കോഴിക്കോട് മുക്കം ഇരുവഞ്ഞിപ്പുഴയില്‍ വീണ്ടും പായല്‍ മൂടി. കഴിഞ്ഞ തവണ കണ്ട വിഷപായലായ ബ്ലുഗ്രീന്‍ ആല്‍ഗയാണെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പായലിനെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ്  അധികൃതര്‍‍.

രണ്ടാഴ്ച്ച മുമ്പ് പുഴയിലെ ചില ഭാഗങ്ങളില്‍ മാത്രം കണ്ട പായല്‍ ഇപ്പോള്‍ ഏതാണ്ട് വ്യാപിച്ചുകഴിഞ്ഞു. വെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്ക് കുറഞ്ഞതാണ് പായല്‍ നിറയാന്‍ കാരണം. പുഴയിലേയ്ക്ക് മാലിന്യം തള്ളുന്നത് പതിവായതോടെയാണ് സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് കണ്ട വിഷപായലായ ബ്ലുഗ്രീന്‍ ആല്‍ഗയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 

ബ്ലുഗ്രീന്‍ ആല്‍ഗയാണെങ്കില്‍ പുഴയിലെ വെള്ളം ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ഈ വിഷപായല്‍ വെള്ളത്തിലെ ഓക്സിജന്‍റെ അളവ് ഇല്ലാതാക്കും. മല്‍സ്യസമ്പത്തിനെയടക്കം ഗുരുതരമായി ബാധിക്കും.പായല്‍ ബ്ലൂഗ്രീന്‍ ആല്‍ഗയാണോ എന്നറിയാനുള്ള പരിശോധനയിലാണ് സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്‍ഞര്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളാമെന്ന നിലപാടിലാണ് കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകള്‍.

English Summary: CWRDM collects water samples from Iruvazhinji River