ADVERTISEMENT

റോഡിനു നടുവിൽ കണ്ടത് 15 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ. ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാര്‍ക്കിലാണ് സംഭവം. പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ സംഘമാണ് റോഡിനു നടുവിൽ കിടക്കുന്ന പാമ്പിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. കിംബെർലി ക്ലെർക്ക് ആണ് വാഹനത്തിനു പുറത്തിറങ്ങി റോഡിൽ കിടന്നിരുന്ന കൂറ്റൻ പെരുമ്പാമ്പിന്റെ ദൃശ്യം പകർത്തിയത്. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ പെരുമ്പാമ്പ് ഉടൻതന്നെ ഇഴഞ്ഞ് സമീപക്കുള്ള കാടിനുള്ളിലേക്ക് മറഞ്ഞു. അധിനിവേശ ജീവിയായ ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പായിരുന്നു ഇത്. ഉടൻ തന്നെ ഇവർ പാമ്പിനെ കണ്ട സ്ഥലവും മറ്റു വിവരങ്ങളും ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ വിഭാഗത്തെ അറിയിച്ചു. ബർമീസ് പെരുമ്പാമ്പുകൾ പെരുകിയതിനാൽ ഓരോ വർഷവും ഇവയുടെ എണ്ണം നിയന്ത്രിക്കാനായി ഹണ്ടിങ് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2022ൽ മാത്രം 230 പെരുമ്പാമ്പുകളെയാണ് ഹണ്ടിങ് വഴി വഴി നീക്കം ചെയ്തത്.

 

അധിനിവേശ ജീവികളായ ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകിയതോടെ പ്രാദേശിക ജീവികൾക്ക് ഇവ കടുത്ത ഭീഷണിയായി .ഇതോടെയാണ് ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടാൻ അനുമതി നൽകാൻ ഫ്ലോറിഡയിലെ വന്യജീവി വിഭാഗം നിർബന്ധിതരായത്. ഫ്ലോറിഡയിൽ വർഷം തോറും പൈതൺ ഹണ്ടിങ് പ്രോഗ്രാം നടത്താറുണ്ട്. .ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്. എന്നാൽ ഫ്ലോറിഡയിൽ ഇതാദ്യമായാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ജനുവരി മുതൽ ഏപ്രിൽവരെയാണ് ബർമീസ് പെരുമ്പാമ്പുകളുടെ പ്രജനന കാലം. ആൺ പെരുമ്പാമ്പുകളുടെ ശരീരത്തിൽ ഘടിപ്പിച്ചു വിട്ടിരിക്കുന്ന ടാഗും റേഡിയോ ട്രാൻസ്മിറ്ററുകളാണ് പെൺ പെരുമ്പാമ്പുകളെ കണ്ടെത്താൻ ഗവേഷകരെ സഹായിക്കുന്നത്.

 

എഫ്ഡബ്ല്യുസി സംഘം അധിനിവേശ പെരുമ്പാമ്പുകളെ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്. ഗവേഷണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും എങ്ങനെയാണിവ വനത്തിൽ കഴിയുന്നതെന്ന് വ്യക്തമായ പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ബർമീസ് പെരുമ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാൻ നിരവധി പരിപാടികൾ ഇവർ ആസൂത്രണം ചെയ്തിരുന്നു. ഇതിൽ ആദ്യത്തേത് ബിഗ് സൈപ്രസ് ഉൾപ്പെടെയുള്ള മേഖലകളിലെ സ്വകാര്യ വ്യക്തികളുടെ  സ്ഥലങ്ങളിൽ കാണപ്പെടുന്ന പെരുമ്പാമ്പുകളെ കൊല്ലാനുള്ള അനുവാദം വ്യക്തികൾക്കു നൽകുകയായിരുന്നു. പിന്നീട് ഹണ്ടിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസരത്തെവിടെയെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്തിയാൽ സ്ഥലം ഉൾപ്പെടെ വിവരങ്ങൾ കൈമാറനും നിർദേശം നൽകി. മത്സരങ്ങൾ സംഘടിപ്പിച്ച് പാമ്പിനെ കൊല്ലുന്നവർക്ക് പാരിതോഷികങ്ങൾ കൈമാറാനും മറന്നില്ല. ഇതെല്ലാം പാമ്പുകളുടെ എണ്ണം കുറയ്ക്കാൻ സഹായകരമായിട്ടുണ്ട്.

 

1980 ലാണ് എവർഗ്ലേഡിൽ ആദ്യമായി ബർമീസ് പൈതണെ കണ്ടെത്തിയത്. വളർത്താനായി കൊണ്ടുവന്ന പെരുമ്പാമ്പുകളെ ഉടമസ്ഥർ ആരുമറിയാതെ വനത്തിലുപേക്ഷിച്ചതാണ് ഇവ വനത്തിലെത്താൻ കാരണം. 1992 ആയപ്പോഴേക്കും ഇവ ക്രമാതീതമായി പെറ്റുപെരുകിയിരുന്നു. പ്രാദേശികമായി കാണപ്പെട്ടിരുന്ന ചെറു ജീവികളികളെയെല്ലാം കൊന്നൊടുക്കിയായിരുന്നു ഇവയുടെ മുന്നേറ്റം. 1997 നടത്തിയ പഠനങ്ങളനുസരിച്ച് പ്രാദേശിക ജീവിയായ റക്കൂണുകളുടെ എണ്ണം 99.3 ശതമാനമായി കുറഞ്ഞിരുന്നു. ഒപ്പോസത്തിന്റെ അംഗസംഖ്യയും 98.9 ശതമാനമായി. ബോബ് ക്യാറ്റുകളുടെ എണ്ണത്തിലും കുത്തനെ കുറവുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കി. മാർഷ്, കോട്ടൺ ടെയ്ൽ, കുറുക്കൻമാർ തുടങ്ങി പല ജീവികളെയും പ്രദേശത്തു നിന്നും തുടച്ചുമാറ്റിയായിരുന്നു ബർമീസ് പെരുമ്പാമ്പുകളുടെ ജൈത്രയാത്ര.

 

English Summary: 15-Foot Burmese Python Caught on Camera Crossing Road in Everglades National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com