ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായിരുന്നു ഉടമസ്ഥ കണ്ടെത്തുമ്പോൾ ജർമിനിയിലെ Aljosha എന്ന പൂച്ച.മൂന്ന് ദിവസം കൊണ്ട് തൻെറ ഓമന പൂച്ചയ്ക്ക് എന്ത് പറ്റിയെന്നു ചിന്തിച്ച് വേവലാതി പൂണ്ട് പൂച്ചയെയും കൊണ്ട് ഉടമസ്ഥ മൃഗാശുപത്രിയിലെത്തി.
പൂച്ചയെ പരിശോധിച്ച ഡോക്ടറുടെ വാക്കുകൾ കേട്ട് ഉടമസ്ഥ Claudia von Büren തലയിൽ കൈവെച്ചിരുന്നു പോയി.മദ്യമാണ് പൂച്ചയെ ഈ കോലത്തിലെത്തിച്ചതെന്നാണ് ഡോക്ടർ പറഞ്ഞത്. ഏഴ് കുപ്പി വീഞ്ഞാണ് പൂച്ച അകത്താക്കിയതെന്നാണ് ഡോക്ടർ പറയുന്നത്.
മദ്യം അകത്തുചെന്ന് ലക്കുകെട്ട പൂച്ചയ്ക്ക് വീട്ടിലെത്താനുള്ള വഴിയറിയാൻ പറ്റിയിട്ടുണ്ടാവില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂച്ച സാധാരണജീവിതത്തിലേക്ക് മടങ്ങിവരുമെന്നു പറഞ്ഞാണ് ഡോക്ടർ Claudia von Büren യെ സമാധാനിപ്പിച്ചത്.
എന്നാലും തൻെറ പൂച്ചയെങ്ങനെ ഈ അത്യാഹിതത്തിൽപ്പെട്ടുവെന്നറിയാതെ വലഞ്ഞ ഉടമസ്ഥ ഒടുവിൽ അതിനുത്തരവും കണ്ടെത്തി.പ്രഭാത സവാരിക്കു പുറപ്പെട്ടപ്പോൾ ഒപ്പമിറങ്ങിയ പൂച്ച തൻെറ കണ്ണുവെട്ടിച്ച് അയൽക്കാരൻെറ വീഞ്ഞുമുറിയിൽ കയറിപ്പറ്റിയെന്നും അവിടെ സൂക്ഷിച്ചിരുന്ന വീഞ്ഞ് കുടിച്ചാണ് ഈ ഗതിയിലായതെന്നുമാണ് അവർ അനുമാനിക്കുന്നത്.