ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് സ്ട്രോക്ക് ഉണ്ടാക്കുമോ? | Fact Check
Mail This Article
വേനൽക്കാലമാകുമ്പോൾ ചൂടിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും തണുപ്പ് നിലനിർത്താനുള്ള നുറുങ്ങുകൾ നൽകുകയും ചെയ്യുന്ന ധാരാളം വൈറൽ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ആ സന്ദേശങ്ങൾക്ക് പിന്നിലെ സത്യമെന്താണ്? ചൂട് കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുകയും സ്ട്രോക്കിന് കാരണമാവുകയും ചെയ്യുമെന്ന് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവകാശപ്പെടുന്നു. വസ്തുത പരിശോധിക്കുന്നു.
അന്വേഷണം
40 മുതൽ 50 ഡിഗ്രി സെൽഷ്യസിനുമിടയിൽ താപനില. എപ്പോഴും സാവധാനം റൂം ടെംപറേചർ വെള്ളം കുടിക്കുക. തണുത്ത വെള്ളമോ ഐസ് വെള്ളമോ കുടിക്കുന്നത് ഒഴിവാക്കുക! ഒരു കുറിപ്പോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്, “ചൂടുള്ള മാസങ്ങളിൽ അല്ലെങ്കിൽ നിങ്ങൾ വളരെ ക്ഷീണിതനാണെങ്കിൽ, ഉടൻ തന്നെ വളരെ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് സിരകളോ രക്തക്കുഴലുകളോ ഇടുങ്ങിയതാക്കും, ഇത് സ്ട്രോക്കിലേക്ക് നയിച്ചേക്കാം. ദയവായി ഈ മുന്നറിയിപ്പ് മറ്റുള്ളവരിലേക്കും പ്രചരിപ്പിക്കുക!” ഇത്തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ.
പോസ്റ്റിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കീവേഡുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമെന്ന ഒരു പൊതു വിശ്വാസമുണ്ട്, എന്നാൽ ഇത് യഥാർത്ഥത്തിൽ ഒരു മിഥ്യയാണ്. ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് അഭികാമ്യമല്ല; എന്നിരുന്നാലും, ഇത് സ്ട്രോക്കിന് കാരണമാകുമെന്ന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്ന വിവരമാണ് ലഭിച്ചത്
സ്ട്രോക്കിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ മസ്തിഷ്കത്തിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോൾ, ഓക്സിജന്റെയും പോഷകങ്ങളുടെയും അഭാവം മൂലം മസ്തിഷ്കകോശങ്ങൾ നശിക്കുന്നതിനു കാരണമാകുന്ന ഒരു മെഡിക്കൽ സാഹചര്യമാണ് സ്ട്രോക്ക്. ഇത് രണ്ട് തരത്തിലാണുള്ളത്. ഇസ്കെമിക്, ഹെമറാജിക്. ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ഘടകങ്ങൾ മൂലമാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്.
വിഷയത്തെക്കുറിച്ച് കൂടുതൽ ആധികാരികമായി അറിയാൻ കൊട്ടിയം ഹോളി ക്രോസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ അടിയന്തര ചികില്‍സാ വിഭാഗം വിദഗ്ധൻ ഡോ. ആതുര ദാസിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചൂടുള്ള ചുറ്റുപാടിൽ നിന്നും വന്നതിനു ശേഷം തണുത്ത വെള്ളം കുടിക്കുന്നതും ഹൃദയാഘാതവും സ്ട്രോക്കും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ് വ്യക്തമാക്കിയത്. വ്യത്യസ്ത ഊഷ്മാവിൽ നിന്നുള്ള സംരക്ഷണത്തിന് ശരീരത്തിന് പ്രകൃതിദത്തമായ സംവിധാനങ്ങളുണ്ട്, എന്നാൽ ചൂട് അന്തരീക്ഷത്തിൽ നിന്ന് വരുന്നതാണെങ്കിൽ തണുത്ത വെള്ളമുൾപ്പെടെയുള്ളവ കുടിക്കുന്നതിന് മുമ്പ് ആദ്യം വിശ്രമിക്കുന്നതാണ് നല്ലത്. ഡോക്ടർ പറയുന്നു. ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് വയറിലെ രക്തക്കുഴലുകളുടെ പെട്ടെന്നുള്ള സങ്കോചം മൂലം തലവേദന അല്ലെങ്കിൽ വയറുവേദന പോലുള്ള അസ്വസ്ഥതകൾക്ക് കാരണമായോക്കാം. എന്നിരുന്നാലും, ഇത് സ്ട്രോക്കുമായി ബന്ധപ്പെട്ടതല്ല.
ചൂട്, ക്ഷീണം എന്നിവ തടയാൻ ചൂടുള്ള ചുറ്റുപാടുകളിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ചൂടിൽ നിന്ന് പതിവായി ഇടവേളകൾ എടുക്കുന്നതും തണലുള്ള സ്ഥലങ്ങളിൽ തങ്ങുന്നതും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ തടയാൻ സഹായിക്കും. തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം അല്ലെങ്കിൽ വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടണം. ചൂടിനെ പ്രതിരോധിക്കാൻ ജലത്തിൻറെ ആവശ്യകതയെക്കുറിച്ച് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന മാർഗനിർദ്ദേശങ്ങൾ കാണാം.
വസ്തുത
പ്രചരിക്കുന്ന പോസ്റ്റ് യഥാർത്ഥത്തിൽ മിഥ്യയാണ്. ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് സ്ട്രോക്കിന് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.