അറവുശാലയിലേക്ക് കൊണ്ടുപോകും വഴി ട്രക്കിൽ നിന്ന് രക്ഷപെട്ട പശു ഒരു കിടാവിന് ജന്മം നൽകി. ന്യൂജേഴ്സിയിലാണ് അപൂർവ സംഭവങ്ങൾ അരങ്ങേറിയത്. അറവുശാലയിലേക്കെത്താൻ വെറും പത്ത് മിനിട്ടു മാത്രമുള്ളപ്പോഴായിരുന്നു പശുവിന്റെ അദ്ഭുതകരമായ രക്ഷപെടൽ. ഓടിക്കൊണ്ടിരുന്ന ട്രക്കിൽ നിന്നും റോഡിലേക്ക് എടുത്തു ചാടുകയായിരുന്നു പശുവെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ട്രക്കിൽ നിന്ന് പശു പുറത്തേക്കു ചാടിയത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് പശുവിനെ പിന്തുടർന്നു. പൊലീസ് അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ സ്കൈലാൻഡ് മൃഗസംരക്ഷണ കേന്ദ്രത്തിലെ പ്രവർത്തകർ പശുവിനെ പിടിച്ചുകെട്ടി സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. മൃഗസംരക്ഷണ കേന്ദ്രത്തിന്റെ സ്ഥാപകനായ മൈക്ക് സ്റ്റൂറയാണ് സാഹസികമായി രക്ഷപെട്ട പശുവിന് ബ്രിയാന്ന എന്നു പേരു നൽകിയത്.
മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച ബ്രിയന്ന ശനിയാഴ്ചയാണ് പശുക്കുട്ടിക്ക് ജന്മം നൽകിയത്. വിന്റെർ എന്നാണ് പശുക്കുട്ടിക്ക് നൽകിയിരിക്കുന്ന പേര്. അവസാനം അവർ സുരക്ഷിതമായ സ്ഥലത്തെത്തിച്ചേർന്നു എന്നാണ് മൈക്ക് ബ്രിയന്നയുടെ രക്ഷപെടലിനെക്കുറിച്ച് വിശേഷിപ്പിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് അറവുശാലയിലെത്താതെ ബ്രിയന്നയും വിന്ററും രക്ഷപെട്ടത്.
ജീവിതത്തിലിന്നോളം സ്വാതന്ത്ര്യം എന്തെന്നറിഞ്ഞിട്ടില്ലാത്ത ബ്രിയന്നയ്ക്ക് ഇനി സന്തോഷത്തിന്റെ കാലമാണ്. കാരണം വിന്ററും ബ്രിയന്നയും ഇനി സംരക്ഷണ കേന്ദ്രത്തിന്റെ സുരക്ഷിത കരങ്ങളിലാണെന്നതു തന്നെ.