കാഴ്ചയില്‍ അതൊരു ഡേവിഡ് ഗോലിയാത്ത് ഏറ്റുമുട്ടലായിരുന്നു. കാരണം തന്നേക്കാള്‍ നൂറോ അതിലധികമോ ഇരട്ടി വലുപ്പമുള്ള പാമ്പിനെയാണ് ഒരു സെന്‍റിമീറ്റര്‍ മാത്രം വലുപ്പമുള്ള ചിലന്തി കൊന്നു തിന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും വിഷം കൂടിയ ചിലന്തി വർഗമായ റെഡ് ബാക്ക് സ്പൈഡറാണ് രാജ്യത്ത് ഏറ്റവുമധികം മനുഷ്യരുടെ പാമ്പു കടിയേറ്റുള്ള മരണത്തിനു കാരണമാകുന്ന ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കിനെ വലയിലാക്കിയതും വിഷം കുത്തിവച്ചു കൊന്നതും. വീര്യമേറിയ വിഷവും ബലമുള്ള വലയുമാണ് റെഡ് ബാക്ക് ഇനത്തില്‍ പെട്ട പെണ്‍ ചിലന്തികളെ പാമ്പുകളെ പോലും വേട്ടയാടാന്‍ പര്യാപ്തരാക്കുന്നത്.

ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള വൈന്‍യാഡിലാണ് അപൂർവ സംഭവങ്ങൾ അരങ്ങേറിയത്. വൈന്‍യാഡ് ഉടമയായ റോബിന്‍ മഗ്നനന്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തില്‍ നിന്നു തന്നെ പാമ്പും ചിലന്തിയും തമ്മിലുള്ള വലുപ്പ വ്യത്യാസം വ്യക്തമാണ്. ഇത്ര ചെറിയ ചിലന്തി എങ്ങനെ ഇത്രയും വലുപ്പമുള്ള പാമ്പിനെ കുടുക്കിയെന്ന് ഈ ചിലന്തികളുടെ ചരിത്രമറിയാത്തവർ ചിന്തിച്ചേക്കും. ചിത്രത്തിനു ലഭിച്ച കമന്‍റുകളും ആളുകളുട അദ്ഭുതം വെളിവാക്കുന്നതായിരുന്നു. പാമ്പിന്‍റെ കണ്ണിനോളം വരില്ല ചിലന്തിയുടെ വയറെന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. അത്യാഗ്രഹിയായ ചിലന്തിയെന്ന് മറ്റൊരാള്‍ റെഡ് ബാക്ക് സ്പൈഡറെ വിശേഷിപ്പിച്ചത്.

Image Credit: Facebook

റെഡ് ബാക്ക് സ്പൈഡര്‍

ലോകത്തെ തന്നെ ഏറ്റവും വീര്യമേറിയ വിഷമുള്ള ചിലന്തികളില്‍ ഒന്നാണ് റെഡ് ബാക്ക് സ്പൈഡറുകള്‍. പക്ഷെ ഇവയിലെ പെണ്‍ ചിലന്തികള്‍ക്കു മാത്രമെ വലിയ ജീവികളെ കടിക്കാന്‍ കഴിയൂ. ആണ്‍ ചിലന്തികളുടെ പല്ലിനു വലുപ്പം കുറവാണ്. മനുഷ്യര്‍ക്കു പോലും പെണ്‍ചിലന്തികളുടെ വിഷം അപകടകരമാണ്. മുതിര്‍ന്നവര്‍ക്ക് ഈ ചിലന്തിയുടെ കടിയേറ്റാല്‍ ബോധക്ഷയം വരെ സംഭവിക്കാം. എന്നാൽ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇവയുടെ വിഷമോറ്റാൽ ജീവഹാനി തന്നെ സംഭവിച്ചേക്കാം.

ഈ ചിലന്തികളെ കുറിച്ച് വ്യക്തമായി അറിയാവുന്നവര്‍ക്ക് റെഡ് ബാക്കിന്‍റെ പാമ്പു വേട്ട ഒരു വാര്‍ത്തയല്ല. കാരണം മുന്‍പും പല തവണ വിഷപ്പാമ്പുകളെ വലയില്‍ കുടുക്കി കൊന്നുതിന്ന ചരിത്രം ഈ റെഡ് ബാക്കുകള്‍ക്കുണ്ട്. അധികം പ്രായമാകാത്ത പാമ്പുകളെയാണ് റെഡ് ബാക്കുകള്‍ ലക്ഷ്യം വയ്ക്കുക. മിക്കപ്പോഴും ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കുകള്‍ തന്നെയാണ് ഇവയുടെ വലയില്‍ വന്നു കുരുങ്ങുന്നതും. രണ്ട് ജീവികളും ഏതാണ്ട് സമാനമായ ആവാസ വ്യവസ്ഥ പങ്കിടുന്നതാകാം ഇതിനു കാരണമെന്നാണു വിലയിരുത്തുന്നത്. മനുഷ്യവാസമുള്ള പ്രദേശത്താണ് ഓസ്ട്രേലിയയിലെ ഏറ്റവും അപകടകാരിയായി വിലയിരുത്തുന്ന ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കുകൾ കാണപ്പെടാറുള്ളത്.

2 മീറ്റര്‍ വരെ നീളം വയ്ക്കുന്നവയാണ് ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കുകള്‍. എന്നാല്‍ ഇവയുടെ കുഞ്ഞുങ്ങള്‍ക്ക് 1 മീറ്ററില്‍ താഴെ മാത്രമാണു നീളം. ഇത്തരം കുഞ്ഞുങ്ങളാണ് ഈ ചിലന്തികളുടെ വലയില്‍ കുരുങ്ങുന്നതും. പാമ്പിന്‍ കുഞ്ഞുങ്ങളാണെങ്കിലും ചിലന്തികള്‍ക്ക് ഇവ തങ്ങളേക്കാള്‍ നൂറിരട്ടി വലുപ്പമുള്ള ഇരകളാണ്. പക്ഷെ ശരീരത്തിന്‍റെ ഈ വലുപ്പവ്യത്യാസമൊന്നും ഇവയെ വേട്ടയാടുന്നതില്‍ നിന്ന് റെഡ് ബാക്കുകളെ പിന്തിരിപ്പിക്കാറില്ല. 

ഒരു തരത്തില്‍ പാമ്പുകളെ എട്ടുകാലികള്‍ തിന്നുകയല്ല ചെയ്യുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. റെഡ് ബാക്ക് എട്ടുകാലികള്‍ കുത്തിവയ്ക്കുന്ന വിഷം പാമ്പുകളുടെ ശരീരത്തിലുള്ള ടിഷ്യുകളെ സൂപ്പു പോലെയാക്കി മാറ്റുന്നു. ഇത് വലിച്ചു കുടിക്കുകയാണ് പിന്നീട് ചിലന്തികള്‍ ചെയ്യുക. ഇങ്ങനെ ഒരു പാമ്പിനെ ഇരയായി കിട്ടിയാല്‍ പിന്നെ ആഴ്ചകളോളം ഭക്ഷണമില്ലാതെ കഴിയാന്‍ ഇവയ്ക്കാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT