തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്ത് ഇറച്ചിമാലിന്യം തള്ളുന്നതു തടയാനാകാതെ അധികൃതർ. വിമാനങ്ങൾക്ക് ഭീഷണിയാകുന്ന പക്ഷിക്കൂട്ടം പ്രദേശത്ത് പെരുകുന്നതിനു കാരണമായ മാലിന്യം വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലും നിർബാധം തുടരുന്നു. വിമാനങ്ങളിൽ പക്ഷിയിടി രൂക്ഷമായതിനെത്തുടർന്നു മാലിന്യനിർമാർജനത്തിനായി പല നടപടികൾ സ്വീകരിച്ചെങ്കിലും പൂർണമായും ഫലപ്രദമല്ലെന്നു പൊന്നറ പാലത്തിനു സമീപത്തുള്ള കാഴ്ചകൾ സൂചിപ്പിക്കുന്നു.

വിഡിയോ വൈറൽ!

രാജ്യാന്തര വിമാനത്താവളത്തിനിടുത്തുള്ള പാർവതി പുത്തനാറിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ.

പൊന്നറ പാലത്തിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിനു ചുറ്റും പക്ഷികൾ പറക്കുന്നതും അതിനിടെ വിമാനം ലാൻഡ് ചെയ്യുന്നതുമായി വിഡിയോ അടുത്തയിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു ശേഷം ആ ഭാഗത്തെ മാലിന്യങ്ങൾ ഒരു പരിധി വരെ നീക്കിയെങ്കിലും പാർവതീപുത്തനാറിലെ മാലിന്യം നീക്കാൻ നടപടികളുണ്ടായില്ല.

റോഡരികിനോടു ചേർന്നുള്ള സിമന്റ് ബീമിനിടയിലാണ് മാലിന്യം തള്ളുന്ന മറ്റൊരു സ്ഥലം. റോഡിൽ നിന്ന് ഒറ്റനോട്ടത്തിൽ കാണാൻ കഴിയില്ലെന്നതാണ് ഹൈലൈറ്റ്! രാത്രികാലങ്ങളിൽ വാഹനങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നതെന്നു നാട്ടുകാർ പറയുന്നു. പൊന്നറ പാലത്തിനടുത്തുള്ള ഗ്രൗണ്ടിലും മാലിന്യമുണ്ട്.

കുറെ ഭാഗങ്ങൾ ക്ലീൻ!

ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് ശംഖുമുഖത്തേക്കുള്ള റോഡിൽ പണ്ട് മാലിന്യ കേന്ദ്രങ്ങളായിരുന്ന പലയിടത്തും ശുചീകരണം കാര്യക്ഷമമാണ്. ചില സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും വേലിയും സ്ഥാപിച്ചിട്ടുണ്ട്. റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്യാമറയും സ്ഥാപിച്ചത് ഒരു പരിധി വരെ സഹായകരമായിട്ടുണ്ട്. അതേസമയം, ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷന് സമീപവും ചില സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതു പതിവാണ്.