ശൈത്യകാലത്ത് കേരളത്തിലെത്തിയ വിരുന്നുകാര്‍

Photo: Jimmy Kamballur

ഈ ലോകത്തിലെ ഏറ്റവും വലിയ സഞ്ചാരികളാണ് ദേശാടന കിളികള്‍. ദേശങ്ങളുടെയോ ഭൂഖണ്ഡങ്ങളുയോ അതിര്‍ത്തികള്‍ക്കോ, പര്‍വ്വതങ്ങൾളോ കടലുകളോ തീര്‍ക്കുന്ന അതിരുകള്‍ക്കോ അവയെ തടയാനാകില്ല. എല്ലാ ശൈത്യകാലത്തെയുമെന്ന പോലെ അനുകൂല ജീവിത സാഹചര്യം തേടിയുള്ള യാത്രയില്‍ ഇക്കുറിയും കേരളത്തിലേക്ക് ഒരു പിടി വിരുന്നുകാരത്തി. ഇവരില്‍ ചിലര്‍ക്ക് ദൈവത്തിന്‍റെ സ്വന്തം നാട് ലക്ഷ്യസ്ഥാനമായിരുന്നു. മറ്റു ചിലര്‍ക്കാവട്ടെ ഇടത്താവളവും. ഇങ്ങനെ വിരുന്നെത്തിയവരില്‍ ചില പ്രമുഖരെ പരിചയപ്പെടാം.

ഫ്ലമിംഗോ

Greater flamingos. Photo: Jimmy Kamballur

ലോകത്തെ ഏറ്റവും വലിയ പറക്കുന്ന പക്ഷികളില്‍ ഒന്നാണ് ഫ്ലമിംഗോകള്‍.  ഇവ കൂടുതലും കണ്ടു വരുന്നത് ആഫ്രിക്ക, തെക്കന്‍ യൂറോപ്പ് , കിഴക്കന്‍ മധ്യേഷ്യ എന്നിവിടങ്ങളിലാണ്. ദേശാടനക്കിളികളുടെ പട്ടികയില്‍ ഇവയെ ഉൾപ്പെടുത്തിയിട്ടില്ല. കൃത്യമായ സഞ്ചാരപാതകളില്ലാതെ അുകൂല കാലാവസ്ഥ ലഭിക്കുന്നിടത്തു താമസിക്കുകയാണിവ ചെയ്യുക. ഇതിനാലാണ് ഇവയെ ദേശാടനക്കിളിയായി കണക്കാക്കാത്തതും. ഉത്തരധ്രുവത്തില്‍ ശൈത്യം രൂക്ഷമാകുന്ന മേഖലകളില്‍ നിന്നാണ് ഇവ സമശീതോഷ്ണ കാലാവസ്ഥ തേടി ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്കു നീങ്ങുന്നത്. കേരളമാണ് ശൈത്യകാലത്തെ ഇവയുടെ ലക്ഷ്യസ്ഥാനങ്ങളിലോന്ന്.

പെലിക്കൺ

Pelicanes philippensis. Photo: Jimmy Kamballur

പെലിക്കണുകള്‍ കൊക്കുമായി ഏറെ സാമ്യമുള്ള ജീവികളാണ്. പെലിക്കണ്‍ ഫിലിപ്പീനീസ് ആണ് കേരളത്തിലെത്തുന്ന പ്രധാന പെലിക്കണ്‍ വിഭാഗം. ഉത്തരേന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ഇവ ശൈത്യകാലത്തു ചൂടുതേടി കേരളത്തിലേക്കെത്തുന്നത്. വലിയ തടാകങ്ങളും തണ്ണീര്‍ത്തടങ്ങളുമാണ് കേരളം ഇവയ്ക്ക് ആകര്‍ഷകമായി തോന്നാന്‍ കാരണം.

ലിമോസ ലിമോസ

Black tailed godwit. Photo: Jimmy Kamballur

കറുത്ത വാലുള്ള ഈ ചെറുകിളികളുടെ ഔദ്യോഗിക നാമവും അതുമായി ബന്ധപ്പെട്ടതാണ്. ബ്ലാക്ക് ടെയില്‍ഡ് ഗോഡ്വിറ്റ്. വടക്കന്‍ യൂറോപ്പില്‍ നിന്നും മധ്യേഷ്യയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും പിന്നീടു തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കുമാണ് ഇവ സഞ്ചരിക്കുക. വേനല്‍ക്കാലത്തു തിരിച്ചും. ഇവയുടെയും പ്രധാന വിഹാരകേന്ദ്രങ്ങൾ നീര്‍ത്തടങ്ങളും കായലുകളുമാണ്.

ഗാര്‍ഗാനീസ്

Garganeys. Photo: Jimmy Kamballur

ചെറിയ താറാവുകളുടെ വിഭാഗത്തില്‍ പെട്ട ഇവ പക്ഷെ താറാവുകളെ പോലെ പറക്കാന്‍ മടിയുള്ളവരല്ല. യൂറോപ്പില്‍ നിന്നു ശൈത്യാകാലത്തിന്‍റെ ആരംഭത്തിനു മുന്‍പേ ഇവ പറക്കാന്‍ തുടങ്ങും. രാത്രി മാത്രമാണ് ഇവ സഞ്ചരിക്കുക. പകല്‍ തടാകങ്ങളിലും കുളങ്ങളിലും വിശ്രമിക്കും. പായലും പലവിധ ജലസസ്യങ്ങളും മത്സ്യവും തവളയും എല്ലാം ഇവയുടെ ഭക്ഷണത്തിൽ ഉൾപ്പെടും. കറക്കം മതിയാക്കി മാര്‍ച്ചവസാനത്തോടെ ഇവ തിരിച്ചു യൂറോപ്പിലേക്കു മടങ്ങും. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ഇവ കേരളത്തില്‍ കാണപ്പെടുന്നത്.

ചെറിയ ചൂളാൻ എരണ്ട

Lesser whistling duck. Photo: Jimmy Kamballur

ലസര്‍ വിസിലിങ് ഡക്ക് എന്ന ഇവ സാധാരണ താറാവുകളുടെ തക്ക വലിപ്പമുള്ളവയാണ്. തെക്കുകിഴക്കന്‍ ഏഷ്യയാണ് ഇവയുടെ ശൈത്യകാലത്തെ പ്രധാന വാസസ്ഥലം. കയ്യേറ്റവും നശീകരണവും കാരണം വാസയോഗ്യമായ ഇടങ്ങള്‍ കുറഞ്ഞതോടെ ഇവ ഇപ്പോള്‍ തെക്കേ ഇന്ത്യയാണ് പുതിയ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. കുളങ്ങളും തണ്ണീര്‍ത്തടങ്ങളും തന്നെയാണ് ഇവയേയും കേരളത്തിലേക്കാകര്‍ഷിക്കുന്നത്.

ഗള്‍സ്

Gulls. Photo: Jimmy Kamballur

ദേശാടന പക്ഷികളുടെ കൂട്ടത്തിലെ വി.ഐ.പി വിഭാഗത്തില്‍ പെട്ട പക്ഷികളാണ് ഗള്ളുകള്‍. വംശനാശ ഭീഷണി നേരിടുന്ന ഇവ അതി ശൈത്യമുള്ള പ്രദേശങ്ങളില്‍ നിന്നാണ് ഉഷ്ണമേഖലകള്‍ തേടി ശൈത്യകാലത്തെത്തുന്നത്. യൂറോപ്പ് , മംഗോളിയ തുടങ്ങി സ്ഥലങ്ങളില്‍ നിന്നാണ് ഇവ കേരളത്തിലേക്കെ ത്തുന്നത്.

പുള്ളിച്ചുണ്ടൻ താറാവ് (സ്പോട് ബില്‍ഡ് താറാവ്)

Spot billed duck. Photo: Jimmy Kamballur

ചിറകില്‍ സുന്ദരമായ നീലനിറത്തോടു കൂടിയ ഈ താറാവുകളും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നു കുടിയേറുന്നവരാണ്. ഇരതേടാനും വസിക്കാനും പറ്റിയ സ്ഥലങ്ങള്‍ അന്വേഷിച്ചുള്ള സഞ്ചാരമാണ് ഇവയെ കേരളത്തിലേക്കെത്തിക്കുന്നത്.

പച്ച എരണ്ട (കോട്ടണ്‍ പിഗ്മി ഗൂസ്)

Cotton pygmy goose. Photo: Jimmy Kamballur

വടക്കേ ഇന്ത്യ , ബംഗ്ലാദേശ്, പാകിസ്ഥാന്‍  എന്നിവിടങ്ങളില്‍ കാണപ്പെടുന്നവയാണ് കോട്ടണ്‍ പിഗ്മി ഗൂസ് എന്നയിനം പക്ഷികള്‍. ഈ പ്രദേശങ്ങളിലെ ശൈത്യകാലത്താണ് ഇവ ചൂടുതേടി ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ചും കേരളത്തിലേക്കെത്തുന്നത്. ഇവ കാലാവസ്ഥക്കനുസരിച്ച് വീണ്ടും ചൂടു തേടി കൂടുതല്‍ തെക്കന്‍ പ്രദേശങ്ങളിലേക്കും പറക്കാറുണ്ട്. ശ്രീലങ്ക, മാലി എന്നിവിടങ്ങളിലും ഇവയെ കാണാറുണ്ട്.ഇതിൽ ചില ദേശാടനപക്ഷികളെയെങ്കിലും വർഷം മുഴുവൻ കേരളത്തിൽ കാണുന്ന സ്ഥിതി വിശേഷമാണിപ്പോൾ, കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ജിമ്മി കാമ്പല്ലൂർ, പ്രൊഫഷണൽ ഫൊട്ടോഗ്രഫർ, കോട്ടയം