ഫോസിലുകള്‍ ലഭിക്കാനും പഠനം നടത്താനും ഏറ്റവമധികം ബുദ്ധിമുട്ടുള്ള ജീവികളാണ് ചിലന്തികള്‍. ചിലന്തികള്‍ ചത്തു ജീര്‍ണിക്കുന്നതോടെ അസ്ഥികൂടം പോലും ഇല്ലാതാകുമെന്നതാണ് ഇതിനു കാരണം. അതുകൊണ്ട് തന്നെ പുരാതന കാലത്തെ ചിലന്തികളെകുറിച്ചു പഠനം നടത്തുകയെന്നത് ശാസ്ത്രത്തിന് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. ഈ അവസ്ഥയില്‍ വലിയ കേടുപാടുകളൊന്നും കൂടാതെ 11 ചിലന്തികളുടെ ഫോസിലുകള്‍ ലഭ്യമായാല്‍ അത് ഗവേഷകരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിക്കുക.

ജിന്‍ജു

പേരു കേട്ടാല്‍ ആരുടെയോ ഓമനപ്പേരാണെന്നു തോന്നുമെങ്കിലും യഥാർഥത്തില്‍ ഇതൊരു ഭൗമപ്രതിഭാസത്തിനു നല്‍കിയിരിക്കുന്ന പേരാണ്. ദക്ഷിണ കൊറിയയിലെ ഒരു പ്രത്യേക പ്രദേശത്തു നിന്നു കണ്ടെത്തിയ മെസോസോയിക് യുഗത്തില്‍ നിന്നുള്ള ഭൗമ പ്രതിഭാസമാണ് ജിന്‍ജു. ഈ ജിന്‍ജുവില്‍ നിന്നാണ് 11 ചിലന്തികളുടെ ഫോസിലുകളും ഗവേഷകര്‍ക്കു ലഭിച്ചത്. കൊറിയന്‍ പോളാര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കന്‍സാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണു ചിലന്തികളുടെ ഫോസില്‍ കണ്ടെത്തിയത്. ഏകദേശം 110 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവനറ്റ ചിലന്തികളാണിവ.

തിളങ്ങുന്ന കണ്ണുകള്‍

കരിമ്പാറക്കട്ടികള്‍ക്കുള്ളിലെ വിചിത്രമായ വെള്ളി നിറത്തിലുള്ള വസ്തുക്കള്‍ക്കിടയിലാണ് ഇവയെ കണ്ടെത്തിയത്. കൂടാതെ ഇവയുടെ കണ്ണുകള്‍ക്ക് തിളക്കം നല്‍കുന്ന ക്രസന്‍റിക് അംശങ്ങളും ഫോസിലുകളില്‍ അടങ്ങിയിട്ടുണ്ടായിരുന്നു. സാമാന്യത്തിലധികം വലുപ്പമുണ്ടായിരുന്നു ഈ ചിലന്തികളുടെ കണ്ണുകള്‍ക്കെന്നു കന്‍സാസ് സര്‍വകലാശാല ഗവേഷകന്‍ പോള്‍ സെല്‍ഡന്‍ പറഞ്ഞു. ഇവയുടെ കണ്ണുകള്‍ക്കു തിളക്കം നല്‍കുന്നത് ടേപിടേം എന്ന പ്രത്യേകതയാകാമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

രാത്രി കാഴ്ച സാധ്യമാക്കുന്നതാണ് ടേപിടേം എന്ന ശാരീരിക പ്രത്യേകത. മനുഷ്യരുടെ കണ്ണുകള്‍ക്ക് ഈ കഴിവില്ല. പക്ഷെ പൂച്ചകള്‍ ഉള്‍പ്പടെ നിരവധി മൃഗങ്ങളില്‍ ഈ ശാരീരിക പ്രത്യേകത കാണാന്‍ കഴിയും. ഈ പ്രത്യേകത തന്നെയാണ് ചിലന്തികളുടെ കണ്ണുകള്‍ക്കു തിളക്കം നല്‍കുന്നതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ഇതാദ്യമായാണ് ടേപിടേം കണ്ണുകളുള്ള ഒരു ചിലന്തിവര്‍ഗത്തിന്‍റെ ഫോസില്‍ കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പക്ഷേ ഈ പാറക്കെട്ടുകള്‍ക്കിടയിലായിരിക്കാം ചിലന്തികള്‍ ജീവിച്ചിരുന്നതെന്നും അതിനാല്‍ തന്നെ ഇവയ്ക്ക് എപ്പോഴും ഇരുട്ടത്തുള്ള സഞ്ചാരം സാധ്യമാക്കാനാകണം കണ്ണുകള്‍ക്കു രാത്രി കാഴ്ചാശക്തി ഉണ്ടായതെന്നും ഇവര്‍ വിശ്വസിക്കുന്നു. 

വൂള്‍ഫ് ചിലന്തികള്‍

ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ചിലന്തി വര്‍ഗങ്ങളില്‍ വൂള്‍ഫ് ഇനത്തില്‍ പെട്ട ചിലന്തിവര്‍ഗത്തിനാണ് രാത്രിയില്‍ കാഴ്ചശക്തിയുളള്ളത്. ഇവയുടെ കണ്ണുകള്‍ പൂച്ചകളുടേതെന്ന പോലെ രാത്രിയില്‍ തിളങ്ങും. അതേസമയം വൂള്‍ഫ് ചിലന്തികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ കണ്ടെത്തിയ ചിലന്തികളുടെ ശരീരത്തിനു വലുപ്പം കൂടുതലാണ്. എങ്കിലും ഈ ചിലന്തികള്‍ക്ക് വൂള്‍ഫ് ചിലന്തികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യം ഗവേഷകര്‍ പരിശോധിച്ചു വരികയാണ്. 

ബാക്ടീരിയ കടന്നു ചെല്ലാത്ത ശരീരം

അതേസമയം ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നത് എങ്ങനെ തിളക്കമുള്ള ഈ കണ്ണുകള്‍ അതേ രീതിയില്‍ സൂക്ഷിക്കപ്പെട്ടു എന്നതാണ്. ഇത് ഏത് പ്രതിഭാസം മൂലം സാധ്യമായി എന്നതാണ് ഗവേഷകര്‍ പരിശോധിച്ചു വരുന്നതും. സാധാരണ ഗതിയില്‍ ചിലന്തികളുടെ ഫോസില്‍ പോലും ലഭിക്കാറില്ല എന്നിരിക്കെ ഈ ചിലന്തികളുടെ കണ്ണുകള്‍ പോലും തിളക്കം നഷ്ടപ്പെടാതെ ഈ മേഖലയില്‍ സംരക്ഷിക്കപ്പെട്ടു എന്നത് വിശദമായ പഠനം അര്‍ഹിക്കുന്ന കാര്യമാണെന്നു സെല്‍ഡന്‍ പറയുന്നു. കൂടാതെ മറ്റൊന്നു കൂടി ഗവേഷകര്‍ കണ്ടെത്തി.

ഈ ചിലന്തികളുടെ ശരീരത്തിലേക്കു ബാക്ടീരിയകള്‍ പ്രവേശിച്ചിട്ടില്ല എന്നതാണ് ഈ കണ്ടെത്തല്‍. സാധാരണഗതിയില്‍ ചിലന്തികളുടെ ശരീരാവശിഷ്ടം വെള്ളത്തില്‍ ഇട്ടാല്‍ പൊങ്ങിക്കിടക്കും. എന്നാല്‍ ഈ ചിലന്തികളുടെ ഫോസിലുകള്‍ കഴുകുന്നതിനായി വെള്ളത്തിലിട്ടപ്പോള്‍ താഴ്ന്നു പോവുകയാണുണ്ടായത്. ഈ ചിലന്തികളുടെ ശരീരത്തില്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം നടന്നില്ല എന്നതാണ് ഇതു  തെളിയിക്കുന്നതെന്നും ഗവേഷകര്‍ വിവരിക്കുന്നു. ഏതായാലു ഇത്തരത്തില്‍ ഉത്തരം ഇനിയും കണ്ടെത്തേണ്ട നിരവധി സംശയങ്ങളാണ് ഈ 11 ചിലന്തികളുടെ ഫോസിലുകള്‍ ഗവേഷകര്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT