ഇന്ത്യയിൽ ലിതിയം അയോൺ ബാറ്ററി പായ്ക്കുകൾ നിർമിക്കാൻ ജപ്പാനിൽ നിന്നുള്ള സുസുക്കി മോട്ടോർ കോർപറേഷനും തോഷിബ കോർപറേഷനും ഡെൻസൊ കോർപറേഷനും കൈകോർക്കുന്നു. വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള ലിതിയം അയോൺ ബാറ്ററി പായ്ക്കുകളുടെ നിർമാണത്തിനായി സംയുക്ത സംരംഭം സ്ഥാപിക്കാനുള്ള അടിസ്ഥാന കരാറിൽ മൂന്നു കമ്പനികളും ഒപ്പുവച്ചതായും സുസുക്കി അറിയിച്ചു.
സംയുക്ത സംരംഭത്തിന്റെ പ്രാരംഭ മൂലധന ചെലവായി 2,000 കോടി യെൻ(ഏകദേശം 1,200 കോടി രൂപ) ആണു കണക്കാക്കുന്നത്. 200 കോടി യെൻ മൂലധനമുള്ള കമ്പനിയുടെ പകുതി ഓഹരികൾ സുസുക്കിക്കാവും; അവശേഷിക്കുന്ന ഓഹരിയിൽ 40% തോഷിബയ്ക്കും 10% ഡെൻസോയ്ക്കുമാണ്. സുസ്ഥിര വൈദ്യുത കാറുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണു ജാപ്പനീസ് പങ്കാളികൾ ലിതിയം അയോൺ ബാറ്ററി പായ്ക്ക് നിർമാണത്തിനൊരുങ്ങുന്നതെന്നും സുസുക്കി അവകാശപ്പെട്ടു. ഇക്കൊല്ലം തന്നെ കമ്പനി രൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കാനാണു പങ്കാളികളുടെ ലക്ഷ്യം.
വൈദ്യുത വാഹന നിർമാണ മേഖലയിൽ പ്രവേശിക്കാൻ ധാരാളം കമ്പനികൾ അവസരം പാർത്തിരിക്കെ ലിതിയം അയോൺ ബാറ്ററി പായ്ക്ക് ലഭ്യമാക്കാനുള്ള പുതിയ സംയുക്ത സംരംഭം ഏറെ ഗുണകരമാവുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യെ പോലുള്ള വാഹന നിർമാതാക്കളാവട്ടെ നിലവിലുള്ള മോഡലുകളുടെ വൈദ്യുത പതിപ്പുകൾ പുറത്തിറക്കാനുള്ള ഊർജിത ശ്രമങ്ങളാണു നടത്തുന്നത്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ(ഫെയിം ഇന്ത്യ) പോലുള്ള പദ്ധതികളിലൂടെ ഈ മേഖലയെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരും ഈർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്.
പോരെങ്കിൽ ലിതിയം അയോൺ ബാറ്ററി നിർമിക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കാൻ ഇന്ത്യൻ സ്പോസ് റിസർച് ഓർഗനൈസേഷ(ഐ എസ് ആർ ഒ)നോടും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ സ്വകാര്യ മേഖലയിൽ നിന്നുള്ള കമ്പനികൾക്കടക്കം ഈ സാങ്കേതികവിദ്യ ലഭ്യമാക്കാനാണു സർക്കാരിന്റെ നീക്കം. സാങ്കേതികവിദ്യാ കൈമാറ്റം സുഗമമാക്കാനുള്ള നടപടിക്രമങ്ങൾ വൈകാതെ ഐ എസ് ആർ ഒ തയാറാക്കുമെന്നാണു സൂചന.
ഐ എസ് ആർ ഒയുടെ കീഴിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ(വി എസ് എസ് സി) ആണ് വാഹനങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന ശേഷിയേറിയ ബാറ്ററികൾക്കുള്ള സാങ്കേതികവിദ്യ ആഭ്യന്തരമായി വികസിപ്പിച്ചത്. ഇത്തരത്തിൽ നിർമിച്ച ബാറ്ററികൾ ഉപയോഗിച്ചു വിവിധ വാഹനങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരവുമായിരുന്നു. തുടർന്ന് പൊതുമേഖല സംരംഭങ്ങളും വാഹന നിർമാതാക്കളും ബാറ്ററി നിർമാതാക്കളുമൊക്കെയായി വിവിധ കമ്പനികൾ ഈ സാങ്കേതികവിദ്യയ്ക്കായി ഐ എസ് ആർ ഒയെ സമീപിച്ചിട്ടുമുണ്ട്.