5 അടിയോളം നീളം; ചകിരിക്കെട്ടുകൾക്കിടയിൽ കണ്ടെത്തിയത് കൂറ്റൻ ഇരുതല മൂരിയെ!
കായംകുളത്ത് ചകിരിക്കെട്ടുകൾക്കിടയിൽ കാണപ്പെട്ട ഇരുതല മൂരിയെ പൊലീസെത്തി പിടികൂടി വനംവകുപ്പിന് കൈമാറി. പ്രയാർ മേട്ടുതറക്കിഴക്കതിൽ ബാഹുലേയന്റെ വീടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ചകിരിക്കെട്ടുകൾക്കിടയിലാണ് 5 അടി നീളമുള്ള ഇരുതല മൂരിയെ കണ്ടത്.വീട്ടുകാർ ചകിരി മാറ്റിയപ്പോൾ ഇതിനെ കണ്ട ഉടൻ പൊലീസിനെ വിളിച്ചു.
പൊലീസെത്തി വനംവകുപ്പുമായി ബന്ധപ്പെട്ടു. അവർ ഒരു ഉദ്യോഗസ്ഥനെ അയച്ച് പരിശോധിച്ചപ്പോഴാണ് ഇരുതലമൂരിയാണെന്ന് ഉറപ്പായത്. കായംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉഷസ്, വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുതലമൂരിയെ പിടികൂടിയത്.
ഇരുതലമൂരി
വനം വകുപ്പിന്റെ ഷെഡ്യൂൾ നാലിൽപ്പെട്ട ജീവിയാണ് ഇരുതലമൂരി. ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റമാണ്. രാജ്യാന്തര വിപണിയിൽ ചിലയിനം മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്. പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തിൽ സാദൃശ്യമുള്ള ഈ പാമ്പ് ചുവന്ന മണ്ണൂലി, ഇരുതലപ്പാമ്പ് എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. തലയും വാലും കാഴ്ചയിൽ ഒരുപോലെയാണ്. ശരീരത്തിനു മറ്റു പാമ്പുകളെപ്പോലെ തിളക്കമില്ല. തലയേതാണ് വാലേതാണ് എന്ന് സംശയം തോന്നുന്നതിനാൽ ഇരുതലമൂരിയെന്ന് അറിയപ്പെടുന്നു. മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഈ ജീവിക്ക് ധാരാളം ആവശ്യക്കാരുണ്ട്. തൂക്കത്തിനനുസരിച്ചാണത്രെ വില. തൊലിയുരിച്ച് ഈ പാവം ജീവിയെ ഭക്ഷണമായി ഉപയോഗിക്കുന്നവരും തൊലി മാത്രം പൊളിച്ച് എടുക്കുന്നവരും ഓമനിച്ച് വളർത്തുന്നവരും ഉണ്ട്. വിദേശികളും സ്വദേശികളും ഈ തട്ടിപ്പിൽ കുരുങ്ങി പണം കളയാനെത്തുന്നുണ്ട്.
പണ്ടെപ്പഴോ ഉണ്ടായ ഉൽക്കമഴയിലാണ് ഈ ജീവിവർഗത്തിന് രൂപമാറ്റവും വർണവ്യത്യാസവും സംഭവിച്ചതെന്ന കഥകൾ ഇടനിലക്കാരുണ്ടാക്കുന്നു. ഇതിന് ഔഷധമൂല്യമുണ്ടായെന്നും പറയും. എയ്ഡ്സ് രോഗത്തിനുവരെ മരുന്നാണെന്ന വാദമുൾപ്പടെ പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത്. 100 വർഷം വരെ ആയുസ്സുണ്ടെന്നൊക്കെ വാഗ്ദാനം നൽകി കൊടുക്കുന്ന ഈ ഉരഗം ഏതാനും ദിവസങ്ങൾക്കുശേഷം പലപ്പോഴും ചത്തുപോകാറുണ്ട്. പരാതിപ്പെടാൻ പറ്റാത്തതിനാൽ ഇതൊന്നുമറിയാതെ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി നിരവധിപ്പേർ എത്താറുണ്ട്.
English Summary: Sand boa caught