മര്‍മോസെറ്റ് ഇനത്തില്‍പെട്ട പുതിയ കുരങ്ങ് വര്‍ഗത്തെയാണ് ആമസോൺ കാടുകളിൽ നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്. മികോ മുണ്ടുരുകൂ എന്നതാണ് പുതിയ കുരങ്ങിനത്തിന് നല്‍കിയിരിക്കുന്ന പേര്. ആമസോണില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള മര്‍മോസെറ്റ് ഇനത്തില്‍ പെട്ട കുരങ്ങുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ കുരങ്ങ് വര്‍ഗമെന്ന് ഗവേഷകര്‍ പറയുന്നു. മഞ്ഞിന്‍റെ നിറമുള്ള വാലുകളാണ് ഈ കുരങ്ങുകളെ മറ്റ് മര്‍മോസെറ്റുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.

18, 19 നൂറ്റാണ്ടുകളിലായാണ് ആമസോണ്‍ കാടുകളിലെ ജൈവവൈവിധ്യത്തെപ്പറ്റി വ്യാപകമായ പഠനം നടക്കുന്നത്. അക്കാലത്താണ് ആമസോണിലെ മര്‍മോസെറ്റ് വിഭാഗത്തില്‍പെടുന്ന കുരങ്ങുകളെ കണ്ടെത്തുന്നതും. അക്കാലത്ത് തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍നിന്ന് മാത്രമാണ് സാംപിളുകള്‍ കളക്റ്റ് ചെയ്ത് പഠനം നടത്തിയതെന്നതിനാല്‍ ഇപ്പോഴും ആമസോണില്‍ ഇതുവരെ കണ്ടെത്താത്ത ജീവികളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

കൂടാതെ അന്ന് ജീവികളില്‍നിന്ന് നേരിട്ട് സാംപിളുകള്‍ ശേഖരിക്കാതെയാണ് പല ജീവികളെയും വേര്‍തിരിച്ചത്. അതുകൊണ്ട് തന്നെ ഇത്തരം പഠനങ്ങളിലെ പോരായ്മകള്‍ തിരുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. ഈ ശ്രമത്തിന്‍റെ ഭാഗമായി നടത്തിയ പഠനത്തിലാണ് പുതിയ മര്‍മോസെറ്റ് കുരങ്ങിനെ കണ്ടെത്തിയതും. പീര്‍ജ് എന്ന സയന്‍റിഫിക് ജേര്‍ണലിലാണ് പുതിയ കുരങ്ങ് വര്‍ഗത്തേക്കുറിച്ചുള്ള പഠനം പ്രത്യക്ഷപ്പെട്ടത്. 

3 വര്‍ഷം നീണ്ട പഠനം

വളരെ യാദൃശ്ചികമായാണ് ഈ പുതിയ കുരങ്ങ് വര്‍ഗത്തെ കണ്ടെത്തിയതെന്ന് ഈ പഠനം നടത്തിയ റോഡ്രിഗ കോസ്റ്റ ഓജോ പറയുന്നു. ബ്രസീലിലെ ആമസോണിയന്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് കോസ്റ്റ ഓജോ. തെക്കുകിഴക്കന്‍ ആമസോണിലെ ടപാജോസ്, ജമാക്സിം എന്നീ നദികള്‍ക്കിടയിലെ വനമേഖലയിലെ ജന്തുജാലങ്ങളെക്കുറിച്ച് പഠനം നടത്തുകയായിരുന്നു കോസ്റ്റ ഓജ. ഇതിനിടയിലാണ് മൂന്ന് കുരങ്ങുകള്‍ ഒരു മരക്കൊമ്പില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

മൂന്ന് കുരങ്ങുകളും മര്‍മോസെറ്റ് ഇനത്തില്‍പെട്ടതാണെങ്കിലും ഒരു കുരങ്ങിന്‍റെ മാത്രം നിറത്തിലുള്ള വ്യത്യാസമാണ് കോസ്റ്റ ഓജയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നാണ് ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി ആമസോണിലേക്ക് പ്രത്യേക യാത്രകള്‍ നടത്തിയത്. 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഈ കുരങ്ങുകളെക്കുറിച്ച് പഠിക്കാന്‍ 8 തവണയാണ് ആമസോണിലെ ഈ വനമേഖലയിലേക്ക് കോസ്റ്റ ഓജോയും സംഘവുമെത്തിയത്. 

ഡിഎന്‍എ പരിശോധന

ശരീരത്തിലെ പാടുകളും അവയുടെ വാലിന്‍റെ നിറവുമായിരുന്നു പുതിയ ജനുസ്സിനെ മറ്റ് മര്‍മോസെറ്റുകളില്‍ നിന്ന് വ്യത്യസ്തമാക്കിയത്. വെളുത്ത വാലിന് പുറമെ മഞ്ഞ നിറത്തിലാണ് ഇവയുടെ ശരീരത്തിന്‍റെ പിന്‍ഭാഗം കാണപ്പെട്ടത്. വെളുത്ത കൈവെള്ളകളും വെളുത്ത കാല്‍പ്പാദങ്ങളും മുട്ടിലുള്ള ഇളം മഞ്ഞ നിറവുമെല്ലാം ഇവയുടെ രൂപം മറ്റുള്ള മര്‍മോസെറ്റുകളില്‍ നിന്ന് വ്യത്യസ്തമാക്കി. ഇതോടെയാണ് ഇവയുടെ ഡിഎന്‍എ പരിശോധന നടത്താന്‍ സംഘം തീരുമാനമെടുത്തത്. 

ഡിഎന്‍എ പരിശോധനയില്‍ ഇവ ആമസോണിലെ മറ്റ് മര്‍മോസെറ്റ് ജീവികളുമായി അടുത്തു ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും വ്യത്യസ്ത ജനുസ്സാണെന്ന കാര്യം ഗവേഷകര്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇവയ്ക്ക് മൈക്കോ മുണ്ടുറുകു എന്ന പേര് ഗവേഷകര്‍ നല്‍കിയത്. മൈകോ എന്നത് മര്‍മോ സെറ്റുകള്‍ക്ക് പൊതുവെ നല്‍കുന്ന പേരാണ്. മുണ്ടുറുകു എന്നത് ഇവയെ കണ്ടെത്തിയ പ്രദേശത്തിനു സമീപം ജീവിക്കുന്ന പ്രാദേശിക ജനവിഭാഗത്തിന്‍റെ പേരാണ്. ഇവ രണ്ടും ചേര്‍ത്താണ് ഈ കുരങ്ങുകളെ മൈകോ മുണ്ടുറുകു എന്ന പേരു നല്‍കിയത്. 

നിലനില്‍പ് ഭീഷണിയില്‍

ഈ ജനുസ്സിന്‍റെ ഇപ്പോഴത്തെ നില അത്ര സുരക്ഷിതമല്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. മേഖലയില്‍ നിർമാണത്തിലിരിക്കുന്ന പുതിയ ജലവൈദ്യുത പദ്ധതിയും കൃഷിക്കു വേണ്ടിയുള്ള വനനശീകരണവും ഉള്‍പ്പടെ ഈ ജീവികളുടെ നിലനില്‍പിനു ഭീഷണിയാകുന്ന പല ഘടകങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണം കൊണ്ട് തന്നെ ഇവയെ ഐയുസിഎന്നിന്റെ ചുവന്ന പട്ടികയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്കൊപ്പം ഉള്‍പ്പെടുത്തണമെന്നാണ് ഗവേഷക സംഘം ആവശ്യപ്പെടുന്നത്.