മൂർഖൻ പാമ്പ് മുതല്‍ പെരുമ്പാമ്പ് വരെ പ്രദർശനത്തിന്; സാഹസികകാഴ്ചകൾ, ഒടുവിൽ സംഭവിച്ചത്?
കോഴിക്കോട് കൊടുവള്ളിയില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന 14 പാമ്പുകളെ വനംവകുപ്പ് പിടികൂടി. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ഓടിരക്ഷപ്പെട്ട മലപ്പുറം സ്വദേശി ഷഫീഖിനെതിരെ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വനംവകുപ്പ് കേസെടുത്തു. പെരുമ്പാമ്പ്, മൂര്‍ഖന്‍, അണലി തുടങ്ങി പതിനാല് പാമ്പുകളെയാണ് പിടികൂടിയത്.
കരൂഞ്ഞിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്. ഷഫീഖിന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. മുപ്പത് രൂപ ടിക്കറ്റെടുക്കുന്നവര്‍ക്ക് സാഹസികമായ കാഴ്ചകളായിരുന്നു വാഗ്ദാനം. പെരുമ്പാമ്പും, മൂര്‍ഖനും, അണലിയും തുടങ്ങി ചേര വരെ നീളുന്ന കാഴ്ച ആസ്വദിക്കാന്‍ നിരവധിയാളുകളെത്തുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് വനപാലകര്‍ ടിക്കറ്റെടുത്ത് പ്രദര്‍ശന കൗണ്ടറിലേക്ക് കയറി. സംശയം തോന്നിയ ഷഫീഖും സഹായിയും വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരിയില്‍ നിന്നെത്തിയ ദ്രുതകര്‍മസേന പാമ്പുകളെ കസ്റ്റഡിയിലെടുത്തു.
ഷഫീഖ് നേരത്തെയും വിവിധയിടങ്ങളില്‍ പാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷപ്പെട്ട രണ്ടുപേരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി റേഞ്ച് ഓഫിസര്‍ കെ.നീതു പറഞ്ഞു. പിടികൂടിയ പാമ്പുകളെ പ്രത്യേകം നിരീക്ഷിച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും.
English Summary: 14 snakes exhibited at school fest seized