ADVERTISEMENT

വിഷാദരോഗം മനുഷ്യരെ മാത്രം ബാധിക്കുന്ന ഒന്നല്ല. പല കാരണങ്ങൾ കൊണ്ട് മൃഗങ്ങളും വിഷാദരോഗത്തിന് അടിമപ്പെടാറുണ്ട്. ചെന്നായ്ക്കൂട്ടം കൂട്ടത്തിൽ ചേർക്കാതെ ഒറ്റപ്പെടുത്തിയതിനെത്തുടർന്ന് മണിക്കൂറുകളോളം ഒരേ മാതൃകയിൽ നടക്കുന്ന ഒരു ചെന്നായയുടെ ദൃശ്യങ്ങളാണ് ചൈനയിലെ ലിങ്ക്വൻ കൗണ്ടി മാജിക്ക് എന്ന മൃഗശാലയിൽ നിന്നു പുറത്തു വരുന്നത്.

മൃഗശാലയിലേക്ക് പുതിയതായി എത്തിച്ച ചെന്നായയെ അവിടെയുള്ള മറ്റു ചെന്നായ്ക്കൾ കൂട്ടത്തിൽ കൂട്ടാൻ തയാറായില്ല. ഒറ്റപ്പെട്ടുപോയ ചെന്നായ ആ വിഷമം മറികടക്കാനെന്നപോലെ ഒരേ മാതൃകയിൽ തുടർച്ചയായി നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രണ്ടുമാസം മുൻപാണ് ചെന്നായയെ മൃഗശാലയിൽ എത്തിച്ചത്. ഇതിനെ കൂടാതെ 15 ചെന്നായ്ക്കൾ കൂടി മൃഗശാലയിൽ ഉണ്ട്. എന്നാൽ അവയൊന്നും കൂട്ടത്തിൽ  കൂട്ടാൻ തയാറാകാത്തതിനെത്തുടർന്ന് ഒറ്റപ്പെട്ടുപോയ വിഷമം മറികടക്കുന്നതിന് വേണ്ടിയാവാം ചെന്നായ ഇത്തരത്തിൽ നടന്നത് എന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം.

അതേസമയം മൃഗശാലയ്ക്കുള്ളിൽ തിങ്ങിപ്പാർക്കുന്നതിനാലാവാം ചെന്നായ ഇത്തരത്തിൽ പെരുമാറിയത് എന്ന  വാദവുമായി സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പ്രതികരണങ്ങൾ പങ്കു വച്ചിരുന്നു. എന്നാൽ മൃഗശാല ഇത് പൂർണ്ണമായും തള്ളിക്കളഞ്ഞു. ചെന്നായ കൂട്ടത്തിന്റെ നേതാവ് തന്നെ പുതിയ അംഗത്തെ കവാടത്തിനു സമീപത്തേക്ക്  കാവലിനായി അയച്ചതാവാമെന്നും മൃഗശാല വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

എട്ട് എന്ന അക്കത്തിന്റെ മാതൃകയിലാണ് ചെന്നായയുടെ നടപ്പ്. ഇത് ചെന്നായയുടെ ഒരു രീതിയാവാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൃഗങ്ങൾക്ക് സ്വൈര്യ വിഹാരം നടത്തുന്നതിന് വേണ്ട അത്രയും സ്ഥലം മൃഗശാലയ്ക്കുള്ളിൽ ഉണ്ട് എന്നാണ് അധികൃതരുടെ വാദം. അധികം വൈകാതെ പുതിയ അംഗത്തെയും ചെന്നായ കൂട്ടം അംഗീകരിക്കുമെന്നും അതോടെ  ചെന്നായ വിഷാദ രോഗത്തിൽ നിന്നും മുക്തി നേടുമെന്നുമാണ് പ്രതീക്ഷയെന്നും  മൃഗശാല അറിയിക്കുന്നു.

English Summary: ‘Depressed’ wolf rejected by alpha male’s pack walks constant figure-of-eight pattern in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com