ഫ്രഞ്ച് അതീനധയിലുള്ള കോർസിക എന്ന ദ്വീപിൽ നൂറ്റാണ്ടുകള്‍ക്കു മുന്നേ പഴക്കമുള്ള കെട്ടുകഥയിരുന്നു ഝാട്ടു- വോൾപ് എന്ന ജീവി. പൂച്ചയുടെ ശരീരവും കുറുക്കന്‍റെ വാലുമുള്ള ആടുകളുടെ രക്തം കുടിക്കുന്ന ഈ ജീവി ആട്ടിടയന്‍മാരുടെ പേടി സ്വപ്നമായിരുന്നു. എന്നാല്‍ ഈ ജീവിയുടെ സാന്നിധ്യം തിരിച്ചറിയാത്തതിനാല്‍ സമീപകാലത്ത് ഇവയെ കണ്ടെത്തും വരെ ക്യാറ്റ് ഫോക്സ് ഒരു കെട്ടുഥയാണെന്ന ധാരണയിലായിരുന്നു ശാസ്ത്രലോകം.

ക്യാറ്റ് ഫോക്സ് എന്ന പൂച്ചക്കുറുക്കന്‍ കോർസികയിലെ തന്നെ കാട്ടു പൂച്ചകളിലെ ഒരു വിഭാഗമാണെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇതുവരെ തിരിച്ചറിയപ്പെടാത്തവയാണ് ഈ കാട്ടുപൂച്ചകള്‍. ഇപ്പോള്‍ ഡിഎന്‍എ പരിശോധനയിലാണ് ഒരു ചെറു കുറുക്കന്‍റെ വലുപ്പവും നീണ്ട രോമം നിറഞ്ഞ വാലിന്‍റെ ഉടമയുമായ ഈ പൂച്ചവര്‍ഗം വ്യത്യസ്തമാണെന്നു സ്ഥിരീകരിച്ചത്. 

കോർസിക ദ്വീപിലെ അസ്കോ വനമേഖലയിലാണ് ഇവ കണ്ടുവരുന്നത്. ഇവയെ കാട്ടുപൂച്ചകളിലെ ഉപവിഭാഗമായി ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇതിനുള്ള നടപടി ക്രമങ്ങളും കൂടുതല്‍ പഠനങ്ങളും ഫ്രഞ്ച് ഒൗദ്യോഗിക ഏജന്‍സിയായ നാഷണല്‍ ഹണ്ടിങ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഓഫിസ് നടത്തി വരികയാണ്. നിലവില്‍ ലോകത്തെ കാട്ടുപൂച്ചകളെ ആകെ രണ്ട് ജനുസ്സായാണ് തിരിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ കാട്ടുപൂച്ചകളും യൂറോപ്യന്‍ കാട്ടുപൂച്ചകളും.

ഈ രണ്ട് ജനുസ്സുകള്‍ക്കും ഒട്ടനവധി ഉപജനുസ്സുകളുമുണ്ട്. ഏഷ്യയിലും അമേരിക്കയിലും കാണപ്പെടുന്ന കാട്ടുപൂച്ചകളെയും ഉപവിഭാഗങ്ങളായി പൊതുവെ ഈ രണ്ട് ജനുസ്സുകളുടെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ കോര്‍സികയിൽ കണ്ടെത്തിയിട്ടുള്ള കാട്ടുപൂച്ചയില്‍ നിന്ന് ലഭിച്ച ജനിതക വിവരങ്ങള്‍ വച്ച് ഈ പൂച്ചകള്‍ യൂറോപ്യന്‍ ജനുസ്സില്‍ പെടുന്നവയല്ലെന്നു വ്യക്തമായിട്ടുണ്ട്. ആഫ്രിക്കന്‍ കാട്ടുപൂച്ചകളുമായാണ് ഈ കാട്ടുപൂച്ചയുടെ ജനിതക ഘടകങ്ങള്‍ക്കു സാമ്യം. ഇക്കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൂച്ചക്കുറുക്കന്‍മാര്‍ പുതിയ ഉപവിഭാഗമാണോ അതോ ഒരു ജനുസ്സ് തന്നെയാണോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും. 

ഭൂരിഭാഗം കാട്ടുപൂച്ചകളെയും എന്ന പോലെ മനുഷ്യനുമായി ഇണങ്ങാന്‍ ഒരു താല്‍പര്യമില്ലാത്തവയാണ് ഈ പൂച്ചക്കുറുക്കന്‍മാരും. ഒട്ടും സൗഹാര്‍ദപരമല്ല ഈ പൂച്ചകളുടെ ശൈലിയെന്ന് കോര്‍സികയിലെ പ്രധാന വന്യജീവി വാര്‍ഡന്‍ പിയറ ബെനഡെറ്റി പറയുന്നു. ഈ സ്വഭാവത്തില്‍ നിന്നു തന്നെയാണ് ഈ പൂച്ചകള്‍ കാട്ടുപൂച്ചകളുടെ ജനുസ്സില്‍ പെടുന്നവയാണെന്ന് സ്ഥിരീകരിച്ചത്. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കാന്‍ പക്ഷേ പഠനം പൂര്‍ത്തിയാകണമെന്നും പിയറ ബെനഡെറ്റി പറയുന്നു. 

കോര്‍സിക ദ്വീപ സമൂഹം പണ്ടു മുതലേ സജീവ മനുഷ്യ സാന്നിധ്യമുള്ള മേഖലയാണെങ്കിലും ഈ പൂച്ചയെ കണ്ടെത്തിയ അസ്കോ വനമേഖല വരണ്ട ഭൂമിയായതിനാല്‍ തന്നെ സജീവ മനുഷ്യവാസമുള്ള ദ്വീപല്ല. എന്നാൽ ആയിരക്കണക്കിന് വര്‍ഷം മുന്‍പ് തന്നെ മനുഷ്യ നിര്‍മിത പാലങ്ങളുള്ളതും ഇപ്പോഴും വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലകളിലൊന്നുമാണ് അസ്കോ വനമേഖല. എങ്കിലും ഈ പൂച്ചവര്‍ഗത്തെ ആദ്യമായി കാണുന്നത് 2008 ലാണ്. തുടര്‍ന്ന് ഇവയെക്കുറിച്ച് ഗൗരവമായി പഠിച്ചു തുടങ്ങുന്നത് 2016 ലാണ്. എന്തായാലും പഠനം പൂർത്തീകരിച്ചാലേ ഈ പൂച്ചക്കുറുക്കൻമാരെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാനാകൂ.