പശുവിനെ വേട്ടയാടുന്ന സിംഹം, വനത്തിലെ സിംഹവേട്ട പകർത്താൻ യുവാക്കൾ ചെയ്തത്?
സിംഹം വേട്ടയാടുന്നത് കാണാനും അത് ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനുമായി ഒരു സംഘം യുവാക്കൾ ചെയ്ത പ്രവർത്തി കടുത്ത വിമർശനമാണ് നേരിടുന്നത്. ഗുജറാത്തിലെ ഗിർ വനത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സിംഹത്തെ ആകർഷിക്കാനായി പശുവിനെ വനത്തിനുള്ളിൽ വിട്ടാണ് സംഘം ക്യാമറയുമായി കാത്തിരുന്നത്.
സിംഹം പതിവായിറങ്ങുന്ന വിജനമായ പ്രദേശത്താണ് പശുവിനെ മേയാൻ വിട്ടത്. അൽപസമയം കഴിഞ്ഞപ്പോൾ യുവാക്കൾ പ്രതീക്ഷിച്ചതുപോലെ തന്നെ സിംഹം അവിടേക്കെത്തുകയും പശുവിനെ കടിച്ചുകൊല്ലുകയുമായിരുന്നു. ഈ സമയം കാത്തിരുന്ന യുവാക്കൾ സിംഹത്തിന്റെ വേട്ട ക്യാമറയിൽ പകർത്തി. ഒപ്പമുണ്ടായിരുന്നവർ ദൃശ്യത്തിനൊപ്പം സ്വന്തം മുഖം കാണിക്കാനും ശ്രമിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ യുവാക്കളുടെ നീചമായ പ്രവർത്തിക്കെതിരെ കടുത്ത ജനരോഷമാണ് ഉയരുന്നത്. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. 7 മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സന്ദർശകർക്കായി ഗിർ ദേശീയ പാർക്ക് തുറന്നുകൊടുത്തത്. പരിമൾ നത്‌വാനിയാണ് ഈ ദൃശ്യം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.
English Summary: Lion hunts down cow at Gujarat's Gir