ചുവന്ന തല, തവിട്ടു നിറമുള്ള ഉടൽ; കണ്ടെത്തിയത് പുതിയ അണലി വർഗത്തെ!
ഇന്ത്യയിൽ പുതിയ അണലി വർഗത്തെ കണ്ടെത്തി. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിൽ നിന്നാണ് പുതിയ അണലി വർഗത്തെ കണ്ടെത്തിയത്. ഉഭയജീവികളെക്കുറിച്ച് പഠനം നടത്തുന്ന സംഘമാണ് പുതിയ അണലി വിഭാഗത്തെ തിരിച്ചറിഞ്ഞത്. ചുവന്ന നിറത്തിലുള്ള തലയും തവിട്ടു നിറത്തിലുള്ള ശരീരവുമുള്ള അണലി പിറ്റ് വൈപർ ഗണത്തിൽ പെട്ടതാണ്. അതീവ വിഷമുള്ളതും ചൂട് തിരിച്ചറിയാൻ കഴിവുള്ളവയുമാണ് ഇവയെന്ന് ഗവേഷക സംഘത്തിലെ അശോക് ക്യാപ്റ്റൻ വ്യക്തമാക്കി.
റഷ്യൻ ജേർണലായ ഹെർപറ്റോളജിയാണ് പുതിയ പാമ്പിനെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഇന്ത്യയിൽ ഇതുവരെ നാല് വിഭാഗത്തിൽ പെട്ട അണലികളെയാണ് തിരിച്ചറിഞ്ഞിരുന്നത്. മലബാർ, ഹോഴ്സ്ഷൂ, ഹമ്പ് നോസ്ഡ്, ഹിമാലയൻ എന്നിവയാണവ.
എന്നാൽ പുതിയ അണലി വിഭാഗത്തെക്കുറിച്ച് കൂടുതലായൊന്നും അറിയില്ലെന്ന് ഗവേഷകർ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടിവരുമെന്നും ഇവർ വ്യക്തമാക്കി. എങ്കിൽ മാത്രമേ അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും ഭക്ഷണ രീതിയെക്കുറിച്ചും പ്രജജനത്തെക്കുറിച്ചുമൊക്കെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂ.
പൂനെ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ ഗവേഷകരാണ് പരുന്തുകളുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള സർവേക്കിടയിൽ ചുവന്ന അണലിയെ കണ്ടെത്തിയത്. റാമ്ദാ ഗ്രാമത്തിലെ ഒരാളാണ് ഈ പാമ്പിനെ കണ്ടതും ഗവേഷകർക്ക് കാട്ടിക്കൊടുത്തതും. ഇതിന്റെ ഡിഎൻഎ പരിശോധിച്ചപ്പോഴാണ് പുതിയ വിഭാഗമാണതെന്നു ഗവേഷകർക്ക് മനസ്സിലായത്. കണ്ടെത്തിയ ആൺ അണലി പാമ്പിനെ വിശദമായ പരിശോധനയ്ക്കായി ഇറ്റാനഗറിലുള്ള വനം വകുപ്പിന്റെ ഗവേഷണ മ്യൂസിയത്തിനു കൈമാറിയതായും ഗവേഷകർ വ്യക്തമാക്കി.