പൊണ്ണത്തടി വിനയായി; പറക്കാനാവാതെ കുഞ്ഞ് മൂങ്ങ, ഒടുവിൽ സംഭവിച്ചത്?
പൊണ്ണത്തടി മനുഷ്യർക്കു മാത്രമല്ല, പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ വിനയാകാറുണ്ട്. ഇവിടെ പൊണ്ണത്തടി കാരണം പുലിവാല് പിടിച്ചത് ഒരു കുഞ്ഞ് മൂങ്ങയാണ്. യുകെയിലാണ് സംഭവം നടന്നത്. ഇവിടുത്തെ സഫോൾക്ക് മൂങ്ങ സംരക്ഷണ കേന്ദ്രത്തിൽ പരിചരണത്തിലായിരുന്നു കുഞ്ഞ് മൂങ്ങ. അവരാണ് മൂങ്ങയ്ക്ക് പ്ലമ്പ് എന്ന പേര് നൽകിയത്.
ആഴ്ചകൾക്ക് മുൻപ് ഒരു കുഴിയിൽ നിന്നാണ് ഇവർക്ക് പ്ലമ്പിനെ കിട്ടിയത്. പറക്കാനാവാതെ കുഴിയിൽ കിടന്ന മൂങ്ങയെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ചിറകോ മറ്റോ ഒടിഞ്ഞതുകൊണ്ടാകാം പ്ലമ്പ് പറക്കാത്തെന്നായിരുന്നു നിഗമനം. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ചിറകൾക്കൊന്നും പരുക്കില്ലെന്ന് വ്യക്തമായി. പിന്നീടാണ് അമിതവണ്ണമാണ് മൂങ്ങയ്ക്ക് പറക്കാൻ പറ്റാത്തതിന്റെ യഥാർത്ഥ കാരണമെന്നു കണ്ടെത്തിയത്.
സംരക്ഷണ കേന്ദ്രത്തിലെത്തുമ്പോൾ 245 ഗ്രാമായിരുന്നു പ്ലമ്പിന്റെ ഭാരം. മുതിർന്ന മൂങ്ങകളുടെ ഭാരത്തിന് സമാനമായിരുന്നു ഇത്. സാധാരണ മൂങ്ങ കുഞ്ഞുങ്ങളേക്കാൾ മൂന്നിരട്ടി അധികമായിരുന്നു പ്ലമ്പിന്റെ ഭാരം. ഇതാണ് പറക്കാൻ കഴിയാതെ വന്നതിന്റെ കാരണം. ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞതാണ് മൂങ്ങയുടെയും അമിത വണ്ണത്തിനു പിന്നിൽ. പറക്കാൻ കഴിയാത്തതിന്റെ കാരണം പിടികിട്ടിയതോടെ കൃത്യമായ ചികിത്സയും തുടങ്ങി.
മൂന്നാഴ്ചയോളം സംരക്ഷണ കേന്ദ്രത്തിന്റെ കഠിനമായ ഭക്ഷണ നിയന്ത്രണത്തിലായിരുന്നു പ്ലമ്പ്. ഇതോടെ ശരീരഭാരം സാധാരണ നിലയിലെത്തി. ഭാരം കുറഞ്ഞതോടെ കുഞ്ഞ് പ്ലമ്പിനു പറക്കാനും സാധിച്ചു. ഇതോടെ അധികൃതര്‍ പ്ലമ്പിനെ സ്വതന്ത്രനാക്കി. കാട്ടിലേക്ക് പ്ലമ്പിനെ തുറന്നു വിടുന്ന മനോഹരമായ ദൃശ്യങ്ങൾ സംരക്ഷണ കേന്ദ്രം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
English Summary: Obese Owl That Was Once Too Fat To Fly Has Been Released Back Into Wild