നിരന്നിരുന്ന് വെള്ളം കുടിക്കുന്ന 21 സിംഹങ്ങൾ; ചിത്രങ്ങൾ കൗതുകമാകുന്നു!
നദിക്കരയിൽ വരിവരിയായി നിരന്നിരിന്നു വെള്ളം കുടിക്കുന്ന സിംഹക്കൂട്ടത്തിന്റെ ചിത്രങ്ങൾ കൗതുകമാകുന്നു. 21 സിംഹങ്ങൾ ഉൾപ്പെടുന്ന വലിയ സിംഹക്കൂട്ടം ഒരുപോലെയിരുന്ന് ഒരേ സമയം വെള്ളം കുടിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. സ്വിസ്സ് ഫോട്ടോഗ്രാഫറായ ജൂയിയൻ റെഗമേയാണ് 2016 ൽ പാർക്ക് സന്ദർശിച്ചപ്പോഴാണ് സിംഹക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇതോടൊപ്പം സിംഹക്കൂട്ടത്തിന്റെ ഒരുപാട് ചിത്രങ്ങൾ ജൂയിയൻ പകർത്തിയിരുന്നെങ്കിലും ഒന്നിൽ മാത്രമാണ് 21 സിംഹങ്ങൾ ഒരുപോലയിരുന്ന് ഒരേ സമയം വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ പകർത്താനായത്.
ഫോട്ടോഗ്രാഫറായ തന്റെ ജീവിതത്തിലെ അപൂർവ നിമിഷമെന്നാണ് ഈ ചിത്രം പകർത്താനായതിനെപ്പറ്റി ജൂലിയൻ വിശേഷിപ്പിച്ചത്. ആഴ്ചകളോളം ബയാല പ്രൈഡ് എന്നറിയപ്പെടുന്ന ഈ സിംഹക്കൂട്ടത്തിന്റെ പിന്നാലെ നടന്നാണ് ഇത്രയും മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.
വേട്ട കഴിഞ്ഞ് വെറും കൈയോടെ മടങ്ങിയ സിംഹക്കൂട്ടം വെള്ളം കുടിക്കാനായി നദിക്കരയിലെത്തിയപ്പോഴാണ് അപൂർവ ദൃശ്യങ്ങൾ പിറന്നത്. ഒരു ഫോട്ടൊഗ്രാഫറുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണിതെന്ന് ജൂലിയൻ വ്യക്തമാക്കി. എന്തായാലും അപൂർവ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജൂലിയൻ അവിടെനിന്നും മടങ്ങിയത്.