കുട്ടിക്കൊമ്പന്റെ കാത്തിരിപ്പ് വെറുതെയായി, അമ്മയും വന്നില്ല കാട്ടാനക്കൂട്ടവും വന്നില്ല; അവൻ കോടനാട്ടേക്ക്
കോതമംഗലം വടാട്ടുപാറയില്‍ പലവൻ പുഴയുടെ സമീപം കാട്ടിൽ കണ്ടെത്തിയ ആനക്കുട്ടിയെ ഇതുവരെ കാട്ടാനക്കൂട്ടം കൊണ്ടുപോയില്ല. വനത്തിൽ താൽക്കാലിക വേലി കെട്ടി പാർപ്പിച്ച കുട്ടിയാനയെ കാട്ടാനക്കൂട്ടം എത്തി വേലിക്കെട്ടു തകർത്തു കൂട്ടിക്കൊണ്ടുപോകുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാൽ മേഖലയിൽ വിന്യസിച്ചിരുന്ന കാട്ടാനക്കൂട്ടം ഇന്നലെ പരിസരത്തേക്ക് അടുത്തില്ല. ഇതോടെ കുട്ടിയാനയെ കോടനാട്ടേക്കു മാറ്റാൻ നീക്കം.
ആനക്കയം ഫോറസ്റ്റ് ക്യാംപ് ഷെഡിനു സമീപത്തേക്കു മാറ്റിയ കുട്ടിയാന ഭക്ഷണം കഴിക്കുന്നുണ്ട് എങ്കിലും ക്ഷീണിതനാണ്. ലാക്‌ടോജൻ, കരിക്ക്, തണ്ണിമത്തൻ എന്നിവയാണ് ആഹാരം. കാട്ടിൽ പുഴയുടെ തീരത്തു മരക്കമ്പുകൾ കൊണ്ടു പ്രത്യേകം ബാരിക്കേഡ് തീർത്താണ് ആനക്കുട്ടിയെ പാർപ്പിച്ചിരിക്കുന്നത്. സന്ദർശകരുടെ പ്രവാഹം തടയുന്നതിനു വേണ്ടിയാണ് ഉൾക്കാട്ടിലെ ക്യാംപ് ഷെഡിനു സമീപത്തേക്കു കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോയത്.
പലവൻ പമ്പ് ഹൗസിനു സമീപം ശനിയാഴ്ച വൈകിട്ടാണ് 5 മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ ക്ഷീണിതനായി കണ്ടെത്തിയത്. അതിനു 2 ദിവസം മുൻപു നാട്ടുകാരിൽ ചിലർ ആനക്കുട്ടിയെ പുഴയോരത്തു കാട്ടിൽ കണ്ടെത്തിയിരുന്നു. കുട്ടിയാനയുടെ കൂടെ മറ്റ് ആനകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ മടങ്ങുകയായിരുന്നു.
ഒറ്റപ്പെട്ടുപോയ കുട്ടിക്കൊമ്പനെ വനപാലകരാണ് രക്ഷപ്പെടുത്തിയത്. 5 മാസം പ്രായമുള്ള കുട്ടിയാന ഇടമലയാര്‍ പുഴയിലൂടെ ഒഴുകിവന്നതായാണ് പ്രാഥമിക നിഗമനം.അമ്മയോടൊപ്പം കാട്ടിലൂടെ മേഞ്ഞ് നടക്കുന്നതിനിടയിൽ ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാനായി പുഴക്കരയിലെത്തി.കാല്‍തെറ്റി പുഴയിലേക്ക് വീണുപോയതാകാം ആനക്കുട്ടി എന്നാണ് നിഗമനം. ഒഴുക്കില്‍പ്പെട്ട് ഒടുവില്‍ ഇവിടെയെത്തി. കുഞ്ഞനാനയെ കാണാൻ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രായഭേദമന്യേ നാട്ടുകാരുടെ തിരക്കായിരുന്നു.
ഒറ്റപ്പെട്ടതിന്റെയും കൂട്ടിലായതിന്റെയും നിസ്സഹായതയും നടപ്പിലും ഇരിപ്പിലുമെല്ലാം വ്യക്തമായിരുന്നു.അമ്മയുടെ വാല്‍സല്യമില്ലെങ്കിലും വനപാലകര്‍ പാലും പഴവുമൊക്കെ നല്‍കിയതോടെ അവരോട് നല്ല ചങ്ങാത്തമായി. അന്ന് രാത്രി മുഴുവന്‍ പലവന്‍ പടിപ്പുഴ തീരത്തും റോഡിനോട് ചേര്‍ന്നുള്ള വനത്തിലുമായി ഒരെത്തുംപിടിയുമില്ലാതെ അലഞ്ഞുനടന്ന കുട്ടിയാനയെ വനപാലകര്‍ തന്നെയാണ് ഈ താല്‍കാലിക കൂടിനുള്ളില്‍ എത്തിച്ചത്. ഇടയ്ക്ക് ഡോകടര്‍ വന്ന് ഒന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.
English Summary: Stranded baby elephant rescued