സിംഹത്തിന്റെ പിടിയിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപെട്ട പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. നമീബിയയിലെ എറ്റോഷ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഫ്രഞ്ച് ബയോളജിസ്റ്റും സഫാരി ഗൈഡുമായ വലന്റൈൻ ലാവിസ് ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ പകർത്തിയത്.

വിനോദസഞ്ചാരികൾക്കൊപ്പം സഫാരി നടത്തുന്നതിനിടയിലാണ് മനോഹരമായ ദൃശ്യങ്ങൾ പകർത്തിയത്. മൃഗങ്ങൾ പതിവായി വെള്ളം കുടിക്കാനെത്തുന്ന ജലാശയത്തിനു സമീപമാണ് സംഭവം നടന്നത്. ജലാശത്തിനു സമീപത്തായി വാഹനം നിർത്തിയപ്പോഴാണ് പതുങ്ങിക്കിടക്കുന്ന പെൺ സിംഹം ശ്രദ്ധയിൽ പെട്ടത്. എന്തിനെയോ കണ്ട് സിംഹം പതുങ്ങിയപ്പോഴാണ് വെള്ളം കുടിച്ചു മടങ്ങുന്ന ചെറിയ പുള്ളിപ്പുലിയെ വാഹനത്തിനുള്ളിലുണ്ടായിരുന്നവർ കണ്ടത്. താരതമ്യേന ചെറിയ ഇരയായ പുള്ളിപ്പുലിയെ ആക്രമിക്കാനാണ് സിംഹം പതുങ്ങിയത്. ഇതൊന്നുമറിയാതെ വെള്ളം കുടിച്ചു മടങ്ങിയ പുള്ളിപ്പുലി സിംഹത്തിനു നേർക്ക് നടന്നടുത്തു.

പെട്ടെന്ന് തൊട്ടു മുന്നിൽ സിംഹത്തെ കണ്ട പുള്ളിപ്പുലി പതറിയെങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ പിന്തിരിഞ്ഞോടി. കനത്ത പോരാട്ടം നടക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന വിനോദസഞ്ചാരികളും പുള്ളിപ്പുലിയുടെ നീക്കം കണ്ടു ഞെട്ടി. പിന്തിരിഞ്ഞോടിയ പുള്ളിപ്പുലിക്കു പിന്നാലെ സിംഹവും കുറച്ചു ദൂരം പാഞ്ഞെങ്കിലും പിന്നീട് അതേ സ്ഥലത്തേക്കു തന്നെ തിരിച്ചെത്തി.

സിംഹത്തെ ഭയന്ന് പിന്തിരിഞ്ഞോടിയ പുള്ളിപ്പുലി പിന്നീട് വലിയ മരത്തിനു മുകളിൽ കണ്ടെത്തി. അപ്പോഴും ആ കണ്ണുകളിൽ ഭയം നിഴലിക്കുന്നുണ്ടായിരുന്നു. സിംഹത്തിന്റെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രമാണ് പുള്ളിപ്പുലി രക്ഷപെട്ടത്.

English Summary: Leopard Walks Right into a Lion