പക്ഷിയെ വിഴുങ്ങിയത് 11 അടിയോളം നീളമുള്ള പെരുമ്പാമ്പ്, പിന്നീട് സംഭവിച്ചത്?
പക്ഷിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ഡസ്റ്റി എന്നയാളുടെ വളർത്തു പാമ്പാണ് പക്ഷിയെ വിഴുങ്ങിയത്. ഫ്ലോറിഡയിലെ തീരദേശങ്ങളിൽ കാണപ്പെടുന്ന വേഡർ എന്നറിയപ്പെടുന്ന പക്ഷിയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. പിന്നീട് പെരുമ്പാമ്പ് ഇതിനെ ഛർദിക്കുകയായിരുന്നു. ഡസ്റ്റി പകർത്തിയ ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇന്നലെ പങ്കുവച്ച ഈ ദൃശ്യങ്ങൾ ഇതുവരെ നാൽപ്പതിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫ്ലോറിഡയ്ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ് ബർമീസ് പെരുമ്പാമ്പുകള്‍. ഫ്ലോറിഡയിലെ തദ്ദേശീയ ജീവിയല്ലാത്ത ഈ പെരുമ്പാമ്പുകള്‍ 15 വര്‍ഷത്തിനിടെ എപ്പോഴോ ആണ് ഈ പ്രദേശത്തെത്തിയത്. വളർത്താനായി വാങ്ങിയവർ ഉപേക്ഷിച്ചതാണ് ഇവയെത്താൻ കാരണമെന്നാണ് നിഗമനം. ഉപേക്ഷിക്കപ്പെട്ട പാമ്പുകൾ കുറഞ്ഞ സമയം കൊണ്ടു തന്നെ പെറ്റുപെരുകി. ഇന്ന് ഇവയുടെ എണ്ണം പതിനായിരക്കണക്കിനായി മാറി.
എതിരാളികളില്ലാത്തതും അനുകൂല കാലാവസ്ഥയും അനുയോജ്യമായ പരിതസ്ഥിതിയും ഇവ പെറ്റു പെരുകാന്‍ കാരണമായി. ഇതോടെ തദ്ദേശീയരായ പല ജീവികളും പെരുമ്പാമ്പിന് ഇരയാവുകയും വംശനാശഭീഷണി നേരിടുകയും ചെയ്യുകയാണ്. 23 അടി വരെ ശരാശരി നീളം വയ്ക്കുന്ന ഈ പെരുമ്പാമ്പുകള്‍ മികച്ച വേട്ടക്കാരും വേഗത്തില്‍ ഒളിക്കാൻ കഴിവുള്ളവരാണ്.
English Summary: Florida Python Regurgitates a Wading Bird