ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയെ സ്കോട്‌ലാൻഡ് യാർഡ് അറസ്റ്റ് ചെയ്തതോടെയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്, കിങ് ഓഫ് ഗുഡ് ടൈംസ് വിജയ് മല്യയുടെ ആഡംബര ജീവിതത്തിന് മുതൽ കൂട്ടായിരുന്നത് 400 കോടിയുടെ പ്രൈവറ്റ് ജെറ്റും കോടിക്കണക്കിന് രൂപയുടെ കാർശേഖരവുമായിരുന്നു. അതിൽ ചിലത് കോടതി കണ്ടുകെട്ടിയിരുന്നു. ആഡംബര വിമാനം നാലു തവണ ലേലത്തിൽ വച്ചെങ്കിൽ ഇതുവരെ അതുസ്വന്തമാക്കാൻ ആരും വന്നിട്ടില്ല. ആഘോഷങ്ങളും മറ്റ് വിനോദങ്ങളും കഴിഞ്ഞാൽ മല്യയ്ക്ക് ഇഷ്ടം കാറുകളായിരുന്നു. മല്യ കളക്ഷൻസ് എന്ന പേരിൽ വിന്റേജ് കാർ പ്രദർശന ശാലയിൽ നിരവധി റെയർ വിന്റേജ് കാറുകളാണുള്ളത്. ഇന്ത്യയിലുണ്ടായിരുന്ന കാറുകളിൽ പലതും ബാങ്കുകൾ ജപ്തി ചെയ്തു. ലംബോഗ്‍നി, റോൾസ് റോയ്സ്, ബെന്റിലി, ഫെരാരി തുടങ്ങി നിരവധി വാഹനങ്ങൾ മല്യയ്ക്ക് സ്വന്തമായുണ്ട്. മല്യയ്ക്കുണ്ടായിരുന്ന ആഡംബര ശേഖരങ്ങളിൽ ചിലത്.
എയർബസ് എ 319
കിങ്ഫിഷർ മുൻ മേധാവി വിജയ് മല്യയുടെ 535 കോടി രൂപയുടെ കുടിശിക തിരിച്ചുപിടിക്കാൻ മല്യയുടെ സ്വകാര്യ ആഡംബര ജെറ്റ് സേവനനികുതി വിഭാഗം കണ്ടുകെട്ടിയത്. ഏകദേശം 130 മുതൽ 140 വരെ പേർക്ക് സഞ്ചരിക്കാവുന്ന എയർബസ് എ 319 ന്റെ ലക്ഷ്വറി പതിപ്പാണ് എസിജെ 319 (വിജെഎം 319). 25 യാത്രക്കാർക്കും 6 വിമാന ജോലിക്കാർക്കും സഞ്ചരിക്കാൻ സാധിക്കുന്ന ജെറ്റിൽ അത്യാഡംബര സൗകര്യങ്ങളുണ്ട്.
2006 ൽ വിജയ് മല്യ ഏകദേശം 400 കോടിരൂപ മുടക്കിയാണ് പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നത്. കോൺഫറൻസ് റൂം, ലിവിങ് റൂം, ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഈ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചെലവുകൾക്കായി മല്യ ഓരോ വർഷവും മുടക്കിയിരുന്നത്. 2001 എപ്രിൽ മുതൽ 2012 സെപ്റ്റംബർ വരെ ഏകദേശം 812 കോടിരൂപ സർവീസ് ടാക്സ് അടയ്ക്കാത്തതിനായായിരുന്നു മല്യയുടെ പ്രൈവറ്റ് ജെറ്റ് അടക്കമുള്ള വിമാനങ്ങൾ സർക്കാർ കണ്ടുകെട്ടിയത്. നേരത്തെ മല്യയുടെ 11 സീറ്റർ പ്രൈവറ്റ് ജെറ്റ് സർക്കാർ വിറ്റിരുന്നു.
റോൾസ് റോയ്സ് സിൽവ്വർ ഗോസ്റ്റ്
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ റോൾസ് റോയ്സിന്റെ ഏറ്റവും പ്രശസ്തമായ വാഹനങ്ങളിലൊന്നാണ് സിൽവ്വർ ഗോസ്റ്റ്. സിൽവ്വർ ഗോസ്റ്റിന്റെ 1913 മോഡലാണ് മല്യയുടെ കളക്ഷനിലുണ്ടായിരുന്നത്. 1906 മുതൽ 1926 വരെ പുറത്തിറങ്ങിയിട്ടുള്ള സിൽവ്വർ ഗോസ്റ്റിന്റെ 7874 യൂണിറ്റുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂ.
ഫോഡ് മോഡൽ എ 1929
അമേരിക്കൻ വാഹനനിർമാതാക്കളായ ഫോഡിന്റെ പ്രശസ്തമായ കാറാണ് മോഡൽ എ. ഗ്രേറ്റ് അമേരിക്കൻ റേസ് മത്സരത്തിൽ പ്രശസ്ത റേസർ ടോംമെകെയ്ൻ ഉപയോഗിച്ച കാറാണ് വിജയ് മല്യ സ്വന്തമാക്കുന്നത്. 1991-ലാണ് കാർ മല്യ കളക്ഷന്റെ ഭാഗമാകുന്നത്. 3.3. ലിറ്റർ നാല് സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 40 ബിഎച്ച്പി കരുത്തുണ്ട്.
എൻസൈൻ ഫോർമുല 1
1977 ൽ എഫ് വൺ ഡ്രൈവർ പാട്രിക്ക് ടോംബോയ്ക്ക് വേണ്ടി നിർമിച്ച റേസ് കാറാണിത്. തുടർന്ന് തൊട്ടടുത്ത സീസണിൽ ഡ്രൈവർമാർക്ക് വാടകയ്ക്ക് നൽകിയ കാർ 1980 ലാണ് മല്യ സ്വന്തമാക്കിയത്. തുടർന്ന് ഇന്ത്യൻ ജിപിയിൽ ഈ കാർ ഉപയോഗിച്ച് മല്യ മത്സരിക്കുകയും ചെയ്തു.
സൺബീം ടൈഗർ
1926 ൽ ലോകത്തിലെ ഏറ്റവും വേഗതയുള്ള കാർ എന്ന റെക്കോർഡ് സ്വന്തമാക്കിയ സൺബീം ടൈഗർ എന്ന കാറും വിജയ് മല്യയുടെ ശേഖരത്തിലെ താരമായിരുന്നു. 1926 ൽ 152.336 മൈൽ (245.161 കിലോമീറ്റർ) വേഗതയായിരുന്ന കാർ കൈവരിച്ചത്.
ഇവകൂടാതെ ഫെരാരി, മെക്‌ലാരൻ, റോൾസ് റോയസ്, ജാഗ്വര്‍ തുടങ്ങി കോടിക്കണക്കിന് രൂപ വില വരുന്ന നിരവധി കാറുകൾ മല്യയുടെ ശേഖരത്തിലുണ്ട്.