ഗോൾഫ് മൈതാനത്ത് കഷണ്ടിത്തലയൻ പരുന്തും കടൽപ്പക്ഷിയും തമ്മിൽ പോരാട്ടം: വിഡിയോ
മികച്ച വേട്ടക്കാരാണ് ബാൾഡ് ഈഗിൾ അഥവാ കഷണ്ടിത്തലയൻ പരുന്തുകൾ. ചെറിയ ജീവികളും പക്ഷികളും മത്സ്യങ്ങളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബാൾഡ് ഈഗിൾ പറക്കുന്നിനിടയിൽ കടൽപ്പക്ഷിയായ സീഗളിനെ റാഞ്ചുന്ന ദൃശ്യമാണിത്.
കാനഡയിലെ വാൻകൂവറിലുള്ള പോയിന്റ് ഗ്രേ ഗോൾഫ് മൈതാനത്തിനു മുകളിലായിരുന്നു അപൂർവ പക്ഷിവേട്ട. ഗോൾഫ് മൈതാനത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകൾ നോക്കി നിൽക്കെയായിരുന്നു കഷണ്ടിത്തലയൻ പരുന്തിന്റെ ഇരപിടുത്തം.
കടൽപ്പക്ഷിയെ ഏറെ നേരം പിന്തുടർന്ന പരുന്ത് ഒടുവിൽ അതിനെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പരുന്തിന്റെ കൂർത്ത നഖങ്ങൾക്കിടയിൽ അകപ്പെട്ട സീഗളിന് രക്ഷപെടാനായില്ല. മൈതാനത്ത് ഇരയുമായി പറന്നനിറങ്ങിയ കൂറ്റൻ പരുന്ത് അവിടെ വച്ചുതന്നെ അതിനെ ഭക്ഷണമാക്കുകയും ചെയ്തു.
English Summary: Bald Eagle Snatches a Seagull in Mid-Air at a Golf Course