നായർ സമുദായത്തിനെതിരെ വെള്ളാപ്പള്ളി ജാതീയ പരാമർശം നടത്തിയോ? വാസ്തവമിതാണ് | Fact Check
Mail This Article
നായർ സമുദായത്തിനെതിരായി വെള്ളാപ്പള്ളി നടേശൻ വിവാദ പരാമർശം നടത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് കാണാം
∙ അന്വേഷണം
22 അംഗ കേരള കാബിനറ്റിൽ 10 പേരും നായന്മാർ, 20 ലോക്‌സഭാ എംപിമാരിൽ 7 പേരും നായന്മാർ. ജനസംഖ്യയുടെ 11% മാത്രം വരുന്ന നായന്മാർക്ക് കേരളത്തെ തീറെഴുതിക്കൊടുത്തോ? - വെള്ളാപ്പള്ളി'' എന്നാണ് കാർഡിലെ പ്രസ്താവന.
നായർ സമുദായക്കാരെക്കുറിച്ച് പറയുമ്പോള്‍ കണക്കു പറയുന്ന വെള്ളാപ്പള്ളി ക്യാബിനെറ്റിലെയും എംപിമാരിലെയും മുസ്‌ലിംകളെക്കുറിച്ച് പറയുന്നില്ലെന്ന ആരോപണത്തിനൊപ്പ മാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.17.06.2024 എന്ന തീയതിയും മാതൃഭൂമിയുടെ ലോഗോയും വൈറല്‍ ന്യൂസ് കാര്‍ഡില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ കീവേഡ് പരിശോധനയിൽ വെള്ളാപ്പള്ളി ഇത്തരമൊരു പരാമർശം നടത്തിയതായുള്ള റിപ്പോർട്ടുകൾ എവിടെയും ലഭ്യമായില്ല. കാർഡിന്റെ റിവേഴ്സ് ഇമേജ് തിരയലിലും, വൈറൽ കാർഡിലെ പരാമർശമടങ്ങിയ ന്യൂസ് കാർഡുകളൊന്നും ലഭിച്ചില്ല. വെള്ളാപ്പള്ളി അടുത്തിടെ നായര്‍ വിഭാഗത്തിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടുകൾ ലഭിച്ചില്ല.
തുടര്‍ന്ന് ഞങ്ങള്‍ മാതൃഭൂമി ന്യൂസിന്റെ സമൂഹമാധ്യമ പേജ് പരിശോധിച്ചെങ്കിലും ജൂണ്‍ 17ന് സമാന കാര്‍ഡ് എവിടെയും പങ്കുവച്ചതായി കണ്ടെത്താനായില്ല. എന്നാൽ അതേ ദിവസം ഇതേ പശ്ചാത്തലത്തിലുള്ള മറ്റൊരു കാര്‍ഡ് മാതൃഭൂമി നല്‍കിയത് ശ്രദ്ധയിൽപ്പെട്ടു. ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാര്‍- വെള്ളാപ്പള്ളി എന്നാണ് ഈ കാര്‍ഡില്‍ നൽകിയിട്ടുള്ളത്. ഈ കാർഡിൽ മാറ്റം വരുത്തിയാണ് വൈറല്‍ വാര്‍ത്താ കാര്‍ഡ് നിര്‍മിച്ചിട്ടുള്ളതെന്ന് വ്യക്തമായി.
കാർഡിലെ വാർത്തയുടെ ലിങ്ക് പരിശോധിച്ചപ്പോൾ എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദത്തിലെ മുഖപ്രസംഗത്തിൽ വന്ന വെള്ളാപ്പള്ളിയുടെ പരാമർശം സംബന്ധിച്ച വാർത്തയാണിതെന്ന് വ്യക്തമായി. ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും തലകുനിക്കില്ലെന്നും എസ്.എൻ.ഡി.പി. യോഗം വെള്ളാപ്പള്ളി നടേശൻ പറഞ്ഞതായാണ് വാർത്തയിലുള്ളത്.
മാധ്യമത്തിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് സംഭവത്തിന്റെ വിശദീകരണവുമായി രംഗത്തെത്തിയ മാതൃഭൂമി ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വെള്ളാപ്പള്ളി നടേശന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്തുത
നായർ സമുദായത്തെ അധിക്ഷേപിച്ചെന്ന തരത്തിൽ വെള്ളാപ്പള്ളിയുടെ പേരിൽ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണ്.
English Summary :The news card circulating in the name of Vellapally is fake as it insults the Nair community