പുള്ളി വെരുകിന്റെ പകൽ യാത്ര വീണ്ടും. മേപ്പയൂർ പാവട്ടു കണ്ടിമുക്ക് റോഡിൽ വെരുക് നടന്നു വരുന്നത് കണ്ട നാട്ടുകാർ വിവരം വനപാലകരെ അറിയിക്കുകയായിരുന്നു. അവരെത്തി വെരുകിനെ കൊണ്ടുപോയി. രാത്രി ആളനക്കമില്ലാത്ത സമയത്ത് മാത്രം പുറത്തിറങ്ങുന്ന പുള്ളി വെരുക് പകൽ സമയത്ത് പുറത്തിറങ്ങുന്നത് വനപാലകരെ പോലും അത്ഭുതപ്പെടുത്തുന്നു. 

മേപ്പയൂർ പാവട്ട് കണ്ടിമുക്ക് റോഡിൽ കണ്ടെത്തിയ പുളളി വെരുക്.

ലോക്ഡൗൺ കാലത്ത് മേപ്പയൂരിലെ ബസ് സ്റ്റാൻഡ് ജംങ്ഷനിലെ സീബ്രാ ലൈനിലൂടെ നിർഭയനായി നടന്നു നീങ്ങുന്നതായിരുന്നു പുള്ളി വെരുകിന്റെ ആദ്യ യാത്ര. കഴിഞ്ഞ ആഴ്ച മേപ്പയൂർ ഭജന മഠത്തിന് സമീപത്ത് നിന്ന് രണ്ടാമത് വെരുകിനെ നാട്ടുകാർ കണ്ടെത്തി.  അന്ന് വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി കൊണ്ടു പോയെങ്കിലും വെരുക് ചത്തു.

പെരുവണ്ണാമൂഴിയിൽ നിന്ന് വനപാലകരായ കെ.സത്യൻ, റോയ് ജോൺസൻ, കെ.ഗോപാലൻ, സി.പ്രകാശൻ എന്നിവരെത്തി വെരുകിനെ കൂട്ടിലാക്കി കൊണ്ടുപോയി. ഫോറസ്റ്റ് വെറ്ററിനറി ഡോ. അരുൺ സത്യൻ വെരുകിനെ പരിശോധിച്ചു. ‘കനൈൽ ഡിസ്റ്റംബർ’ എന്ന രോഗം വെരുകിന് പിടിപെട്ടിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. മരുന്നു നൽകി നിരീക്ഷണത്തിലാണ് ഇപ്പോൾ വെരുക്.