ഓർമത്തീയിലെരിഞ്ഞ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ; പതിനായിരങ്ങളുടെ അന്ത്യ പ്രണാമം
Mail This Article
ഗജരത്നം ഗുരുവായൂർ പത്മനാഭനു പതിനായിരങ്ങളുടെ അന്ത്യ പ്രണാമം. ഭൗതികശരീരം എറണാകുളം ജില്ലയിലെ കോടനാടു വനഭൂമിയിൽ ചിതാഗ്നിക്കു സമർപ്പിച്ചു. ബുധൻ ഉച്ചയ്ക്കു 2നു ദേവസ്വം ആനക്കോട്ടയിലായിരുന്നു പത്മനാഭന്റെ അന്ത്യം. 66 വർഷം ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പെഴുന്നള്ളിച്ച കൊമ്പനെ കാണാനായി രാത്രി മുഴുവൻ ആനക്കോട്ട തുറന്നിട്ടു.
രാവിലെ 9.30യോടെ കൊമ്പൻ വലിയ കേശവനും നന്ദിനിയും ഗജലോകത്തിന്റെ പ്രണാമമർപ്പിച്ചു. ദേവസ്വം സുരക്ഷാ വിഭാഗം അന്ത്യാഭിവാദ്യമേകി. പൊലീസ് അകമ്പടിയൊരുക്കി. പുന്നത്തൂർക്കോട്ടയുടെ പടിവാതിൽ വരെ രണ്ടാനകളും ഭൗതിക ശരീരം വഹിച്ച വാഹനത്തെ അനുഗമിച്ചു. വഴിനീളെ ക്ഷേത്രക്കമ്മിറ്റികളും ഭക്തരും ആദരാഞ്ജലികളർപ്പിച്ചു.വൈകിട്ട് നാലോടെ ഭൗതിക ശരീരം കോടനാട് തുണ്ടം വനത്തിലെത്തിച്ചു.
പോസ്റ്റ്‌മോർട്ടത്തിനു ശേഷം മഞ്ഞപ്പട്ടു പുതപ്പിച്ച ശരീരത്തിൽ വിറക്, ചന്ദനം, കർപ്പൂരം എന്നിവ വച്ചശേഷം ചിതയ്ക്കു തീ കൊളുത്തി. ഭൗതിക ശരീരത്തിനു കാലടിയിൽ ആന പ്രേമികളും പൂര പ്രേമികളും നാട്ടുകാരും ചേർന്ന് അന്ത്യാഞ്ജലി അർപ്പിച്ചു.
English Summary: Guruvayur’s pride elephant ‘Gajaratnam’ Padmanabhan dies, scores pay tribute at funeral