വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് കെഎസ്ഇബി ജീവനക്കാർക്ക് മർദ്ദനമോ? | Fact Check
Mail This Article
കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇപ്പോഴിതാ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് കെഎസ്ഇബി ലൈൻമാന്മാരെ ഗൃഹനാഥൻ മർദ്ദിക്കുന്നു എന്ന രീതിയിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോയ്ക്ക് വൈദ്യുതി നിരക്ക് വർധനയുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത് 2024 സെപ്റ്റംബറിൽ നടന്ന സംഭവമാണ്. വാസ്തവമറിയാം
∙ അന്വേഷണം
"കറന്റ് ചാർജ്ജ് കൂട്ടിയ പിണറായിക്ക് കിട്ടേണ്ടത്, പാവം ലൈൻമാൻമാർക്ക് കിട്ടി" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം
വൈറൽ വിഡിയോയിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ വിഡിയോയുമായി ബന്ധപ്പെട്ട വാർത്തകൾ ലഭ്യമായി. 2024 സെപ്റ്റംബർ 10ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയിൽ ബിൽ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെയാണ് വീട്ടുടമസ്ഥൻ മർദ്ദിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. എറണാകുളം പനങ്ങാടാണ് സംഭവം നടന്നതെന്നും ലൈൻമാന്മാരെ മർദ്ദിച്ച ജെനിയെന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറൽ വിഡിയോയിൽ മർദ്ദനം നടത്തുന്നയാളുടെ ചിത്രവും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 10ന് ഉച്ചയ്ക്ക് 12.30നാണ് വിഡിയോയിൽ കാണുന്ന സംഭവം നടന്നതെന്ന് ന്യൂസ് 18 മലയാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൈൻമാൻ കുഞ്ഞിക്കുട്ടൻ, രോഹിത് എന്നിവർക്കാണ് മർദ്ദനമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു. ബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കാൻ എത്തിയതായിരുന്നു ജീവനക്കാരെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. .
പനങ്ങാട് കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട വാർത്ത ജനം ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്നത് സംഭവത്തിന്റെ മറ്റൊരു ആംഗിളിൽ നിന്നുള്ള ദൃശ്യമാണ്. 'ബിൽ അടച്ചില്ല, വൈദ്യുതി വിച്ഛേദിക്കാനെത്തിയ KSEB ജീവനക്കാർക്ക് മർദനം' എന്ന തലക്കെട്ടോടെ ജനം ടിവി യൂട്യൂബിൽ പങ്കുവച്ച വാർത്താ വിഡിയോ കാണാം.
കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്തകളും ഞങ്ങൾ പരിശോധിച്ചു. 'സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ' എന്ന തലക്കെട്ടോടെ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ ഡിസംബർ 5 മുതലാണ് പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
യൂണിറ്റിന് 16 പൈസയാണ് ഡിസംബർ 5 മുതൽ വർധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ മറ്റ് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈറൽ വിഡിയോയിൽ കാണുന്ന സംഭവം നടന്നത് 2024 സെപ്റ്റംബർ 10നാണ്. കേരളത്തിലെ വൈദ്യുതി നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നത് 2024 ഡിസംബർ 5നാണ്.
ലഭ്യമായ വിവരങ്ങളിൽ നിന്നും കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിന് വൈദ്യുതി നിരക്ക് വർധനയുമായി ബന്ധമില്ലെന്ന് വ്യക്തമായി.
∙ വാസ്തവം
വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് കെഎസ്ഇബി ജീവനക്കാർക്ക് മർദ്ദനം എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2024 സെപ്റ്റംബർ 10ന് ബിൽ അടയ്ക്കാത്ത വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരെ വീട്ടുടമസ്ഥൻ മർദ്ദിക്കുന്ന ദൃശ്യമാണിത്. ഈ സംഭവത്തിന് 2024 ഡിസംബർ 5ന് പ്രാബല്യത്തിൽ വന്ന വൈദ്യുതി നിരക്ക് വർധനവുമായി ബന്ധമില്ല.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary: The video circulating with the caption KSEB employees beaten up for increasing electricity rates is misleading