മീനെന്നു കരുതി കൊത്തിയത് കക്കയെ; ചുണ്ടു കുടുങ്ങിയ പൊൻമാന് സംഭവിച്ചത്?
ജലാശയങ്ങളിൽ നിന്ന് മീനുകളെ കൊത്തിയെടുത്ത് പറന്നകുന്ന വിരുതൻമാരാണ് പൊൻമാനുകൾ. ഏത് മീനെയും പറന്ന് കൊത്തിയെടുക്കുന്ന പൊന്‍മാന് തന്‍റെ പ്രധാന ആയുധമായ ചുണ്ടുകള്‍ തന്നെ വിനയായ കാഴ്ചയാണ് ഇപ്പോൾ വാർത്തയാകുന്നത്. കാസര്‍കോട് നീലേശ്വരത്താണ് സംഭവം നടന്നത്. മീനെന്നു കരുതി കക്ക കൊത്തിയെടുക്കാൻ ശ്രമിച്ച പൊൻമാനാണ് ചുണ്ടുകൾ കുടുങ്ങി അബദ്ധം പറ്റിയത്. കക്കയുടെ പിടിയിലകപ്പെട്ട പൊന്‍മാന്റെ രക്ഷയ്ക്കെത്തിയത് നല്ലവരായ നാട്ടുകാരാണ്.
ആമയ്ക്കും കക്കയ്ക്കും ഞണ്ടിനുമൊക്കെ അതിന്‍റെ തോടാണ് ശത്രുവില്‍നിന്നുള്ള രക്ഷ, എന്നാല്‍ അത് ഓര്‍ക്കാതെയോ മനസ്സിലാക്കാതെയോ മീനാണെന്നു കരുതി കക്കയെ കൊത്തിയതാകണം ഈ പൊന്‍മാന്‍. ഓണസദ്യ കഴിഞ്ഞ് കാര്യംങ്കോട് പുഴയുടെ കടവത്തിരിക്കാന്‍ പോയ നാട്ടുകാരാണ് ചിറകിട്ടടിക്കുന്ന പൊന്‍മാനെ കണ്ടത്.
പൊന്‍മാന്‍റെ നിസ്സഹായത മനസ്സിലാക്കിയ നാട്ടുകാര്‍ അവസാനം രക്ഷയ്ക്കെത്തി. ശ്രീനിവാസന്‍, അമ്പുരാജ്, ബാബു, കുഞ്ഞിക്കണ്ണന്‍, ഗോപിനാഥന്‍ എന്നിവരാണവര്‍. പൊൻമാന്റെ ചുണ്ടിൽ കുടുങ്ങിയ കക്കയെ നാട്ടുകാർ വേർപെടുത്തി. ചുണ്ട് വേര്‍പെട്ടുകിട്ടിയ ആശ്വാസത്തില്‍ പൊന്‍മാന്‍ പറന്നകലുകയും ചെയ്തു.