ഓമനിച്ചു വളർത്തിയ കങ്കാരുവിന്റെ ആക്രമണത്തിൽ ഉടമസ്ഥന് ദാരുണാന്ത്യം; 86 വർഷത്തിനിടെ ഇതാദ്യ സംഭവം
Mail This Article
ഏറെ ഓമനിച്ചു വളർത്തിയ കങ്കാരുവിന്റെ അതിക്രൂരമായ ആക്രമണത്തെ തുടർന്ന് 77 കാരന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ആൽബനിയിലാണ് സംഭവം. അൽപാക്ക ഫാം നടത്തിയിരുന്ന പീറ്റർ ഈഡ്സ് എന്ന വ്യക്തിയാണ് മരിച്ചത്. 86 വർഷങ്ങൾക്കിടെ ഇത് ആദ്യമായാണ് ഓസ്ട്രേലിയയിൽ കങ്കാരുവിന്റെ ആക്രമണത്തെ തുടർന്ന് ഒരാൾ മരണപ്പെടുന്നത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ പീറ്ററിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അദ്ദേഹത്തെ മരിച്ച നിലയിൽ ബന്ധുക്കളിൽ ഒരാൾ കണ്ടെത്തുകയായിരുന്നു. ആക്രമണത്തിൽ പീറ്ററിന്റെ ശരീരത്തിൽ സാരമായ മുറിവുകളും ഉണ്ടായിരുന്നു. മൂന്ന് വയസ്സ് പ്രായമുള്ള കങ്കാരുവാണ് പീറ്ററിനെ ആക്രമിച്ചത്. തീരെ ചെറിയ പ്രായത്തിൽ കൊണ്ടുവന്ന കങ്കാരുവിനെ ഏറെ സ്നേഹിച്ചാണ് അദ്ദേഹം വളർത്തിയിരുന്നതെന്ന് അടുപ്പമുള്ളവർ പറയുന്നു. കങ്കാരു പ്രകോപിതനാവാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
സംഭവത്തെ തുടർന്ന് കങ്കാരുവിനെ വരുതിയിലാക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും അത് ആക്രമണകാരിയായിരുന്നതിനാൽ പൊലീസിന്റെ സഹായം തേടേണ്ടി വന്നു. പീറ്ററിന് വൈദ്യസഹായം നൽകാൻ ശ്രമിച്ച സംഘത്തെപോലും സമീപത്തേക്കെത്താൻ അനുവദിക്കാത്ത നിലയിൽ തുടരുകയായിരുന്നു കങ്കാരു. മറ്റു നിവൃത്തിയില്ലാതെ വന്നതോടെ ഒടുവിൽ പോലീസ് സംഘമെത്തി അതിനെ വെടിവച്ചുവീഴ്ത്തി. എന്നാൽ അപ്പോഴേക്കും പീറ്ററിന്റെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിനുണ്ടായ മുറിവുകൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
1997ലാണ് പീറ്റർ അൽപാക്ക ഫാം ആരംഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ജീവികളിൽ ഒന്നാണ് അൽപാക്ക എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അടുപ്പക്കാർക്കിടയിൽ പ്രശസ്തമായിരുന്നു. താൻ വളർത്തിയ ക്ലോഡിയ എന്ന അൽപാക്കയോട് പീറ്റർ ഏറെ സ്നേഹം കാത്തുസൂക്ഷിച്ചിരുന്നു. 2002 ൽ ക്ലോഡിയ മരണപ്പെട്ടതോടെ അൽപാക്കകൾക്കായി ഒരു സെമിത്തേരിയും അദ്ദേഹം ആരംഭിച്ചു.
അതുകൊണ്ടും തീർന്നില്ല. ക്ലോഡിയയുടെ ജഡം അടക്കിയതിന് സമീപത്തായി മറ്റൊരു കുഴിമാടവും അദ്ദേഹം തയാറാക്കി. താൻ മരിക്കുന്ന സമയത്ത് ക്ലോഡിയയ്ക്കരികിൽ അന്ത്യവിശ്രമം കൊള്ളണം എന്നതായിരുന്നു പീറ്ററിന്റെ ആഗ്രഹം. മൃഗങ്ങളെ ഏറെ സ്നേഹിച്ചിരുന്ന പീറ്ററിന് അവയുടെ ആക്രമണത്തിൽ തന്നെ മരണം സംഭവിച്ചതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
1936 ലാണ് ഓസ്ട്രേലിയയിൽ അവസാനമായി ഒരാൾ കങ്കാരുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. വേട്ടക്കാരനായിരുന്ന വില്ല്യം ക്രുയ്ക്ഷാങ്ക് എന്ന വ്യക്തിയാണ്
അന്നു കൊല്ലപ്പെട്ടത്. തന്റെ രണ്ടു വളർത്തു നായകൾ ഒരു കങ്കാരുവിനോട് ഏറ്റുമുട്ടുന്നതുകണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് പരുക്കേൽക്കുകയായിരുന്നു. തലയ്ക്ക് കാര്യമായ ക്ഷതമേൽക്കുകയും താടിയെല്ല് പൊട്ടുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.
English Summary: Farmer, 77, beaten to death by kangaroo had raised it since it was a joey