30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജപ്പാനെത്തുന്നു; തിമിംഗലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍!
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ വെയ്‌ലിങ് കമ്മീഷനില്‍ നിന്നു പിന്‍വാങ്ങുന്നത്. വിവാദകരമായ ഈ നടപടി വ്യാവസായിക അടിസ്ഥാനത്തിലുള്ള തിമിംഗല വേട്ട ആരംഭിക്കുന്നതിനു വേണ്ടിയായിരുന്നു. ജപ്പാന്‍റെ വ്യാവസായിക വേട്ടയ്ക്കായുള്ള ശ്രമങ്ങളെ ഏതാനും വര്‍ഷങ്ങളായി രാജ്യാന്തര വെയ്‌ലിങ് കമ്മീഷന്‍ എതിര്‍ത്തതോടെയാണ് കമ്മീഷനിലെ അംഗത്വം തന്നെ ഉപേക്ഷിച്ച് ജപ്പാന്‍ വേട്ടയ്ക്കായി ഒരുങ്ങിയത്.
ഇപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം ജൂലൈ 1 മുതല്‍ 30 വര്‍ഷമായി നിര്‍ത്തി വച്ചിരുന്ന തിമിംഗല വേട്ട പുനരാരംഭിക്കാനാണ് ജപ്പാന്റെ തീരുമാനം. ഓഗസ്റ്റ് വരെ ജാപ്പനീസ് ദ്വീപ സമൂഹത്തിന്‍റെ പരിസരത്തും അതിനു ശേഷം ഒക്ടോബര്‍ വരെ പസിഫിക്കിലെ രാജ്യാന്തര സമുദ്രമേഖലകളിലുമായിരിക്കും ജപ്പാനില്‍ നിന്നുള്ള കപ്പലുകള്‍ തിമിംഗലങ്ങളെ വേട്ടയാടുക. അഞ്ച് കപ്പലുകളാണ് ഇത്തവണ ജപ്പാന്‍ തീരത്തു നിന്ന് വേട്ടയ്ക്കായി പുറപ്പെടുക.
തിമിംഗല വേട്ടയ്ക്കുള്ള വിലക്ക്
1982 ലാണ് തിമിംഗല വേട്ടയ്ക്ക് വിലക്കു വേണമെന്ന ആവശ്യം രാജ്യാന്തര വെയ്‌ലിങ് കമ്മീഷന്‍ അംഗീകരിയ്ക്കുന്നത്. തിമിംഗല വര്‍ഗത്തില്‍ പെട്ട പല ഇനങ്ങളുടെയും എണ്ണം വ്യാപകമായ വേട്ടയെ തുടര്‍ന്ന് സാരമായ തോതില്‍ കുറഞ്ഞതോടെയായിരുന്നു വിലക്ക് എന്ന ആശയം ഉയര്‍ന്നു വന്നത്. ഇതോടെ 80 രാജ്യങ്ങള്‍ ഒപ്പിട്ട് 1986 ല്‍ തിമിംഗല വേട്ട നിരോധിക്കാന്‍ തീരുമാനമെടുത്തു. ജപ്പാനും റഷ്യയും നോര്‍വെയും ഉള്‍പ്പടെയുളള്ള ചില രാജ്യങ്ങള്‍ ഇതിനു ശേഷവും വ്യാവസായിക അടിസ്ഥാനത്തിലുള്ള വേട്ടയുമായി മുന്നോട്ടു പോയെങ്കിലും 1989 ല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇതും അവസാനിപ്പിച്ചു.
എന്നാല്‍ ജപ്പാനും നോര്‍വെയും പോലുള്ള രാജ്യങ്ങള്‍ തിമിംഗലവേട്ട ഇതിനു ശേഷവും തുടര്‍ന്നിരുന്നു. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ആവശ്യമാണെന്ന പേരിലായിരുന്നു പിന്നീട് നടത്തിയ വേട്ടകള്‍. എന്നാല്‍ വ്യാവസായിക വേട്ടയ്ക്കു വിലക്കു നിലനിന്നതു കൊണ്ട് തന്നെ വേട്ടയാടുന്ന തിമിംഗലങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു, വര്‍ഷം ശരാശരി ആയിരത്തോളം തിമിംഗലങ്ങളെയാണ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കെന്ന പേരില്‍ ജപ്പാന്‍ കഴിഞ്ഞ 30 വര്‍ഷമായി വേട്ടയാടിയിരുന്നത്. ഈ 3 പതിറ്റാണ്ടിനിടയില്‍ ഏതാണ്ട് 32000 തിമിംഗലങ്ങളെ ജപ്പാന്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ പേരില്‍ വേട്ടയാടിയെന്നാണ് കണക്കാക്കുന്നത്.
അന്‍റാര്‍ട്ടിക് മേഖലയിലായിരുന്നു ജപ്പാന്‍റെ ശാസ്ത്രീയ പരീക്ഷണത്തിന്റെ പേരിലുള്ള അനധികൃത തിമിംഗല വേട്ട. ഓസ്ട്രേലിയ ഇതിനെതിരെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. ഇതോടെ ജപ്പാന്‍ വീണ്ടും പ്രതിരോധത്തിലായി. വൈകാതെ ജപ്പാന്‍റെ നടപടിക്കെതിരെ മറ്റ് ലോകരാജ്യങ്ങളും ശബ്ദമുയര്‍ത്തി. രാജ്യാന്തര വെയ്‌ലിങ് കമ്മീഷനും അനധികൃത വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വെയ്‌ലിങ് കമ്മീഷനില്‍ നിന്നുള്ള പിന്‍മാറ്റം ജപ്പാന്‍ പ്രഖ്യാപിച്ചത്.
സാമ്പത്തിക നേട്ടം
സാമ്പത്തികമായ നേട്ടം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് ജപ്പാന്‍റെ ഈ തീരുമാനമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്. വിലക്ക് നിലവില്‍ ഉണ്ടായിരുന്നിട്ടും തിമിംഗലവേട്ട നടത്തിയ ജപ്പാന്‍ വര്‍ഷം തോറും തിമിംഗല ഇറച്ചി വ്യാപകമായി കയറ്റുമതി ചെയ്യുന്നതും തുടര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ രാജ്യാന്തര ധാരണയെ പോലും വെല്ലുവിളിച്ച് ജപ്പാന്‍ നടത്തൊനൊരുങ്ങുന്നത് തിമിംഗലങ്ങളുടെ കൂട്ടക്കൊല ആയിരിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിലെ തകര്‍ച്ചയ്ക്കു ശേഷം ജപ്പാനെ കരകയറാന്‍ സഹായിച്ച മുഖ്യ ഭക്ഷ്യമാര്‍ഗം തിമിംഗലത്തിന്‍റെ ഇറച്ചിയായിരുന്നു. ഇതില്‍ നിന്നുള്ള കയറ്റുമതി മൂലം ലഭിക്കുന്ന സാമ്പത്തിക നേട്ടവും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കു നിര്‍ണായകമായി. ഇത്തരത്തിലുള്ള ചരിത്രപരവും സാംസ്കാരികപരവുമായി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിമിംഗലവേട്ടയ്ക്കുള്ള അവകാശവാദം രാജ്യം ഉന്നയിക്കുന്നത്. എന്നാല്‍ യഥാർഥത്തില്‍ ഇത് ഏതാനും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സാമ്പത്തിക നേട്ടത്തിനുള്ള നടപടി മാത്രമാണെന്നാണ് കണക്കുകള്‍ സൂചന നല്‍കുന്നത്.
കാരണം ജപ്പാനില്‍ ദിവസേന തിമിംഗല ഇറച്ചി കഴിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇറച്ചിക്കു വേണ്ടിയുള്ള ആവശ്യം കാര്യമായി കുറഞ്ഞതോടെ തിമിംഗല വേട്ടക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സബ്സിഡി പോലും നല്‍കുന്നുണ്ട്. കൂടാതെ തിമിംഗല സംരക്ഷണത്തിന്‍റെ ഭാഗമായുള്ള വെയില്‍ വാച്ചിങ് എന്ന രീതി ജപ്പാനില്‍ വ്യാപകമാകുന്നണ്ട്. ഈ സാഹചര്യത്തിലാണ് സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും പേരില്‍ തിമിംഗലങ്ങയെ യന്ത്രങ്ങള്‍ ഉപയോഗിച്ചു കൂട്ടക്കൊല ചെയ്യാന്‍ അധികൃതര്‍ വാശി പിടിക്കുന്നതെന്നതാണ് വൈപരീത്യം. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ രാജ്യാന്തര ധാരണ ലംഘിച്ച് നടത്താന്‍ പോകുന്ന തിമിംഗല വേട്ട കോര്‍പ്പറേറ്റുകള്‍ക്കു കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കാനാണെന്ന വാദം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. തിമിംഗല വേട്ടയ്ക്കായി ജൂലൈ 1 നു പുറപ്പെടുന്ന അഞ്ച് കപ്പലുകളുടെ ഉടമസ്ഥര്‍ ആറ് കോര്‍പ്പറേറ്റ് ഭീമന്‍മാരാണെന്നതും പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണത്തെ സാധൂകരിക്കുന്നു.