നടു റോഡിൽ മൂർഖൻ പാമ്പും കീരിയും തമ്മിൽ പോരാട്ടം; ഒടുവിൽ സംഭവിച്ചത്? വിഡിയോ
ആളുകൾ നോക്കി നിൽക്കെ റോഡിനു നടുവിൽ മൂർഖൻ പാമ്പും കീരിയും തമ്മിൽ രൂക്ഷമായ പോരാട്ടം. പാമ്പും കീരിയും ബദ്ധശത്രുക്കളാണ്. പാമ്പിനെ എവിടെ കണ്ടാലും കീരികൾ വെറുതെ വിടാറില്ല. വിഷപ്പാമ്പായാലും വിഷമില്ലാത്തയിനം പാമ്പായാലും കീരികൾക്ക് അതൊന്നും ഒരു പ്രശ്നമല്ല.
കീരികളുടെ മെയ്‌വഴക്കമാണ് പാമ്പിന്റെ പിടിയിൽ പെടാതെ വഴുതിമാറാൻ അവയെ സഹായിക്കുന്നത്. മാത്രമല്ല പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കീരികൾക്കുണ്ട്. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ മൂർഖന്റെ പിന്നാലെയെത്തിയ കീരി അതിനെ ആക്രമിക്കാൻ തുടങ്ങുന്നതും വഴിയിൽ നിർത്തിയിട്ടിരിക്കുന്ന ഇരുചക്ര വാഹനങ്ങളിലെ ആളുകളെ കണ്ട് ഭയന്ന് പൊന്തക്കാടിനുള്ളിലേക്ക് കയറുന്നതും ദൃശ്യത്തിൽ കാണാം. എന്നാൽ മനുഷ്യർ ഉപദ്രവിക്കില്ലെന്നു മനസ്സിലാക്കിയ കീരി വീണ്ടും റോഡിലേക്കെത്തി പത്തി വിരിച്ചു നിൽക്കുന്ന മൂർഖൻ പാമ്പിനെ ആക്രമിച്ചു. റോഡിന്റെ മറുവശത്തേക്ക് ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ തലയിൽ പിടിച്ച് കടിച്ചു കുടഞ്ഞ് ഇരയുമായി പൊന്തക്കാട്ടിലേക്ക് മറഞ്ഞു. പതിവു പോലെ പോരാട്ടത്തിൽ കീരിതന്നെ വിജയിച്ചു,
ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ അബ്ദുൾ ഖായും ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
English Summary: Fierce battle between snake and mongoose goes viral