മഹാരാഷ്ട്രയിലെ വർധാ മണ്ട്‌വാ റോഡിലാണ് തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ മൃതശരീരം കാണ്ടെത്തിയത്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി മനുഷ്യന്റെ ക്രൂരത എല്ലാ അതിവരമ്പുകളും ലംഘിക്കുന്നതിന് ഉദാഹരണമാണിത്. എഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ദാരുണമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

മിണ്ടാപ്രാണികളോടുള്ള ക്രൂരതയ്ക്ക് അതിരുകളില്ല. ഇപ്പോൾ ഈ പുള്ളിപ്പുലിയുടെ പല്ലുകളും നഖവും കരിഞ്ചന്തയിൽ എത്തിയിട്ടുണ്ടാകും. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന വസ്തുക്കള്‍ ബഹിഷ്ക്കാമെന്നും പ്രവീൺ കസ്വാൻ വ്യക്തമാക്കി. ഇതുപോലെയുള്ള ആയിരക്കണക്കിന് മൃഗങ്ങളാണ് വർഷംതോറും വേട്ടയാടപ്പെടുന്നത്. മൃഗവേട്ടയും മൃഗക്കടത്തും നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃതമായി നടത്തുന്ന മൃഗവേട്ടയുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.

ഒരാഴ്ച്ചക്കിടയിൽ മൂന്നാമത്തെ തവണയാണ് ഈ മേഖലയിൽ പുള്ളിപ്പുലി കൊല്ലപ്പെടുന്നത്. വാർധാ മേഖലയിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവയുടെ പക്കൽ നിന്ന് പുള്ളിപ്പുലിയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. സംഭത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും വർധ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സുനിൽ ശർമ വ്യക്തമാക്കി.

English Summary: Body Of A Leopard With Its Head & Paws Cut Off, Found In Maharashtra