‘കുട്ടികൾ കാണരുത്’ എന്ന മുന്നറിയിപ്പോടെയായിരുന്നു ക്രുവൽറ്റി ഫ്രീ ഇന്റർനാഷനൽ (സിഎഫ്ഐ) എന്ന സംഘടന ആ വിഡിയോ പുറത്തുവിട്ടത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെ പോലും ഞെട്ടിക്കുന്ന കൊടുംക്രൂരതയാർന്ന ദൃശ്യങ്ങളായിരുന്നു പക്ഷേ അതിൽ. മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും എതിരെ ലോകമെമ്പാടും വൻ പ്രതിഷേധം ഉയർത്തുന്നതിനും ഒൻപതു മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയ്ക്കു സാധിച്ചു. ജർമനിയിലെ ഹാംബര്‍ഗിനു സമീപം ലബോറട്ടറി ഓഫ് ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജിയിൽ(എൽപിടി) ക്രുവൽറ്റി ഫ്രീ ഇന്റർനാഷനൽ രഹസ്യമായി നടത്തിയ അന്വേഷണത്തിലായിരുന്നു ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. 

യൂറോപ്പിലെയും മറ്റു രാജ്യങ്ങളിലെയും വിവിധ കമ്പനികൾ പ്രധാനമായും ടോക്സിക്കോളജി ടെസ്റ്റുകൾ നടത്തുന്ന ലാബാണ് എൽപിടി. മരുന്നു കമ്പനികളും വ്യവസായ ശാലകളും കീടനാശിനി നിർമാതാക്കളും രാസവള നിർമാതാക്കളുമെല്ലാമാണ് തങ്ങളുടെ ഉൽപന്നങ്ങൾ ഇവിടെ ടെസ്റ്റ് ചെയ്യാനെത്തിക്കുന്നത്. ഉൽപന്നങ്ങളിൽ എത്രമാത്രം വിഷാംശമുണ്ടെന്ന് അറിയാനാണു മൃഗങ്ങളിൽ പരീക്ഷിക്കുന്നത്. മൃഗങ്ങളിൽ വിവിധ വസ്തുക്കൾ കുത്തിവച്ച് ടോക്സിറ്റി ടെസ്റ്റ് നടത്തുന്നതാണു പതിവ്. ഇതോടൊപ്പം അവയ്ക്ക് കഴിക്കാനും കൊടുക്കും. ചില രാസവസ്തുക്കൾ ശ്വസിപ്പിച്ചും പരീക്ഷിക്കും. ചിലത് കണ്ണിലേക്കൊഴിച്ചും പരീക്ഷണം നടത്താറുണ്ട്. എത്ര വേഗം ഇവയുടെ ദൂഷ്യഫലങ്ങൾ മൃഗങ്ങൾ പ്രകടിപ്പിക്കുന്നുവെന്നാണു നിരീക്ഷിക്കുന്നത്. 

കുരങ്ങുകളിലും നായ്ക്കളിലും പൂച്ചകളിലും മുയലുകളിലും പ്രാകൃതമായ രീതിയിലായിരുന്നു പരീക്ഷണം. രാജ്യാന്തര തലത്തിൽ നിർദേശിച്ചിട്ടുള്ള സംരക്ഷണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു ഇവയെ വളർത്തിയിരുന്നതു പോലും. സോക്ക ടിയെർഷ്യൂട്സ് എന്ന എൻജിഒയ്ക്കൊപ്പം ചേർന്നായിരുന്നു സിഎഫ്ഐയുടെ അന്വേഷണം. മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നതാണ് സോക്ക എൻജിഒ. വിഡിയോയിലെ കാഴ്ചകൾ പ്രകാരം, ചെറിയ കൂടുകളിലായിരുന്നു മൃഗങ്ങളെ ലാബിൽ പാർപ്പിച്ചിരുന്നത്. കുരങ്ങുകളെ അനങ്ങാൻ പോലും അനുവദിക്കാത്ത വിധം ചങ്ങലയ്ക്കിട്ടിരിക്കുന്നു. അവയുടെ ദേഹത്ത് നമ്പറുകളും എഴുതിയിരുന്നു.

പ്ലാസ്റ്റർ കൊണ്ട് കൈകാലുകൾ കെട്ടിയും ദേഹം മുഴുവൻ പലതരം വയറുകൾ ഘടിപ്പിച്ച് വിഷവസ്തുക്കൾ കുത്തിവച്ചുമാണ് കുരങ്ങുകളിലെ പരീക്ഷണം. ഏറ്റവും ക്രൂരത ഏറ്റുവാങ്ങുന്നതും ഇവയാണ്. കുരങ്ങുകളിലൊന്ന് പരീക്ഷണത്തിനിടെ കുതറിമാറാൻ ശ്രമിക്കുമ്പോൾ ലാബ് ടെക്നിഷ്യൻ അതിന്റെ തല ഇരുമ്പു കൊണ്ടുള്ള കൂടിന്റെ വാതിലിൽ ആഞ്ഞടിക്കുന്നതു കാണാം. കുരങ്ങുകളുടെ കഴുത്തിൽ കുരുക്കിട്ടാണ് മരുന്നു പരീക്ഷണം നടത്തുന്നത്. പലതും വേദനയോടെ നിലവിളിക്കുന്നതും കാണാം. കുരങ്ങുകളുടെയും നായ്ക്കളുടെയും വായിലേക്ക് കുഴൽ കുത്തിയിറക്കി വിവിധ വസ്തുക്കൾ ഒഴിച്ചു കൊടുക്കുന്ന കാഴ്ചയും ഞെട്ടിക്കുന്നതാണ്. ഇവ പുറത്തേക്കു തുപ്പാനാകും മുൻപു തന്നെ പലതും വിഷത്തിന്റെ വീര്യം കാരണം മരിച്ചുവീഴുന്നു.

രക്തവും വിസർജ്യവും നിറഞ്ഞ കൂടുകളിലായിരുന്നു നായ്ക്കളെ സൂക്ഷിച്ചിരുന്നത്. ചിലയിടത്ത് അവയെ തലകീഴായി തൂക്കിയിട്ടിരിക്കുന്നു. പൂച്ചകളെ നിർബന്ധിച്ചു വിഷം നിറഞ്ഞ ഭക്ഷണം കഴിപ്പിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. മിക്ക പരീക്ഷണങ്ങളും അവസാനിക്കുന്നത് മൃഗങ്ങളെ പരിതാപകരമായ അവസ്ഥയിലാക്കി മാറ്റിയാണ്. ഭൂരിപക്ഷം മൃഗങ്ങളും ചാവുകയാണു പതിവ്. നായ്ക്കൾ‍‍‍‍‍‍‍ക്ക് വിവിധ ഗുളികകൾ തിന്നാൻ നൽകി അവയെ കൂട്ടിലടക്കുന്നതാണ് ഒരു രീതി. ഇതിനെത്തുടർന്നാണ് രക്തം ഛർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ദിച്ചതിനാലും വിസർജ്യത്താലും കൂടുകൾ നിറയുന്നത്. കൊല്ലുന്ന പരീക്ഷണത്തിനു കൊണ്ടുപോകുമ്പോഴും സ്നേഹത്തോടെ വാലാട്ടുന്ന നായ്ക്കളുടെ കാഴ്ച ഹൃദയഭേദകമാണെന്നും അന്വേഷണം നടത്തിയ സോക്ക പ്രതിനിധി പറയുന്നു.

പൂച്ചകൾക്ക് ദിവസവും 13 ഇഞ്ചക്ഷനുകൾ വരെ നൽകിയാണു പരീക്ഷണം. ഒരു മൃഗത്തിനും വേദനസംഹാരി പോലും നൽകുന്നില്ല. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനു പരിശീലനം ലഭിച്ചവർ പോലുമില്ല. അതിനാല്‍ത്തന്നെ അതിക്രൂരമാണ് ലാബ് ടെക്നിഷ്യന്മാരുടെ പ്രവർത്തനം. സംഭവത്തിൽ ലാബിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ എൽപിടിയിൽ ആദ്യമായല്ല ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതെന്നതും അധികൃതരുടെ അനാസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. 2015ൽ ഇവിടെ ഒൻപതു തവണ പരിശോധന നടത്തിയിരുന്നു. അതിൽ ഏഴും അപ്രതീക്ഷിതമായി നടത്തിയതായിരുന്നു. അന്നും മൃഗങ്ങളിൽ പ്രാകൃതപരീക്ഷണങ്ങൾ നടക്കുന്നതായി തെളിഞ്ഞിരുന്നെങ്കിലും ലാബ് പ്രവർത്തനം തുടരുകയായിരുന്നു. മൃഗങ്ങളിൽ പരീക്ഷണം നടത്തുന്നതു നിയന്ത്രിക്കാൻ തക്കവിധം നിയമങ്ങളും ശക്തമല്ല ജർമനിയിൽ. ഇതാണ് വിവിധ രാജ്യങ്ങൾ തങ്ങളുടെ ഉൽപന്നങ്ങള്‍ പരീക്ഷിക്കാൻ ജർമനിയെ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണവും. എൽപിടിയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷണത്തിന്റെ പേരിൽ മൃഗങ്ങൾക്കെതിരെ ക്രൂരതയാണ് നടക്കുന്നതെന്നു പറയുന്നു പ്രകൃതിസ്നേഹികൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT