വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാനെത്തുമ്പോൾ സഫാരിക്കിടയിൽ വന്യമൃഗങ്ങളെ കാണുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ രാജസ്ഥാനിലെ രത്തംബോർ ദേശീയ പാർക്കിലെത്തിയ വിനോദസഞ്ചാരികൾക്ക് അത്ര സുഖകരമായ അനുഭവമല്ല നേരിടേണ്ടി വന്നത്.

ഇവിടെയെത്തിയ വിനോദ സഞ്ചാരികളുടെ സഫാരി ജീപ്പിനെ പിന്തുടർന്നെത്തിയ കടുവയാണ് ഇവിടെ വില്ലനായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തെ പിന്തുടർന്നാണ് കടുവയെത്തിയത്. ഒരു ഘട്ടത്തിൽ സഫാരി വാഹനത്തിനൊപ്പവും കടുവ ഓടിയെത്തി. ‍ഡ്രൈവർ വാഹനത്തിന്റെ സ്പീഡ് കൂട്ടിയിട്ടും കടുവ വിടാനുള്ള ഭാവമില്ലായിരുന്നു. പിന്നീട് വാഹനം തിരിച്ച് കടുവയുടെ എതിർ ദിശയിലേക്ക് സഞ്ചരിച്ചാണ് കടുവയുടെ പിടിയിൽ നിന്നും വിനോദസഞ്ചാരികൾ രക്ഷപെട്ടത്.

19 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം മഹാരാഷ്ട്രയിലെ ടഡോബാ അന്ധാരി കടുവാ സങ്കേതത്തിലും ഒരു പെൺ കടുവ വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്നിരുന്നു. ഈ സംഭവത്തിനു ശേഷം സഫാരിക്കിറങ്ങുന്നവർ വന്യമൃഗങ്ങളെ കണുമ്പോൾ അവയിൽ നിന്നും 50 മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നു. പലപ്പോഴും ഈ നിർദേശങ്ങളൊക്കെ കാറ്റിൽ പറത്തുകയാണ് വിനോദസഞ്ചാരികളുടെ പതിവ്. ഇതൊക്കെത്തന്നെയാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതും.

English Summary: Ranthambore Tiger Chases Tourist Vehicle