കൊവി‍‍ഡ് 19 ഭീതിയെ തുടർന്ന് നാടുകടത്തൽ ഭീഷണി നേരിടുകയാണ് ചൈനയിൽ നിന്നെത്തിയ ഒരു പൂച്ച. ചൈനയിൽ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട കപ്പലിലെ കണ്ടെയ്നറിൽ എങ്ങനെയോ കയറിപ്പറ്റിയ പൂച്ചയാണ് കഴിഞ്ഞ 20 ദിവസമായി നാടുകടത്തൽ ഭീഷണി നേരിട്ട് ചെന്നൈ തുറമുഖത്തു കഴിയുന്നത്.

പൂച്ചയെ തിരികെ ചൈനയിലേക്ക് അയയ്ക്കണമെന്ന നിലപാടിലാണ് ചെന്നൈ തുറമുഖ ഉദ്യോഗസ്ഥർ. വളർത്തുമൃഗങ്ങളിൽ നിന്നും വൈറസ് പകരാനുള്ള സാധ്യത സംബന്ധിച്ച വാർത്തകൾ  മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണക്കിലെടുത്താണ് ഉദ്യോഗസ്ഥരുടെ ഈ നിലപാട്. എന്നാൽ പൂച്ചയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഈ നടപടിക്കെതിരെ മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന അമേരിക്കൻ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് അനിമൽസിന്റെ (പെറ്റ) ഇന്ത്യൻ വിഭാഗവും രംഗത്തുവന്നിട്ടുണ്ട്.

 പൂച്ചകൾക്ക് കൊറോണ വൈറസ് ബാധിക്കുകയോ വൈറസ് അവയിലൂടെ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതായി കാണിച്ച്  സംഘടനയുടെ വെറ്ററിനറി സർവീസിന്റെ ഇന്ത്യൻ മാനേജറായ രശ്മി ഗോഖലെ ചെന്നൈ തുറമുഖ അധികൃതർക്ക് കത്തയച്ചു.വളർത്തുമൃഗങ്ങൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതയില്ലെന്ന് ഒന്നിലധികം രാജ്യാന്തര ആരോഗ്യ സംഘടനകൾ സൂചിപ്പിക്കുന്നതായി അമേരിക്കൻ വെറ്ററിനറി മെഡിക്കൽ അസോസിയേഷന്റെ വെബ്സൈറ്റിൽ പറയുന്നു. 

ചൈനയിൽ നിന്നും പുറപ്പെട്ട കപ്പൽ സിംഗപ്പൂർ, കൊളംബോ അടക്കം പല സ്ഥലങ്ങളിലും സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നങ്കൂരമിട്ടിരുന്നു. ഈ സ്ഥലങ്ങളിൽ നിന്നും പൂച്ച കപ്പലിൽ കയറിക്കൂടിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് പെറ്റയുടെ നിലപാട്. ചൈനയിൽ നിന്നും 20 ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ കപ്പലിൽ യാത്ര ചെയ്തതാണ് പൂച്ചയെത്തിയതെങ്കിൽ  അത് ജീവനോടെയിരിക്കാൻ സാധ്യതയില്ലായിരുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു. കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തി പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്ത ശേഷം പൂച്ചയ്ക്ക് ഇന്ത്യയിൽ തന്നെ സുരക്ഷിതമായ  ഇടമൊരുക്കാൻ വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് പെറ്റ.

English Summary: A Cat in Chennai from China, Faces Threat of Deportation Due to Coronavirus

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT