അദ്ഭുതപ്പെടുത്തുന്ന ശാരീരിക അഭ്യാസങ്ങള്‍ കാട്ടുന്ന മനുഷ്യരുണ്ട്. പക്ഷെ ഇവരൊന്നും തന്നെ ജന്തുലോകത്തെ അഭ്യാസികളുടെ ഏഴയലത്തു പോലും വരില്ല. പ്രത്യേകിച്ചും ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള തത്രപ്പാടില്‍ ജീവികള്‍ നടത്തുന്ന ചില നീക്കങ്ങള്‍ ഏതൊരു പോരാളിയേയും മറികടക്കുന്നതാണ്. ഇത്തരത്തില്‍ റാറ്റിൽ സ്നേക്കിന്റെ വായില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു ഓസ്ട്രേലിയന്‍ കംഗാരു എലി നടത്തിയ അഭ്യാസപ്രകടനങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ശരീര വഴക്കത്തിന്‍റെ കാര്യത്തിലും വേഗതയിലും പാമ്പുകള്‍ ജന്തുലോകത്ത് ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ്. പ്രത്യേകിച്ച്  റാറ്റില്‍ സ്നേക്ക്. ഈ വിഡിയോയിലെ നായകനായ കംഗാരു എലിയും ജന്തുലോകത്തെ മികച്ച അഭ്യാസിയാണ്. അതുകൊണ്ടു തന്നെ റാറ്റിൽ സ്നേക്കിന്റെ മുന്നില്‍ ചെന്ന് കംഗാരു എലി അകപ്പെട്ടപ്പോള്‍ തന്നെ കളമൊരുങ്ങിയത് രണ്ട് തികഞ്ഞ അഭ്യാസികള്‍ തമ്മിലുള്ള പോരാട്ടത്തിനാണ്. അക്ഷരാർഥത്തില്‍ കണ്ണടച്ചു തുറക്കും മുന്‍പേ അവസാനിക്കേണ്ടതായിരുന്നു ഇവരുടെ പോരാട്ടത്തിലെ പല നീക്കങ്ങളും. അതുകൊണ്ട് തന്നെ ഹൈ സ്പീഡ് ക്യാമറയിലാണ് ഈ അപൂർവ പോരാട്ടത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും.

നാല് ഹൈ സ്പീഡ് ക്യാമറകളാണ് ഈ ജന്മവൈരികളുടെ പോരാട്ടം പകര്‍ത്താന്‍ ഉപയോഗിച്ചത്. ഒന്നല്ല ഇത്തരത്തിലുള്ള 32 പോരാട്ടങ്ങളാണ് ഗവേഷകര്‍ ക്യാമറയില്‍ പകര്‍ത്തിയത്. റാറ്റിൽ സ്നേക്കിന്റെ രാത്രിയിലുള്ള ഇരപിടുത്തം പഠിക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. 13 പാമ്പുകളെയാണ് ഗവേഷകര്‍ നിരീക്ഷണത്തിനു വിധേയമാക്കിയത്. 32 തവണ ഈ പാമ്പുള്‍ പല കംഗാരു എലികളമായി ഏറ്റു മുട്ടി. ഇതില്‍ 15 എണ്ണത്തില്‍ മാത്രമാണ് കംഗാരു എലിക്ക് കടിയേറ്റത്. ഇവയില്‍ 7 എണ്ണം മാത്രമാണ് വിഷം ഉള്ളില്‍ എത്തിക്കുന്നതില്‍ വിജയിച്ചത്. ഇതിൽ തന്നെ പെട്ടെന്നു കൊല്ലാന്‍ സാധിച്ചത് നാലെണ്ണത്തിനെയാണ്. ഈ നാലെണ്ണത്തെ മാത്രമാണ് അണലികൾ ആഹാരമാക്കിയതും.

പറക്കും എലി

 റാറ്റിൽ സ്നേക്കിൽ നിന്നു രക്ഷപ്പെടാനായി ചാടുന്ന കംഗാരു എലി വായുവില്‍ അല്‍പ്പനേരം പറന്നു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകും. നീളമുള്ള വാലാണ് ഇവയെ ഇതിനു സഹായിക്കുന്നത്. കടിക്കാനായി കുതിച്ചു ചാടുന്ന പാമ്പിനു മുകളില്‍ ഇവ പറന്നു വായുവില്‍ നില്‍ക്കുന്ന ദൃശ്യം ഒരു കരാട്ടെ അഭ്യാസിയെ ഓര്‍മിപ്പിക്കും. പക്ഷെ കംഗാരു എലികളുടെ "നിന്‍ജ" അഭ്യാസം ഇതിനു ശേഷമാണ്, എലികള്‍ ചാടും എന്നറിയാവുന്ന പാമ്പുകള്‍ ഇവ താഴെയെത്തുമ്പോൾ പിടികൂടാനായി വാ പിളര്‍ന്നു നില്‍ക്കും. 

ദി നിന്‍ജാ കിക്ക്

ഇതറിയാവുന്ന എലികള്‍ താഴേക്കു വരുന്നതിനിടെ പാമ്പിന്റെ തലയ്ക്കു മുകളില്‍ തൊഴിക്കും, ഇതാണ് "ദി നിന്‍ജാ കിക്ക് ". ഈ കിക്ക് വിജയിക്കുമോ ഇല്ലയോ എന്നതാണ് എലികയുടെ ആയുസ്സിനെ നിര്‍ണ്ണയിക്കുക. കിക്ക് ഭാഗികമായെങ്കിലും വിജയയിച്ചാല്‍ പാമ്പിന്റെ വായിലകപ്പെടാതെ ചെറിയ കടിയേറ്റിട്ടായാലും കംഗാരു എലികള്‍ക്കു രക്ഷപ്പെടാൻ സാധിക്കും. എന്നാല്‍ ഈ കിക്ക് പാളിയാല്‍ ഇവ പാമ്പിന് ആഹാരമായി തീരുകയും ചെയ്യും. പക്ഷെ ഗവേഷകര്‍ വിഡിയോകളിലൂടെ കണ്ടെത്തിയത് പോലെ വളരെ ചെറിയ ശതമാനം കംഗാരു എലികള്‍ക്കു മാത്രമേ ഈ കിക്ക് പിഴയ്ക്കാറുള്ളു. ഭൂരിഭാഗവും പാമ്പുകളെ കീഴ്പ്പെടുത്തി രക്ഷപ്പെടുകയാണു ചെയ്യുക. 

സ്വന്തം ശരീര വലുപ്പത്തിന്‍റെ 7-8 ഇരട്ടി ഉയരത്തില്‍ കംഗാരു എലികള്‍ മുകളിലേക്കു ചാടുമെന്ന് വിഡിയോകളിലൂടെ ഗവേഷകര്‍ കണ്ടെത്തി. സാന്‍റിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. കൂടാതെ എലികള്‍ ചിലപ്പോഴൊക്കെ വായുവില്‍ വച്ചു തന്നെ കരണം മറിയുകയും താഴെ എത്തുമ്പോഴേക്കും തല പാമ്പില്‍ നിന്ന് അകലേക്ക് മാറാൻ ശ്രമിക്കുന്നതായും ഗവേഷകര്‍ തിരിച്ചറിഞ്ഞു. 

വായിലകപ്പെട്ടാലും രക്ഷപ്പെടും.

കംഗാരു എലികളെ ഒരു നിമിഷത്തേക്കു വായിലാക്കിയാലും പാമ്പുകള്‍ക്ക് ആശ്വാസിക്കാനുള്ള വകയില്ല. കാരണം പലപ്പോഴും തങ്ങളുടെ ശരീരത്തെ കടിയില്‍ നിന്നു മോചിപ്പിച്ച് രക്ഷപ്പെടാനുള്ള മാര്‍ഗവും ഈ എലികള്‍ക്കറിയാം. ഇതിനും ഇവരെ സഹായിക്കുന്ന ഇവയുടെ നീളമേറിയ കാലുകള്‍ തന്നെയാണ്. പാമ്പുകളുടെ ശരീരത്തില്‍ തൊഴിച്ചാണ് ഈ എലികള്‍ മോചനം സാധ്യമാക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT