60 വർഷത്തിലേറെ ഗുരുവായൂരപ്പന്റെ തിടമ്പെഴുന്നള്ളിച്ച ഗജരത്നം പത്മനാഭൻ ഓർമയായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 9 വരെ പൊതുദർശനം; തുടർന്ന് എറണാകുളം ജില്ലയിലെ കോടനാട്ട് സംസ്കാരം.

ഒരു ദിവസത്തെ എഴുന്നള്ളിപ്പിന് 2,22,222.22 രൂപ എന്ന റെക്കോർഡ് തുക നേടിയത് പത്മനാഭനെ പ്രശസ്തനാക്കിയിരുന്നു. 2004ൽ പാലക്കാട് നെന്മാറ വല്ലങ്ങി വേലയ്ക്കായിരുന്നു ഈ ലേലം. തൃശൂർ പൂരത്തിനുൾപ്പെടെ പത്മനാഭനെ കിട്ടാൻ ഉത്സവ കമ്മിറ്റികൾ മത്സരിച്ചിരുന്നു.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആദരിക്കുകയും സ്വർണപ്പതക്കം സമ്മാനിക്കുകയും ചെയ്തു. പ്രായാധിക്യം മൂലം സമീപകാലത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിക്കാൻ മാത്രമാണു നിയോഗിച്ചിരുന്നത്. അവസാനമായി ഡിസംബർ 8 ന് ഏകാദശിക്കാണ് എഴുന്നള്ളിച്ചത്. 2 മാസമായി ചികിത്സയിലായിരുന്നു.

ഇന്നലെ കണ്ണന്റെ വിഗ്രഹത്തിൽ അലങ്കാരമായത് ‘ഗജരത്നം പത്മനാഭൻ’

വിടപറയുന്നതിന് മണിക്കൂറുകൾക്കു മുൻപ് കണ്ണന്റെ വിഗ്രഹത്തിൽ അലങ്കാരമായത് ‘ഗജരത്നം പത്മനാഭൻ’.ഇന്നലെ ഉച്ചപ്പൂജ കഴിഞ്ഞ് ശ്രീലകവാതിൽ തുറന്നപ്പോൾ ഭക്തർ കണ്ടത് പത്മനാഭന്റെ പുറത്ത് സ്വർണക്കോലത്തിൽ എഴുന്നള്ളുന്ന ഭഗവാന്റെ രൂപമാണ്.ഉച്ചപ്പൂജ സമയത്ത് മേൽശാന്തിമാർ വിഗ്രഹത്തിൽ ശ്രീകൃഷ്ണന്റെ ഓരോ ഭാവങ്ങൾ കളഭം ചാർത്തി അലങ്കരിക്കും. നട തുറന്നാൽ ഭക്തർ കണ്ടു തൊഴുന്നത് ഈ രൂപമായിരിക്കും.ഇന്നലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിക്കൊപ്പം ഉച്ചപ്പൂജയ്ക്ക് സഹായിക്കാൻ ഉണ്ടായിരുന്നത് ഓതിക്കൻ പൊട്ടക്കുഴി ഭവദാസൻ നമ്പൂതിരിയാണ്. അലങ്കാരങ്ങൾ മനോഹരമാക്കുന്നതിനു ഭവദാസൻ നമ്പൂതിരിക്ക് മിടുക്കേറും.

‘കണ്ണനെ എന്തു രൂപത്തിൽ അണിയിക്കണമെന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. ആനപ്പുറത്തിരിക്കുന്ന ഗുരുവായൂരപ്പനാകാം എന്ന് തീരുമാനിച്ചു. ആനയെന്നാൽ ആദ്യം തോന്നുക പത്മനാഭനാണല്ലോ. ഭഗവാന് ഇഷ്ടമുള്ള ആനയല്ലേ.. അതാകും അങ്ങനെ സംഭവിച്ചത്’. ഭവദാസൻ നമ്പൂതിരി പറഞ്ഞു.

വൻ വരവേൽപ് പതിവ്...

എഴുന്നള്ളിപ്പിനായി പത്മനാഭൻ എത്തുന്ന സ്ഥലങ്ങളിൽ വൻ വരവേൽപു പതിവാണ്. ആനയെ തൊട്ടു തൊഴാനും നമസ്കരിക്കാനും മത്സരമാകും. പത്മനാഭനെ ഗുരുവായൂരപ്പന്റെ പ്രതിനിധിയായാണു ഭക്തർ കണ്ടിരുന്നത്.പാപ്പാന്മാരോട് കർക്കശക്കാരനാണെങ്കിലും ജനങ്ങളുടെ സ്നേഹപ്രകടനങ്ങൾക്കു പത്മനാഭൻ ശാന്തനായി നിന്നു കൊടുക്കും.2007ൽ പൊൻകുന്നം ഇളംകുളം ധർമശാസ്ത ക്ഷേത്രത്തിൽ പത്മനാഭൻ ലോറിയിൽ നിന്നു മണ്ണിലിറങ്ങിയതോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. ജനങ്ങൾ സാഷ്ടാംഗം നമസ്കരിച്ചു. 2005ൽ പാല മേലേപ്പാറ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ പത്മനാഭനു വൻസ്വീകരണമൊരുക്കി. 2007ൽ ഇവിടെ വീരശൃംഖല നൽകി ആദരിച്ചു.

2005ൽ തിരുവനന്തപുരത്ത് നൽകിയ സ്വീകരണത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വർണപ്പതക്കം നൽകി സ്വീകരിച്ചു. പുഷ്പ വൃഷ്ടികളോടെയാണു വഴിനീളെ ആനയെ വരവേറ്റത്. നെന്മാറ– വല്ലങ്ങി വേലയ്ക്കു പത്നനാഭനെത്തിയിരുന്നതു വൻ ആഘോഷമായാണ്. അവർക്കു പത്മനാഭൻ മറ്റൊരു ഉത്സവമായിരുന്നു.

ചിട്ട തെറ്റിക്കരുതെന്ന് നിർബന്ധം: പാപ്പാന്മാർ

17 വർഷം പത്മനാഭന്റെ പാപ്പാനായിരുന്ന പൂക്കോടൻ രാധാകൃഷ്ണനു പത്മനാഭനെ കുറിച്ചു പറയുമ്പോൾ ബഹുമാനമാണ്. പരസ്പര ബഹുമാനത്തോടെ വേണം പാപ്പാനും ആനയുമെന്ന നിർബന്ധമുണ്ട് ആനയ്ക്ക്.തൃപ്പൂണിത്തുറയിൽ കെട്ടാൻ സൗകര്യമില്ലാത്ത സ്ഥലത്തു കെട്ടിയിട്ട് അഴിക്കാൻ ചെന്നപ്പോൾ ആന ഓടിച്ചത് തന്റെ കയ്യിലെ പിഴവായിരുന്നുവെന്നു രാധാകൃഷ്ണൻ ഓർക്കുന്നു.4 വർഷമായി ആനയ്ക്കൊപ്പം നിന്നു പരിചരിച്ചിരുന്ന സന്തോഷാണു കഴിഞ്ഞ ഡിസംബർ 8ന് ഗുരുവായൂർ ക്ഷേത്രത്തിൽ അവസാനം എഴുന്നള്ളിച്ചത്. മദപ്പാടു കഴിഞ്ഞ് ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് ആനയെ അഴിച്ചതെന്നു സന്തോഷ് കണ്ണീരോടെ പറഞ്ഞു.

മികച്ച ചികിത്സനൽകിയിട്ടും...

പത്മനാഭനു ദേവസ്വം നൽകിയതു കിട്ടാവുന്നതിൽ മികച്ച ചികിത്സ. രോഗം ബാധിച്ചയുടനെ ഡോക്ടർമാരായ പി.ബി.ഗിരിദാസ്, ടി.എസ്.രാജീവ്, പി.വേണുഗോപാൽ, കെ.വിവേക്, ദേവൻ നമ്പൂതിരി എന്നിവരടങ്ങുന്ന വിദഗ്ധസമിതിയുടെ യോഗം ചെയർമാൻ കെ.ബി.മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്നു. വിശദമായ പരിശോധന നടത്തി. പ്രത്യേക ഷെഡിലേക്ക് ആനയെ മാറ്റി. 6 മണിക്കൂർ കൂടുമ്പോൾ ഡോക്ടർമാർ നേരിട്ടു പരിശോധിച്ചു. വെറ്ററിനറി കോളജിൽ നിന്നു ലാബ് സംവിധാനം ആനക്കോട്ടയിൽ ഏർപ്പെടുത്തി.

ആവണപ്പറമ്പു മഹേശ്വര‍ൻ നമ്പൂതിരിപ്പാടിന്റെയും ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും ആയുർവേദ കഷായങ്ങളും ലേപനങ്ങളും നൽകി. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എസ്.ശശിധരൻ, മാനേജർ കെ.ടി.ഹരിദാസ്, പാപ്പാന്മാരായ സന്തോഷ്, ജ്യോതിഷ്, കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആനക്കോട്ടയിലെ പാപ്പാന്മാർ ഒരേ മനസോടെ പ്രവർത്തിച്ചു.

ഏഷ്യയിലെ മികച്ച ഡോക്ടർ കെ.കെ.ശർമയെ വരുത്തി ഉപദേശം തേടി. ജ്യോതിഷവും വഴിപാടുമായി ഒട്ടേറെ പേർ പ്രാർഥനയോടെ സഹകരിച്ചു. പരിചരിച്ചവരുടെയെല്ലാം കൺമുന്നിൽ കുടുംബത്തിലെ കാരണവരുടെ സുഖമരണം പോലെ ശാന്തമായി പത്മനാഭൻ നിത്യതയിൽ അലിഞ്ഞു.

ആരാധക പ്രവാഹം

പത്മനാഭന്റെ വിയോഗം അറിഞ്ഞ് ആനക്കോട്ടയിലേക്ക് ആരാധകരുടെ പ്രവാഹം രാത്രിയിലും തുടർന്നു. ഇന്നലെ ഉച്ചയ്ക്ക് 2.10ന് ആയിരുന്നു പത്മനാഭന്റെ അന്ത്യം. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഭരണസമിതിയംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, കെ.അജിത്, ഇ.പി.ആർ.വേശാല, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി.ഉദയൻ എന്നിവർ ഉടൻ സ്ഥലത്തെത്തി. 

എംഎൽഎമാരായ കെ.വി.അബ്ദുൽഖാദർ, ഗീതഗോപി, ദേവസ്വം മുൻ ചെയ്ര‍മാൻ ടി.വി.ചന്ദ്രമോഹൻ, അർബൻ ബാങ്ക് ചെയർമാൻ വി.വേണുഗോപാൽ, സിപിഎം ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, ഇപി ബ്രദേഴ്സ് കുടുംബത്തിലെ ചിത്രേഷ് തുടങ്ങിയവർ പുഷ്പചക്രം അർപിച്ചു. ‌തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കു വേണ്ടിയും പുഷ്പചക്രം സമർപിച്ചു.

English Summary: Guruvayur temple elephant Gajaratnam Padmanabhan dies