്ങളിൽ നിന്നെടുത്ത 637 വെള്ള സാംപിളുകളിൽ 538 ഇടങ്ങളിലെ വെള്ളം നേരിട്ടു കുടിക്കുന്നയാൾ മഹാരോഗിയായി മാറും. 

ഇവയിൽ 138 ഇടങ്ങളിൽ നിന്നുള്ള വെള്ളത്തിൽ തീവ്ര അമ്ലത്വ സ്വഭാവമുള്ളതുമാണ്. കടുത്തുരുത്തി ബ്ലോക്കിലെ കല്ലറ, തലയോലപ്പറമ്പ്, മാഞ്ഞൂർ, വെള്ളൂർ മേഖലകളിലെ സാംപിളുകൾ പരിശോധിച്ചതിൽ ഒന്നും ഉപയോഗയോഗ്യമല്ലെന്നു കോട്ടയം ട്രോപ്പിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ കണ്ടെത്തി.

ഫീക്കൽ കോളിഫോം

ആറുമാനൂർ, പുന്നത്തുറ, പാലാ, തിരുവഞ്ചൂർ, ഇറഞ്ഞാൽ, ഇല്ലിക്കൽ, കിടങ്ങൂർ എന്നിവിടങ്ങളിലെ മീനച്ചിലാറിൽ നിന്നു ശേഖരിച്ച വെള്ളത്തിൽ കലർന്ന ഫീക്കൽ കോളിഫോം ബാക്ടീരിയ ഇനി എണ്ണാനൊക്കില്ല. ഫീക്കൽ കോളിഫോം കൗണ്ട് (എഫ്സി കൗണ്ട്) ഇൗ ഭാഗങ്ങളിലെല്ലാം പരമാവധിക്കും മുകളിലായ 2400+ ആണ്. 

കുടിക്കാനുള്ള വെള്ളത്തിൽ ഒരു ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ പോലും സാന്നിധ്യം  പാടില്ലെന്നാണു ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ മീനച്ചാലാറിന്റെ ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വെള്ളത്തിലും അതിതീവ്രമായ തരത്തിലാണ് ഫീക്കൽ കോളിഫോം സാന്നിധ്യം.