പുതിയ വാഹനം വാങ്ങാൻ കാത്തിരിക്കുന്നവർ ആശങ്കയിലാണ്. ജിഎസ്ടി ജൂലൈ മുതൽ നടപ്പിലാക്കുമെന്നാണല്ലോ പറയുന്നത്. ജിഎസ്ടി വരുമ്പോൾ കാറിനും സ്കൂട്ടറിനും വില കുറയുമോ? വില കുറയും എന്നാണ് നേരത്തെ കണക്കാകിയിരുന്നതെങ്കിലും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ജിഎസ്ടി വാഹനങ്ങളുടെ വില കുറയ്ക്കില്ല എന്നാണ്. നികുതി നിരക്ക് കുറച്ചതുമൂലം മിക്കവാറും അത്യാവശ്യ സാധനങ്ങളുടെ വില കുറയുവാനാണു സാധ്യതയെങ്കിലും ചെറു കാറോ ഇരുചക്ര വാഹനങ്ങളോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ജിഎസ്ടി നിരക്ക് ആശാവഹമല്ല.
ഇരുക്ര വാഹനങ്ങൾക്കു വില കൂടും
ജിഎസ്ടിയിൽ ഇരുചക്ര വാഹനങ്ങൾക്ക് മറ്റു മോട്ടോർ വാഹനങ്ങൾക്കുള്ളതുപോലെ ഏറ്റവും കൂടിയ നിരക്കായ 28 ശതമാനം നികുതി നിരക്കാണ് നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ, 350 സിസി (എൻജിൻ ശക്തി) യിൽ കൂടുതലുള്ള മോട്ടോർ സൈക്കിളുകൾക്ക് നികുതിക്കു പുറമെ 3 ശതമാനം സെസ് കൂടി കൊടുക്കണം.
നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് എക്സൈസ് തീരുവ പന്ത്രണ്ടര ശതമാനവും കേന്ദ്ര – സംസ്ഥാന വിൽപന നികുതി (വാറ്റ്) പന്ത്രണ്ടര മുതൽ പതിനാലര ശതമാനം വരെയും ആണ്. ചുരുക്കത്തിൽ പരമാവധി നികുതി 25 മുതൽ 27 ശതമാനം വരെ മാത്രം. എന്നാൽ, ജിഎസ്ടിയിലെ കുറഞ്ഞ നിരക്ക് 28 ശതമാനവും 350 സിസിയിൽ കൂടിയ മോട്ടോർ സൈക്കിളുകൾക്ക് 3 ശതമാനം സെസ് ഉൾപ്പെടെ 31 ശതമാനം വരെയുമാണ് നികുതി നിരക്ക്. ഇതുമൂലം എല്ലാവിധ ഇരുചക്ര വാഹനങ്ങൾക്കും ജിഎസ്ടി വരുമ്പോൾ ഒന്നു മുതൽ മൂന്നു ശതമാനം വരെ വില വർധന ഉണ്ടാകാം. മുന്തിയ ഇനം മോട്ടോർ സൈക്കിളുകൾക്ക് നാലു മുതൽ ആറു ശതമാനം വരെ വില വർധന ഉണ്ടാകാം.
ചെറുകാറുകൾക്കു വില കൂടും
1200 സിസിയിൽ താഴെയുള്ള പെട്രോൾ എൻജിൻ അഥവാ 1500 സിസിയിൽ താഴെയുള്ള ഡീസൽ എൻജിനും നാലു മീറ്ററിൽ താഴെ നീളവുമുള്ള ചെറുകാറുകൾക്ക് നിലവിൽ പന്ത്രണ്ടര ശതമാനം എക്സൈസ് തീരുവയും സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി പന്ത്രണ്ടര മുതൽ പതിന്നാലര ശതമാനം വരെ വിൽപന നികുതിയുമാണ് ചുമത്തിയിരുന്നത്.
എന്നാൽ ജിഎസ്ടി വരുമ്പോൾ നാലു മീറ്റർ താഴെ നീളവും 1200 സിസിയിൽ താഴെ ശേഷിയുമുള്ള പെട്രോൾ കാറുകൾക്ക് 28 ശതമാനം നികുതിയും ഒരു ശതമാനം സെസുമാണ് നിർദേശിച്ചിരിക്കുന്നത്. നാലു മീറ്ററിൽ താഴെ നീളവും 1500 സിസിയിൽ താഴെ എൻജിനുമുള്ള ഡീസൽ കാറുകൾക്ക് സെസിന്റെ നിരക്ക് മൂന്നു ശതമാനമാണ്. ഇതുമൂലം ചെറു പെട്രോൾ കാറുകൾക്ക് രണ്ടു മുതൽ നാലു ശതമാനം വരെയും 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകൾക്ക് നാലു മുതൽ ആറു ശതമാനം വരെയും വില വർധന പ്രതീക്ഷിക്കാം.
ഇടത്തരം കാറുകളുടെ വിലയിൽ മാറ്റമില്ല
ചെറുകാറുകൾ ഒഴികെ മറ്റെല്ലാ കാറുകൾക്കും 28 ശതമാനം നികുതിയും 15 ശതമാനം സെസും ചേർത്ത് 43 ശതമാനമാണ് ജിഎസ്ടി നിരക്ക്. നിലവിൽ എക്സൈസ് തീരുവയും വിൽപന നികുതിയും അടിസ്ഥാന സൗകര്യ സെസ്സും ദേശീയ ദുരന്തനിവാരണ തീരുവയും മറ്റുമെല്ലാം ചേർത്ത് നികുതി നിരക്ക് 43 ശതമാനത്തോളം വരും. തൻമൂലം ഇടത്തരം കാറുകളുടെ വിലയിൽ വലിയ വലിയ വ്യതിയാനം പ്രതീക്ഷിക്കേണ്ടതില്ല.
ആഡംബര കാറുകളുടെ വില കുറയും
1500 സിസിയിൽ കൂടുതലുള്ള ആഡംബര കാറുകൾക്ക് നിലവിൽ 27 ശതമാനമാണ് എക്സൈസ് തീരുവ. ഇതിനു പുറമേ അടിസ്ഥാന സൗകര്യ സെസും ദേശീയ ദുരന്ത നിവാരണ തീരുവയും വിൽപന നികുതിയും ഒക്ട്രോയിയും മറ്റും ചേർത്ത് 25 മുതൽ 28 ശതമാനം വരെ നികുതി കൊടുക്കേണ്ടതുണ്ട്, ഇതെല്ലാം ചേർത്ത് 53 മുതൽ 55 ശതമാനം വരെയാണ് നിലവിലെ നികുതി.
എന്നാൽ മുൻപു സൂചിപ്പിച്ചതു പോലെ ചെറുകാറുകൾ ഒഴികെ ആഡംബര കാറുകളുൾപ്പെടെ എല്ലാ കാറുകൾക്കും ജിഎസ്ടി യും സെസും ഉൾപ്പെടെ നിരക്ക് 43 ശതമാനം ആണ്. ഇതുമൂലം ആഡംബര കാറുകളുടെ വിലയിൽ പത്തു മുതൽ 12 ശതമാനം വരെ വിലക്കുറവു പ്രതീക്ഷിക്കാം.