കാട്ടിലെ രാജാവെന്നാണു മനുഷ്യര്‍ സിംഹത്തെ വിളിക്കുന്നത്. പക്ഷേ ചില സമയത്തെങ്കിലും ഈ പേര് സിംഹത്തിന് ഒരു ആര്‍ഭാടമാണോ എന്നു തോന്നിപ്പോകും. നേരിട്ടേറ്റു മുട്ടിയാല്‍ സിംഹം പരാജയപ്പെടാന്‍ സാധ്യതയേറെയുള്ള രണ്ട് ജീവികളാണ് ഭൂമിയിലുള്ളത്. ഒന്ന് കാട്ടു പോത്താണെങ്കില്‍ മറ്റൊന്നു മുള്ളന്‍പന്നിയാണ്. വെറുതെ ഊഹക്കണക്കല്ല 1960 മുതല്‍ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് മുള്ളന്‍പന്നികള്‍ക്ക് മുന്നില്‍ നിരന്തരം പരാജയപ്പെടുന്ന സിംഹങ്ങളുടെ ചിത്രം വ്യക്തമായത്.

ജേര്‍ണല്‍ ഓഫ് ഈസ്റ്റ് ആഫ്രിക്കന്‍ നാച്വറല്‍ ഹിസ്റ്ററിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മൂഷിക വര്‍ഗത്തില്‍ പെട്ട ഒരു ജീവിയോട് നിരന്തരം പരാജയപ്പെടുന്ന സിംഹങ്ങളുട ദയനീയത വിവരിക്കുന്നത്. 180 കിലോ ശരാശരി ഭാരമുള്ള സിംഹത്തിന് മുന്നില്‍ 18 കിലോ ഭാരമുള്ള മുള്ളന്‍പന്നി ജയിക്കുന്നത് നമുക്ക് ഊഹിക്കാന്‍ കഴിയുന്നതു പോലെ അവയുടെ മുള്ളുകളുടെ ശക്തികൊണ്ടാണ്. മുള്ളന്‍പന്നിയുടെ ശക്തമായ ആക്രമണത്തില്‍ സിംഹങ്ങള്‍ക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം പോലുമുണ്ടായിട്ടുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു. 

ഡേവിഡ് ഗോലിയാത്ത് പോരാട്ടം

ആഫ്രിക്കയിൽ ഡേവിഡ് ഗോലിയാത്ത് പോരാട്ടമെന്നാണ് സിംഹങ്ങളും മുള്ളന്‍പന്നികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ വിശേഷിപ്പിക്കുന്നത്. കരുത്തനായ ഗോലിയാത്തിനെ ഡേവിഡ് അട്ടിമറിക്കുന്ന കഥയ്ക്ക് സമാനമാണ് മുള്ളന്‍പന്നികളുടെ വിജയവും. മറ്റ് മൂഷിക വര്‍ഗ ജീവികളെ അപേക്ഷിച്ച് തടിയന്‍മാരും തല്‍ക്കാലത്തേക്ക് വിശപ്പടക്കാന്‍ സിംഹങ്ങള്‍ക്കുള്ള വകയുമാണ് മുള്ളന്‍ പന്നികള്‍. പക്ഷേ ആഫ്രിക്ക പോലെ ഇരകളെ ലഭിക്കാന്‍ നിരവധി സാധ്യതകളുള്ള പ്രദേശത്ത് എന്തുകൊണ്ട് സിംഹങ്ങള്‍ ജീവന്‍ പണയം വച്ച് മുള്ളന്‍ പന്നികളുടെ പിന്നാലെ പോകുന്നു എന്നതായിരുന്നു സംശയം.

താരതമ്യേന വരണ്ടതും ജീവികളുടെ സാന്നിധ്യം കുറവുള്ളതുമായ കിഴക്കന്‍ ആഫ്രിക്കയിലെ സിംഹങ്ങളാണ് മുള്ളന്‍പന്നികളില്‍ നിന്ന് കൂടുതല്‍ ആക്രമണം നേരിടുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. അതായത് അതേ വേഗത്തില്‍ സഞ്ചരിക്കാനാകാത്ത മുള്ളന്‍പന്നികളെ എളുപ്പമുള്ള ഇര എന്ന രീതിയിലാണ് സിംഹങ്ങള്‍ സമീപിക്കുന്നത്. ഇങ്ങനെ മുള്ളന്‍ പന്നികളെ വേട്ടയാടാന്‍ ശ്രമിക്കുന്ന സിംഹങ്ങളും ഒരു പ്രത്യേക പ്രായത്തില്‍ പെടുന്നവയാണെന്നും തിരിച്ചറിഞ്ഞു.

ചെറുപ്പക്കാരായ ആണ്‍ സിംഹങ്ങളാണ് മുള്ളന്‍ പന്നികളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നതായി കണ്ടെത്തിയത്. ഇതിന് രണ്ട് കാരണങ്ങളാണുണ്ടാകുക. ഒന്ന് പ്രായത്തിന്‍റെ പക്വതക്കുറവും തിരിച്ചറിവില്ലായ്മയും മൂലം മുള്ളന്‍ പന്നിയില്‍നിന്നുള്ള അപകടം മനസ്സിലാക്കാന്‍ ഈ സിംഹങ്ങള്‍ക്കു സാധിക്കുന്നില്ല. കൂടാതെ ഈ പ്രായത്തിലുള്ള ആണ്‍ സിംഹങ്ങളെല്ലാം തന്നെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവയാണ്. സിംഹങ്ങളാകട്ടെ കൂട്ടത്തോടെ വേട്ടയാടുന്ന സാമൂഹിക ജീവിയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ചെറു ജീവികളെ എളുപ്പമുള്ള ഇര എന്ന രീതിയില്‍ ഈ ആണ്‍ സിംഹങ്ങള്‍ സമീപിക്കുന്നതും.

നരഭോജികളാകുന്ന സിംഹങ്ങള്‍

1960 മുതല്‍ 2016 വരെയുള്ള കണക്കുകളെടുത്താല്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ അന്‍പത് സിംഹങ്ങളെങ്കിലും കൊല്ലപ്പെടുകയോ മാരകമായി പരിക്കേറ്റവയോ ആണെന്നു പഠനം പറയുന്നു. ഒരു സിംഹത്തിന്‍റെ ദേഹത്ത് മുള്ള് തറച്ചാല്‍ അതെടുത്ത് മാറ്റാന്‍ മറ്റൊരു സിംഹത്തിന്‍റെ സഹായം ആവശ്യമാണ്. എന്നാല്‍ ഒറ്റയ്ക്കു നടക്കുന്ന ആണ്‍സിംഹങ്ങള്‍ക്ക് ഈ സഹായം മിക്കപ്പോഴും ലഭിക്കാറില്ല. ഇവയാണ് മുള്ള് തറച്ച ഭാഗത്ത് പഴുപ്പു കയറി ഒടുവില്‍ വികലാംഗരാവുകയോ മരണപ്പെടുകയോ ചെയ്യുന്നത്.

ഇങ്ങനെ സാരമായി പരിക്കേറ്റ് മറ്റു മൃഗങ്ങളെ വേട്ടായാടാനാകാത്ത സിംഹങ്ങള്‍ പലപ്പോഴും നരഭോജികളായി മാറിയിട്ടുണ്ടെന്നും പഠനം പറയുന്നു. ഇങ്ങനെ നരഭോജികളായ തീര്‍ന്ന സിംഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ പലപ്പോഴും മുള്ളന്‍ പന്നിയുടെ മുള്ളേറ്റ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. മുള്ളേറ്റ് ചില സിംഹങ്ങളുടെ അസ്ഥിയിലേക്കു വരെ പഴുപ്പു പടര്‍ന്നിട്ടുണ്ടായിരുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.