കുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകാൻ തയാറായ അമ്മ ജിറാഫ്; പക്ഷേ, സംഭവിച്ചത്?
പതിവു പോലെ പുൽമേട്ടിലൂടെ കുഞ്ഞിനൊപ്പം നടക്കുകയായിരുന്നു അമ്മ ജിഫാഫ്. പെട്ടെന്നാണ് വിശന്നുവലഞ്ഞ ഒരുപറ്റം സിംഹങ്ങൾ അവരെ വളഞ്ഞത്. പിടിക്കാൻ എളുപ്പമായതിനാൽ അമ്മയോടു ചേർന്നു നടക്കുന്ന കുഞ്ഞ് ജിറാഫായിരുന്നു സിംഹക്കൂട്ടത്തിന്റെ ലക്ഷ്യം. എന്നാൽ തന്റെ കുഞ്ഞിനെ വിട്ടുകൊടുക്കാൻ അമ്മ ജിറാഫ് തയാറായിരുന്നില്ല. സിംഹങ്ങൾ കുഞ്ഞിന് നേർക്ക് ചാടിവീഴാൻ നോക്കിയപ്പോഴെല്ലാം ആ അമ്മ കുഞ്ഞിനെ തന്റെ കാലിൻ ചുവട്ടിലേക്കു ചേർത്തു നിർത്തി. ഒരു ഘട്ടത്തിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ വരെ ആ അമ്മ തയാറായി. കൂട്ടത്തിലൊരു സിംഹം അമ്മ ജിറാഫിനെ കടിച്ചു കീറാനായി അതിന്റെ പുറത്തേക്ക് ചാടിക്കയറുകയും ചെയ്തു.
തങ്ങളുടെ സമീപത്തേക്ക് വരുന്ന സിംഹങ്ങളെ കുടഞ്ഞെറിഞ്ഞും തൊഴിച്ചു മാറ്റിയും ഏറെനേരം പ്രതിരോധിച്ചു. എന്നാൽ സിംഹങ്ങളുടെ കൂട്ടമായ ആക്രമണത്തിനു മുന്നിൽ ഏറെനേരം പിടിച്ചു നിൽക്കാൻ അമ്മ ജിറാഫിനായില്ല. അമ്മയേയും കുഞ്ഞിനേയും വേർപെടുത്തുന്നതിൽ വിജയിച്ച സിംഹക്കൂട്ടം തങ്ങള്‍ ലക്ഷ്യമിട്ടിരുന്ന ഇരയെ സ്വന്തമാക്കി. അമ്മയുടെ കൺമുന്നിൽ വച്ച് തന്നെ കുഞ്ഞുജിറാഫിനെ കടിച്ചുകീറി ഭക്ഷിച്ചു. പ്രകൃതിയുടെ നിയമമാണെങ്കിലും ചില ദൃശ്യങ്ങൾ നൊമ്പരപ്പെടുത്തുന്നതാണെന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങൾ.
കെനിയയിലെ ഒലേർ മോട്ടോറോഗി കൺസർവൻസിയിലാണ് ദാരുണമായ സംഭവം നടന്നത്. വന്യജീവി ഫൊട്ടോഗ്രഫറായ ജെയിംസ് നമ്പാസോയാണ് സിംഹങ്ങൾ വേട്ടയാടുന്ന ചിത്രങ്ങൾ പകർത്തിയത്. 12 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു രംഗം നേരിൽ കണ്ടതെന്ന് ജെയിംസ് വ്യക്തമാക്കി.