വണ്ടിക്കു മുന്നിലേക്ക് ചാടിയത് കൊടുംവിഷപ്പാമ്പ്; നീളം 49.5 ഇഞ്ച്, ഒടുവിൽ...!
ടെന്നെസിയിലെ ഹാർഡെമാൻ മേഖലയിൽ കണ്ടെത്തിയത് കൊടിയ വിഷപ്പാമ്പിനെ. കോപ്പർഹെഡ് വിഭാഗത്തിലുള്ള പാമ്പാണിത്. 49.5 ഇഞ്ച് നീളമുണ്ടായിരുന്നു ഈ പാമ്പിന്. ഈ വിഭാഗത്തിൽ കണ്ടെത്തിയ ഏറ്റവും നീളം കൂടിയ പാമ്പിന് ഇതിനേക്കാൾ മൂന്ന് ഇഞ്ച് നീളം മാത്രമാണുള്ളത്. അൽപം കൂടി വളരുവാൻ അനുവദിച്ചിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ കോപ്പർഹെഡ് പാമ്പെന്ന പേര് സ്വന്തമാക്കാമായിരുന്നു ഈ പാമ്പിന്. പക്ഷേ വിധി മറ്റൊന്നായിരുന്നു.
ബൊളിവറിലെ പഴയ ഹൈവേയിലൂടെ ട്രക്കിൽ സഞ്ചരിക്കുകയായിരുന്നു 64 കാരനായ സ്റ്റീവൻ. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുന്നിലേക്ക് പെട്ടെന്നാണ് പാമ്പ് ഇഴഞ്ഞെത്തിയത്. ബ്രേക്ക് ചവിട്ടി വണ്ടി നിർത്തുന്നതിനു മുൻപ് തന്നെ വാഹനം പാമ്പിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. വാഹനം നിർത്തി പാമ്പിനു സമീപമെത്തി പരിശോധിച്ചെങ്കിലും ആദ്യം ഏതു പാമ്പാണിതെന്നു മനസ്സിലായില്ല. അപ്പോഴേക്കും പാമ്പും ചത്തിരുന്നു.
സംശയം തോന്നി വ്യക്തമായി പരിശോധിച്ചപ്പോഴാണ് ചത്തു കിടക്കുന്നത് കൊടിയ വിഷപ്പാമ്പായ കോപ്പർഹെഡ് ആണെന്നു മനസ്സിലായത്. ഇത്രയും വലുപ്പമുള്ള കോപ്പർഹെഡ് പാമ്പിനെ കാണുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ചത്ത പാമ്പിനെ എടുത്ത് ട്രക്കിന്റെ പിന്നിലിട്ടു. ടെന്നെസിയിലെത്തിയ ഉടൻ തന്നെ സുഹൃത്തായ ലാൻഡ്രെത്തിനെ വിവരമറിയിച്ചു. ലാൻഡ്രെത്തും ഇത്ര വലിയ ഒരു കോപ്പർഹെഡിനെ ഇതേവരെ കണ്ടിട്ടില്ലായിരുന്നു.
ഇരുവരും ഉടൻ തന്നെ ടെന്നെസി വൈൽഡ് ലൈഫ് റിസോഴ്സ് ഏജൻസിക്ക് പാമ്പിന്റെ ശരീരം കൈമാറി. ഇവിടുത്തെ ഗവേഷകരും പാമ്പിന്റെ വലുപ്പം കണ്ട് അമ്പരന്നു. വണ്ടി തട്ടിയതിനാൽ പാമ്പിന്റെ ശരീരത്തിന് ചതവുപറ്റിയിട്ടുണ്ടെങ്കിലും ഇതിനെ പഠനാവശ്യങ്ങൾക്കായി സൂക്ഷിക്കാനും പ്രദർശിപ്പിക്കാനുമാണ് തീരുമാനം. നിലവിൽ നാല് വിഭാഗത്തിലുള്ള വിഷപ്പാമ്പുകളാണ് ടെന്നെസിയിലുള്ളത്. കോട്ടൻമൗത്തും റാറ്റിൽ സ്നേക്ക് രണ്ട് വിഭാഗവും കോപ്പർഹെഡും.
English Summary: Venomous Snake Found In West Tennessee