വെള്ളപ്പൊക്കത്തിൽ കാണാതായത് കൂറ്റൻ മുതലയെ; 18 ദിവസം അജ്ഞാതവാസം; ഒടുവിൽ സംഭവിച്ചത്?
14 അടിയോളം നീളമുള്ള ഒരു മുതലയെ ഏത് നിമിഷവും നിങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന സ്ഥിതിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. അമേരിക്കയിലെ ടെക്സാസിലുള്ള ബ്യൂമൗണ്ടിലെ മുതലകളുടെ സംരക്ഷണകേന്ദ്രമായ അലിഗേറ്റര്‍ കണ്ട്രിക്ക് സമീപമുള്ളവര്‍ ഏതാണ്ട് ഈ സ്ഥിതിയിലായിരുന്നു. കാരണം അലിഗേറ്റര്‍ കൺട്രിയില് നിന്ന് കാണാതായ അമേരിക്കയിലെ ഏറ്റവും വലിയ മുതല തന്നെ. രണ്ടാഴ്ച മുന്‍പുണ്ടായ വെള്ളപ്പൊക്കത്തിലാണ് മറ്റ് ഏതാനും ചെറു മുതലകള്‍ക്കൊപ്പം ബിഗ് ടെക്സ് എന്നു വിളിയിക്കുന്ന കൂറ്റന്‍ മുതലയെയും കാണാതായത്.
പ്രളയ ജലം തെരുവുകളില്‍ പോലും നിറഞ്ഞതോടെ മുന്നറിയിപ്പുകളും പ്രവഹിച്ചു. ബിഗ് ടെക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ അലിഗേറ്റര്‍ കണ്ട്രിക്ക് സമീപമുള്ള പ്രദേശങ്ങളിലെ എല്ലാവരിലുമെത്തി എന്നുറപ്പാക്കി. വെള്ളം കെട്ടി കിടക്കുന്ന ഒരു മേഖലയിലേക്കും പോകരുതെന്ന് നിര്‍ദ്ദേശം നല്കി. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യനെ പോലും കൊന്നു മുഴുവനായി തിന്നാന്‍ തക്ക പ്രാപ്തിയുള്ള മുതലയാണ് ബിഗ് ടെക്സ്. പ്രത്യേകിച്ചും പ്രളയത്തെ തുടര്‍ന്ന് ആഹാരം പോലും കിട്ടാത്ത അവസ്ഥയില്‍.
ബിഗ് ടെക്സിന് വേണ്ടിയുള്ള തിരച്ചില്‍
കാണാതായ ബിഗ് ടെക്സിനെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ജോണ്‍ വാര്‍ണറാണ്. ടെക്സാസില്‍ തന്നെ മുതലകളുടെ സംരക്ഷണത്തിനായുള്ള സ്ഥാപനം നടത്തുകയാണ് ജോണ്‍ വാര്‍ണര്‍. മുതകളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചുള്ള പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ ആളുമാണ് ജോണ്‍ വാര്‍ണര്‍. അതുകൊണ്ട് തന്നെ ബിഗ് ടെക്സ് എവിടെ ഉണ്ടാകും എന്നതിനെക്കുറിച്ച് ഏകദേശ ധാരണ ജോണ്‍ വാര്ണറിനുണ്ടായിരുന്നു. സ്ഥിരം താമസിക്കുന്ന പ്രദേശത്തു നിന്ന് രണ്ടാഴ്ച കൊണ്ട് അധികം ദൂരത്തേക്ക് ബിഗ് ടെക്സ് പോകാനിടയില്ലെന്ന് ജോണ്‍ വാര്‍ണര്‍ പറഞ്ഞു.
വെള്ളപ്പൊക്കം തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ബിഗ് ടെക്സിനെ കാണാനില്ലെന്ന കാര്യം അധികൃതര്‍ക്കു വ്യക്തമായിരുന്നു. എന്നാല്‍ ചുറ്റും വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ മുതലയെ എവിടെ പോയി അന്വേഷിക്കും എന്നതായിരുന്നു പ്രതിസന്ധി. അതുകൊണ്ടു തന്നെ വെള്ളം താഴും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. ഇതാണ് മുതലയെ കണ്ടത്താന്‍ രണ്ടാഴ്ച സമയമെടുത്തതിനു കാരണം
ജോണ്‍ വാര്‍ണറിന്റെ കണക്കു കൂട്ടല്‍പ്രകാരം ആദ്യം മുതലയെ സൂക്ഷിച്ചിരുന്ന കുളത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിശോധിക്കുകയാണ് ചെയ്തത്. ഇതില്‍ തന്നെ കാണാതായ പല ചെറു മുതലകളെയും ലഭിച്ചു. എന്നാല്‍ ബിഗ് ടെക്സിനെ കണ്ടെത്താനായില്ല. വൈകാതെ 15 ഏക്കര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന അലിഗേറ്റര്‍ കണ്ട്രി മുഴുവനായും അരിച്ചു പെറുക്കി. പക്ഷേ ബിഗ് ടെക്സിനെ കിട്ടിയില്ല. ഇതോടെ അധികൃതര്‍ ആശങ്കയിലായി. പ്രളയജലം ഇറങ്ങിയെങ്കിലും ജനവാസമുള്ള പല മേഖലയിലും ഇപ്പോഴും വെള്ളം കെട്ടി കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ എവിടെയെങ്കിലും ബിഗ് ടെക്സ് എത്തിയിട്ടുണ്ടെങ്കില്‍ അത് അപകടമാണ്.
ഏന്നാല്‍ സസ്പെന്‍സ് അധികസമയം നീണ്ടു നിന്നില്ല. അലിഗേറ്റര്‍ കണ്ട്രിയില് നിന്ന് അധികം അകലെയല്ലാതെ തന്നെയുള്ള ഒരു കുളത്തില്‍ നിന്ന് ബിഗ് ടെക്സിനെ കണ്ടെത്തി. ഒട്ടും താമസിയാതെ തന്നെ ഈ കൂറ്റന്‍ മുതലയെ തിരികെ അലിഗേറ്റര്‍ കണ്ട്രിയിലെ കുളത്തിലേക്കെത്തിക്കുകയും ചെയ്തു. ഏതാണ്ട് 18 ദിവസമാണ് അമേരിക്കയിലെ ഏറ്റവും വലിയ മുതല ജനവാസ കേന്ദ്രത്തില്‍ സ്വൈര്യവിഹാരം നടത്തിയതെന്നു മനസ്സിലാക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാനാകുക. ബിഗ് ടെക്സിനൊപ്പം കാണാതായ മറ്റ് മുതലകളില്‍ അഞ്ചെണ്ണം ഇപ്പോഴും അപ്രത്യക്ഷരായി തുടരുകയാണ്.നാലോ അഞ്ചോ അടി നീളം വരുന്ന ഈ മുതലകള്‍ക്ക് വേണ്ടിയും തിരച്ചില്‍ തുടരുകയാണ്.