യുദ്ധങ്ങളെ അതിജീവിച്ച ബാക്ട്രിയൻ മാനുകള്‍

അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജീവിതം മനുഷ്യര്‍ക്കു പോലും അസാധ്യമാണ്. അപ്പോഴാണ് ഈ പ്രദേശത്തെ മൊത്തത്തില്‍ പിടിച്ചു കുലുക്കിയ രണ്ടു വലിയ യുദ്ധങ്ങള്‍ക്കു ശേഷം പൂർണമായും ഇല്ലാതായെന്ന് കരുതിയിരുന്ന ബാക്ട്രിയന്‍ മാനുകളെ മേഖലയിൽ നിന്നും കണ്ടെത്തിയിത്. 40 വര്‍ഷത്തെ ഇടവേളക്കു ശേഷമുള്ള അപൂര്‍വ്വയിനം മാനുകളുടെ കണ്ടെത്തല്‍ ആഘോഷിക്കുകയാണു പരിസ്ഥിതി പ്രവര്‍ത്തകര്‍.

1970 കളിലായിരുന്നു ബാക്ട്രിയന്‍ മാനുകളെക്കുറിച്ച് ഔദ്യോഗികമായി സര്‍വ്വേ നടത്തിയത്. അന്ന് അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശത്ത് 120 മാനുകളെ മാത്രമാണ് കണ്ടെത്താനായത്. താജിക്കിസ്ഥാനോട് ചേര്‍ന്നുള്ള താക്കര്‍ പ്രവിശ്യയിലായിരുന്നത്. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധ സമയത്ത് പ്രധാന യുദ്ധം നടന്ന മേഖലയായിരു അത്. യുദ്ധത്തിനു ശേഷം മേഖലയുടെ നിയന്ത്രണം മുജാഹിദീനുകള്‍ ഏറ്റെടുത്തു.

80 കള്‍ക്കു ശേഷം മുജാഹിദീനുകളുടെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. തോക്കേന്തിയ മനുഷ്യർക്കു നടുവിൽ മാനുകള്‍ക്ക് ജീവിക്കാന്‍ പറ്റുന്ന സാഹചര്യമല്ലെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ 2013ല്‍ നടത്തിയ ഒരു വന്യജീവി സര്‍വെയ്ക്കിടയിൽ ബാക്ട്രിയന്‍സ് മാനുകളുടെ കാഷ്ഠവും കാലടയാളവും കണ്ടെത്തിയതോടെ പ്രതീക്ഷയായി.

താക്കര്‍ മേഖല വലിയ യുദ്ധങ്ങള്‍ക്കു മാത്രമല്ല സ്ഥിരം സംഘര്‍ഷങ്ങള്‍ക്കും വേദിയായിരുന്നു. പ്രാദേശിക ഗോത്രതലവന്മാരും കള്ളക്കടത്തുകാരും തമ്മിലായിരുന്നു സംഘട്ടനങ്ങൾ പലതും. നാട്ടുകാരുടെ കയ്യില്‍ ലോഭമില്ലാതെ തോക്കെത്തിയതോടെ ഈ മാനുകളെ പലപ്പോഴും ഭക്ഷണത്തിനു വേണ്ടിയും വിനോദത്തിനായും വേട്ടയാടിയിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ ബാക്ട്രിയന്‍സ് മാനുകള്‍ക്കായെന്നു വേണം വിലയിരുത്താന്‍.

അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല ഖസാക്കിസ്ഥാനിലും താജികിസ്ഥാനിലും തുര്‍ക്ക്‌മെനിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലുമെല്ലാം ബാക്ട്രിയന്‍സ് മാനുകളെ കണ്ടെത്തി എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുന്നത്. 1960 കളില്‍ വെറും 350-400 ആയിരുന്നത് 2011ല്‍ 1900 ആയി ഉയര്‍ന്നുവെന്നതും ആശാവഹമാണ്. ഓരോ രാജ്യങ്ങളിലും നടന്ന പ്രാദേശിക വന്യമൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്നില്ലെന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി.