യെല്ലോ സ്റ്റോൺ ദേശീയോദ്യാനം സന്ദർശിക്കാനെത്തിയ 9 വയസ്സുകാരിക്കാണ് കാട്ടുപോത്തിന്റെ ആകസ്മികമായ ആക്രമണത്തിൽ പരിക്കേറ്റത്. ആയിരം കിലോയോളം ഭാരമുള്ള ഒരു കൂറ്റൻ കാട്ടുപോത്താണ് പെൺകുട്ടിയെ കൊമ്പിൽ തൂക്കി വായുവിലേക്ക് ചുഴറ്റിയെറിഞ്ഞത്.കുടുംബാംഗങ്ങളോടൊപ്പം ഫ്ലോറിഡയിൽ നിന്നും യെല്ലോസ്റ്റോൺ ദേശിയോദ്യാനം സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി. 

പെൺകുട്ടിയും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന വിനോദസഞ്ചാര സംഘം ഏകദേശം 20 മിനിട്ടോളം സംഘം കാട്ടുപോത്തിനെ നിരീക്ഷിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. പെട്ടന്നാണ് കാട്ടുപോത്ത് പ്രകോപിതനായി പാഞ്ഞടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ വേഗം ഓടി മാറിയെങ്കിലും കുട്ടിക്ക് മാറാൻ സാധിച്ചില്ല. പൊടിപറപ്പിച്ച് പാഞ്ഞെത്തിയ കാട്ടുപോത്തിന്റെ കണ്ണിൽപ്പെട്ടതോടെ കുട്ടിയെ കൊമ്പിൽ കുത്തി വലിച്ചെറിയുകയായിരുന്നു. ഭാഗ്യവശാൽ കുഞ്ഞിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ വന്യമൃഗങ്ങളിൽ നിന്ന് ഏകദേശം 23 മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിയമം.എന്നാൽ കാട്ടുപോത്തിൽ നിന്ന് അധികം അകലെയല്ലാതെ നിന്നതാണ് ഇവർക്ക് വിനയായത്. കാട്ടുപോത്തിന്റെ ആവാസസ്ഥലത്ത് അതിക്രമിച്ച് കയറിയതിനാലാകാം അത് പ്രകോപിതനായതെന്നാണ് നിഗമനം. സംഭവസ്ഥലത്തുണ്ടായിരുന്ന ഹേയ്‌ലി ഡേയ്ടൺ എന്നയാളാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.