ഏപ്രിൽ മുതൽ വാഹന ഇൻഷുറൻസ് ചെലവേറും

പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ കാർ, മോട്ടോർ സൈക്കിൾ, ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കു ചെലവേറും. ഏജന്റുമാർക്കുള്ള കമ്മിഷൻ പരിഷ്കരിക്കാൻ ഇൻഷുറൻസ് റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ഐ ആർ ഡി എ ഐ) അനുമതി നൽകിയതോടെയാണിത്. അതേസമയം നിലവിലുള്ള പ്രീമിയം നിരക്കുകളിൽ നിന്ന് അഞ്ചു ശതമാനം അധികമോ കുറവോ ആയിരിക്കണം പുതിയ നിരക്കെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

ഇതിനു പുറമെ വാഹനങ്ങളുടെ തേഡ് പാർട്ടി(ലയബലിറ്റി ഒൺലി) മോട്ടോർ വാഹന ഇൻഷുറൻസ് പോളിസികൾക്കുള്ള നിരക്ക് വർധനയും ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലെത്തുകയാണ്.ഏജന്റുമാരുടെ പ്രതിഫലം പരിഷ്കരിക്കുന്ന ഐആർഡിഎഐ(പേയ്മെന്റ് ഓഫ് കമ്മിഷൻ ഓർ റമ്യൂണറേഷൻ ഓർ റിവാർഡ് ടു ഇൻഷുറൻസ് ഏജന്റ്സ് ആൻഡ് ഇൻഷുറൻസ് ഇന്റർമീഡിയറീസ്) റഗുലേഷൻസ്, 2016 ആണ് ശനിയാഴ്ച പ്രാബല്യത്തിലെത്തുന്നത്. കമ്മിഷൻ, പ്രതിഫല നിരക്കുകളിൽ മാറ്റം വരുത്തുന്നതിനൊപ്പം പുതിയ റിവാർഡ് സമ്പ്രദായവും ഇതൊടൊപ്പം നിലവിൽ വരുമെന്ന് ഐ ആർ ഡി എ ഐ അറിയിച്ചു. ഏജന്റുമാരുടെ കമ്മിഷൻ നിരക്ക് ഉയരുന്നതോടെ സ്വാഭാവികമായും ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം നിരക്കുകൾ ഉയരുമെന്നും അതോറിട്ടി വ്യക്തമാക്കി.