വാഷിങ് മെഷീനിൽ തുണി അലക്കുന്നതു നമ്മുടെ കാലാവസ്ഥയ്ക്കു തിരിച്ചടിയാണെന്ന് ആരെങ്കിലും കരുതുമോ? നിരുപദ്രവകരമെന്നു കരുതാമെങ്കിലും അതിലുമുണ്ട് ചെറിയൊരു അപകടം. പ്ലാസ്റ്റിക് ചേർന്ന തുണികളാണു നമ്മൾ ഇക്കാലത്ത് അധികവും ഉപയോഗിക്കുന്നത്. വാഷിങ് മെഷീനിലെ ശക്തിയേറിയ അലക്കിൽ തുണികളിൽനിന്നു വേർപെടുന്ന പ്ലാസ്റ്റിക് തരികൾ വെള്ളത്തിൽ ചേരും. ഇവ ഒഴുകി ഒടുവിലെത്തുന്നതു കടലിലാണ്. ഇപ്പോൾ, ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള കടൽജലം പരിശോധിച്ചാലും അതിൽ മെക്രോ പ്ലാസ്റ്റിക് അംശം കണ്ടെത്താം.

അഭിലാഷ് ടോമി

കരയും കടലും രണ്ടല്ല, ഒന്നാണെന്നാണ് ഞാൻ നടത്തിയ കടൽപ്രയാണങ്ങൾ പഠിപ്പിച്ചത്. കരയിലെ ഓരോ കൈവിട്ട പ്രവർത്തനത്തിലും കരയുന്നതു കടലാണ്. ആദ്യകാല നാവികരുടെ യാത്രാനുഭവങ്ങൾ ഏറെ വായിച്ച ശേഷമാണ് ഞാൻ ഓരോ പായ്‌വഞ്ചി പ്രയാണത്തിനും തയാറെടുത്തിരുന്നത്. യാത്രയ്ക്കിടെ കടലിൽ കണ്ട വിവിധ പക്ഷികളെക്കുറിച്ചും മീനുകളെക്കുറിച്ചുമെല്ലാം അവർ എഴുതിയിരുന്നു. പക്ഷേ, എനിക്ക് അവയിൽ പകുതി പക്ഷികളെപ്പോലും കാണാൻ സാധിച്ചില്ല. മീനുകളുടെ കാര്യത്തിലും ഇതായിരുന്നു അവസ്ഥ.

വിവിധ പായ്‌വഞ്ചി പ്രയാണങ്ങളിലായി മൂന്നു തവണ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും കടലിലെ മാലിന്യത്തിന്റെ അളവ് കൂടിക്കൂടി വരുന്നതാണു കണ്ടത്. മുൻപൊക്കെ കരയോടു ചേർന്നുള്ള ഭാഗത്തായിരുന്നു മാലിന്യമുണ്ടായിരുന്നത്. ഇപ്പോൾ ഉൾക്കടലിലേക്കും അവ എത്തിക്കഴിഞ്ഞിരുന്നു. ചെറുതും വലുതമായി, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മാലിന്യത്തിന്റെ കാര്യമാണിത്. കടലിന്റെ അടിത്തട്ടിൽ അവ എത്ര മാത്രമുണ്ടാകുമെന്ന് ആർക്കറിയാം.

ഇപ്പോൾ, കരയ്ക്ക് 200 കിലോമീറ്റർ അകലെ വരെ പ്ലാസ്റ്റിക് കുപ്പികളും ട്യൂബ് ലൈറ്റുകളുമെല്ലാം കാണാം. മുൻപൊക്കെ ലൈറ്റ് ഹൗസിന്റെ വെളിച്ചം മനസ്സിലാക്കിയാണു നാവികർ കര അടുത്തുണ്ടെന്ന് അറിഞ്ഞിരുന്നത്. ഇപ്പോൾ കടൽജലത്തിലെ മാലിന്യത്തിലേക്കു നോക്കി കര തിരിച്ചറിയാനാകും. വേദനിപ്പിക്കുന്ന തമാശയെന്നല്ലാതെ എന്തു പറയാൻ!

അപകടം മൂലം എനിക്ക് ഇടയ്ക്കുവച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ, എന്റെ പായ്‌വഞ്ചി ‘തുരീയ’ തകരാൻ കാരണമൊരു ചുഴലിക്കാറ്റായിരുന്നു. കടലിൽ ചുഴലിക്കാറ്റുകളും ന്യൂനമർദങ്ങളും സ്വഭാവികമാണെങ്കിലും അന്നു നേരിടേണ്ടിവന്ന കാറ്റിന്റെ വേഗം സകലരെയും ഞെട്ടിച്ചു. സാധാരണയിലും വേഗത്തിൽ വീശിയ കാറ്റിലാണു പായ്‌വഞ്ചി തകർന്നു തരിപ്പണമായത്. കടലിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ വലിയ തെളിവാണോ ഇത്?

(ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പായ്‌വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. കഴിഞ്ഞവർഷം ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ, അഭിലാഷിന്റെ പായ്‌വഞ്ചി പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപെട്ടിരുന്നു)