ബ്രസീലിലെ ചിലന്തി മഴയ്ക്കു പിന്നില്‍?

അദ്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായി നിരവധി പ്രതിഭാസങ്ങളാണ് പ്രകൃതിയില്‍ പലപ്പോഴും സംഭവിക്കുന്നത്. ഇത്തരത്തിലൊന്നാണ് ദക്ഷിണ ബ്രസീലിലെ മിനാഷെ ഗെറിയാസില്‍ സംഭവിച്ചതും. ആയിരക്കണക്കിനു ചിലന്തികളാണ് ഇവിടെ ആകാശത്തു നിന്ന് ഭൂമിയിലേക്കു പെയ്തിറങ്ങുന്ന നിലയില്‍ കാണപ്പെട്ടത്. പരാവിക്സിയ ബിസ്റ്റ്റിയേറ്റ എന്ന വിഭാഗത്തില്‍ പെട്ട ചിലന്തികളെയാണ് ഈ നിലയില്‍ കണ്ടെത്തിയത്. ചിലന്തികള്‍ സാധാരണ ഒറ്റപ്പെട്ടു ജീവിക്കുന്ന ജീവികളാണ്. ഇതില്‍ നിന്നു വ്യത്യസ്തമാണ് പാരാവിക്സിയ ബിസ്റ്റേറിയേറ്റ ചിലന്തികള്‍. കൂട്ടത്തോടെ ജീവിക്കുന്ന ഇവ ഒരുമിച്ചാണ് കൂറ്റന്‍ വല കെട്ടി താമസിക്കുന്നതും. യഥാര്‍ത്ഥത്തില്‍ ബ്രസീസില്‍ സംഭവിച്ചത് ഇവ കൂട്ടത്തോടെ ആകാശത്ത് നിന്ന് പൊഴിഞ്ഞതല്ല. മറിച്ച് രണ്ട് മലകള്‍ക്കിടയില്‍ ഒരുമിച്ചു വലിയൊരു വല കെട്ടി താമസമാക്കിയതാണ്.

കൂറ്റന്‍ വില കെട്ടി താമസമാക്കിയ ചിലന്തികളെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആകാശത്തു നിന്ന് ഭൂമിയിലേക്കു പതിക്കുന്ന വസ്തുക്കളായേ തോന്നു. വല പെട്ടെന്നു തിരിച്ചറിയില്ല എന്നതിനാല്‍ ഇവ വായുവില്‍ തന്നെ നില്‍ക്കുകയാണോയെന്നും സംശയം തോന്നും. ആയിരക്കണക്കിനു ചിലന്തികള്‍ ചേര്‍ന്നാണ് കുന്നുകള്‍ക്കിടയില്‍ ഈ കൂറ്റന്‍ വല നിര്‍മ്മിച്ചതെന്നു വ്യക്തം. ഇത്തരമൊരു കാഴ്ച പലരും കണ്ടിട്ടില്ലാത്തതിനാലും, ഈ ദൃശ്യത്തിന്‍റെ പേടിപ്പെടുത്തുന്ന സ്വഭാവവും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാൻ കാരണമായി. അതേസമയം പുറത്തുള്ളവര്‍ക്ക് ഇത് അസാധാരണ കാഴ്ചയാണെങ്കിലും ഇവിടുത്തെ പ്രദേശവാസികള്‍ക്ക് ഇതൊരു സാധാരണ സംഭവമാണ്.

നിരവധി ചിലന്തികള്‍ ചേര്‍ന്ന് ഇത്തരം കൂറ്റന്‍ വലകള്‍ നിര്‍മ്മിക്കുന്നത് മിനാഷെ ഗെറിയാസില്‍ സ്വാഭാവികമാണ്. വെയിലും, ഈര്‍പ്പവും ഉള്ള കാലാവസ്ഥയിലാണ് ഈ ചിലന്തികള്‍ കൂട്ടത്തോടെയെത്തി വലിയ വലകള്‍ നിര്‍മ്മിക്കുന്നത്. മറ്റു ചിലന്തികളെ പോലെ തന്നെ നേര്‍ത്ത ഇഴകളാണ് വലകള്‍ക്കുണ്ടാവുക. അതിനാല്‍ തന്നെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വലകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ വിഷമമാണ്. അതുകൊണ്ട് തന്നെ ചിലന്തികള്‍ കൂട്ടത്തോടെ വായുവില്‍ നടക്കുകയാണന്നെ പരിചയമില്ലാത്തവര്‍ക്കു തോന്നൂ. ഇതാണ് ഈ പ്രതിഭാസത്തിന് പ്രദേശവാസികള്‍ ചിലന്തിമഴ എന്നു പേരിടാൻ കാരണവും.

വിഷമില്ലാത്ത ഈ ചിലന്തികള്‍ പ്രദേശവാസികള്‍ക്കു വലിയ ശല്യക്കാരൊന്നുമല്ല. അതിനാല്‍ തന്നെ ഈ ചിലന്തികളുടെ വല നിര്‍മ്മാണത്തെ തടസപ്പെടുത്താന്‍ ഇവരും തുനിയാറില്ല. നാലു മീറ്റര്‍ വരെ വീതിയും നീളവും ഉള്ള വലകളാണ് ചില ചിലക്കൂട്ടം ഉണ്ടാക്കുക. പക്ഷെ ഇത്തരം നിരവധി വലകള്‍ പരസ്പരം ചേര്‍ത്തു വലിയ വലയായിട്ടാണ് അവസാനം ഇവ രൂപം കൊള്ളുക. അപകടകാരികളല്ലെന്നു മാത്രമല്ല ഉപകാരികളുമാണ് ഈ ചിലന്തികൾ. പ്രദേശത്തെ കൊതുകുകളെയും ശല്യക്കാരായ മറ്റു ചെറു പ്രാണികളെയും നിയന്ത്രിക്കുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ടെന്നും ഈ മേഖലയില്‍ താമസിക്കുന്നവര്‍ പറയുന്നു.