ഇവർ വംശനാശ ഭീഷണി പട്ടികയിൽ

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടാണ് ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയില്‍ ആദ്യ അഞ്ചിലുള്‍പ്പെട്ട മൃഗങ്ങള്‍ ഇവയാണ്.

1. സൗത്ത് ചൈന ടൈഗര്‍

ഇന്ന് ലോകത്തുള്ള എല്ലാ കടുവവര്‍ഗ്ഗങ്ങളുടെയും കാരണവരാണ് സൌത്ത് ചൈന കടുവകള്‍.1996 ന് ശേഷം കാടുകളില്‍ ഇവയെ കണ്ടെത്താനായിട്ടില്ല.മംഗോളിയയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഇവ അധിവസിച്ചിരുന്നത്. ഈ പ്രദേശത്ത് ഇപ്പോഴും കടുവകള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ട്. ചിലര്‍ കണ്ടതായും സാക്ഷ്യപ്പെടടുത്തുന്നു. എങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 1950 കളില്‍ വരെ നാലായിരത്തിലധികമായിരുന്നു ഇവയുടെ അംഗസംഖ്യ. ഇപ്പോള്‍ വംശനാശം സംഭവിച്ചുവെന്ന് ഏറെക്കുറെ സ്ഥിരീകരിച്ച ഇവക്ക് സംഭവിച്ചത് ചരിത്രത്തില്‍തന്നെ ജൈവ വ്യവസ്ഥ നേരിട്ട ഏറ്റവും വലിയ ദുരന്തമായാണ് കണക്കാക്കുന്നത്.

2. അമുര്‍ പുള്ളിപ്പുലി

റഷ്യ ചൈന അതിര്‍ത്തിയില്‍ കാണപ്പെടുന്ന ഈ പുള്ളിപ്പുലികള്‍ മഞ്ഞ് നിറഞ്ഞ പ്രദേശങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്. തോലിന് വേണ്ടിയുള്ള വേട്ടയാണ് ഇവയുടെ പ്രധാന വെല്ലുവിളി. ഇന്ന് അവശേഷിക്കുന്നത് എഴുപതോളം അമുറുകള്‍ മാത്രമാണ്. 2007 ല്‍ ഇവയുടെ എണ്ണം വെറും 20 ആയിരുന്നു.ശ്രദ്ധയോടെയുള്ള പരിചരണത്തില്‍ ഇവയുടെ നില മെച്ചപ്പെട്ട് വരികയാണ്.

3. കിഴക്കന്‍ ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗം

ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗങ്ങള്‍ ആക കടുത്ത വംശനാശ ഭീഷണി നേരിടുന്നവയാണ്. എന്നാല്‍ ഇവയുടെ ഒരു വിഭാഗമായയ കിഴക്കന്‍ ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗങ്ങള്‍ വംശനാശത്തിന്‍റെ വക്കിലാണ്. ആകെ എണ്ണം 800 ല്‍ താഴെ മാത്രം. അതേസമയം ഇവയുടെ അംഗസംഖ്യ കുറയുന്നതിന്‍റെ വേഗം വര്‍ഷത്തില്‍ 12 ശതമാനം എന്നവണ്ണമാണ്.

4.ക്രോസ് റിവര്‍ ഗോറില്ല

കാമറൂണിലെ എബോ കാടുകളില്‍ കാണപ്പെടുന്ന ഈ ഗോറില്ലകളുടെ അഗസംഖ്യ 300 ല്‍ താഴെ മാത്രമാണ്. 250 ചതുരശ്ര കിലോമീറ്ററിനുള്ളിലാണ് ഇന്ന് ഈ ഇനത്തില്‍പ്പെട്ട എല്ലാ ഗോറില്ലകളും വസിക്കുന്നത്. മറ്റ് ഗൊറില്ലകളില്‍ നിന്ന് വ്യത്യസ്തമായി അക്രമവാസന കുറഞ്ഞ പാവങ്ങളാണ് ഈ ഗോറില്ലകള്‍.

5.ഹോസ്ക്ബില്‍ ആമകള്‍

പസഫിക്കിലും അറ്റാലന്‍റിക്കിലും ഒരു കാലത്ത് ധാരാളമായി കാണപ്പെട്ടിരുന്നവയാണ് ഈ ആമകള്‍.എന്നാല്‍ ഇന്ന് അവ വംശനാശത്തിന്‍റെ വക്കിലാണ്. ഇറച്ചിക്ക് വേണ്ടിയുള്ള വ്യാപകമായ വേട്ടയാണ് ഇവയെ ഈ അവസ്ഥയില്‍ എത്തിച്ചത്.ഇന്ന് ആയിരത്തിനും രണ്ടായിരത്തിനു ഇടയില്‍ മാത്രമാണ് ഇവയുടെ അംഗസംഖ്യ.

6.പാന്‍ഗോലിന്‍

ഉടുമ്പ് വിഭാഗത്തില്‍പ്പെട്ട ജീവിയാണ് പാന്‍ഗോലിന്‍. ഒരു കാലത്ത് കേരളത്തില്‍ പോലും ഇവ സാധാരണമായിരുന്നു. എന്നാല്‍ വര്‍ദ്ധിക്കുന്ന ജനവാസകേന്ദ്രങ്ങളുടെ ഭാഗമായി ഇവ വളരെ വേഗം ഇല്ലാതായി. കുറഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് തന്നെ ഇവ അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഇടം പിടിച്ചു. ആഫ്രിക്ക, തെക്കെ അമേരിക്ക, തെക്കനേഷ്യ എന്നിവിടങ്ങളിലാണ് ഇവ ചുരുങ്ങിയ തോതില്‍ ശേഷിക്കുന്നത്.

7. സാവോല

വിയറ്റ്നാമില്‍ മാത്രമായി ഇന്ന് ചുരുങ്ങിപ്പോയ മാനുകള്‍. മുന്‍പ് തെക്ക് കിഴക്കേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇവയെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ന് വിയറ്റ്നാമിലെ കാടുകളില്‍ മാത്രമുള്ള ഇവയുടെ എണ്ണം അഞ്ഞൂറില്‍ താഴെയാണ്.വരയാടുകളുമായി വിദൂര ബന്ധമുള്ള ഇവയും മലനിരകളിലാണ് താമസം.